02:20pm 16 September 2026
NEWS
ക്രൈസ്തവ വോട്ടുകൾ: കേരള ബി.ജെ.പിയുടെ പ്രതീക്ഷ മങ്ങുന്നത് എന്തുകൊണ്ട് ?
30/08/2025  05:21 AM IST
ചെറുകര സണ്ണീലൂക്കോസ്
ക്രൈസ്തവ വോട്ടുകൾ: കേരള ബി.ജെ.പിയുടെ പ്രതീക്ഷ മങ്ങുന്നത് എന്തുകൊണ്ട് ?
HIGHLIGHTS

അമ്മവീട് തൃശൂർ കൊണ്ടയൂരിലാണ് എന്നതും, 2024 ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഡോ. ശശി തരൂരിനെതിരെ മത്സരിച്ചു എന്നതുമാണ് രാജീവ് ചന്ദ്രശേഖരന് ആകെയുള്ള കേരളബന്ധം. 

കേരളത്തിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് ഇക്കഴിഞ്ഞ ജൂലൈ 12 ന് പ്രഖ്യാപിച്ചത്, നരേന്ദ്രമോദി കഴിഞ്ഞാൽ ബി.ജെ.പിയുടെ രാജ്യത്തെ ഏറ്റവും പ്രധാന നേതാവും കിംഗ്‌മേക്കറുമായ അമിത്ഷായാണ്. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അമിത്ഷാ ഇങ്ങനെ അവകാശപ്പെട്ടത്. ഈ വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനത്തിന് മുകളിൽ വോട്ടുനേടുമെന്നും അദ്ദേഹം ഉറപ്പ് പ്രകടിപ്പിച്ചു.

അമിത്ഷായുടെ ഈ പ്രഖ്യാപനത്തെ സംസ്ഥാനത്തെ പ്രധാന മുന്നണികളായ എൽ.ഡി.എഫും യു.ഡി.എഫും ഒട്ടും ഗൗരവത്തിലെടുത്തതായി തോന്നിയില്ല. എന്നാൽ ബാലികേറാമലയെന്ന് കരുതിയ പല സംസ്ഥാനങ്ങളിലും ഭരണം പിടിച്ചതിന്റെ സൂത്രധാരനായിരുന്ന അമിത്ഷാ ഒന്നും കാണാതെ ഇത്ര ഗൗരവമുള്ള ഒരവകാശവാദം ഉന്നയിക്കുമോ എന്നാണ് പല ബി.ജെ.പി അനുഭാവകേന്ദ്രങ്ങളും പ്രഖ്യാപിച്ചത്.
എന്നാൽ പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞത് അമിത്ഷായുടെ പ്രതീക്ഷയുടെ അടിസ്ഥാനം കേരളത്തിലെ ക്രൈസ്ത വോട്ടുകൾ, പ്രത്യേകിച്ച് കത്തോലിക്കവോട്ടുകളിൽ ഭൂരിപക്ഷവും ലഭിക്കുമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലാണ്. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ പഴയമുഖങ്ങളെ മാറ്റി പുതിയതായി എത്തിയവർക്ക് ക്രൈസ്തവവോട്ടുകളെ സ്വാധീനിക്കാൻ കഴിയും എന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം വിശ്വസിക്കുന്നത്.
എന്നാൽ അമിത്ഷായുടെയും ദേശീയ നേതൃത്വത്തിന്റെയും കണക്കുകൂട്ടലുകളും പ്രതീക്ഷകളും അസ്ഥാനത്താക്കുന്ന നിലയിലാണ് സംസ്ഥാനത്തെ പ്രായോഗിക രാഷ്ട്രീയം നീങ്ങുന്നത്. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ ദേശീയ നേതൃത്വം തികച്ചും അപ്രതീക്ഷിത അഴിച്ചുപണിയാണ് നടത്തിയത്. ശോഭാസുരേന്ദ്രൻ, എം.ടി. രമേശ് അതുമല്ലെങ്കിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവരിലൊരാൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് രാജീവ് ചന്ദ്രശേഖറിന്റെ നിയമനം തികച്ചും അപ്രതീക്ഷിതമായിരുന്നു. വി. മുരളീധരനും കെ. സുരേന്ദ്രനും നേതൃത്വം നൽകുന്ന പക്ഷവും, പി.കെ. കൃഷ്ണദാസും എ.എൻ. രാധാകൃഷ്ണനും എം.ടി. രമേശും നേതൃത്വം നൽകുന്ന പക്ഷവും തമ്മിലുള്ള വിഭാഗീയതയ്ക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. വി. മുരളീധരനായിരുന്നു കുറേക്കാലമായി കേരളത്തിലെ ബി.ജെ.പിയിൽ അപ്രമാദിത്തമുള്ള നേതാവ്. പാർട്ടിയിൽ മുകളിലേക്കുള്ള തന്റെ വഴിയടച്ചത് വി. മുരളീധരനും സുരേന്ദ്രനും ചേർന്നാണെന്ന് ശോഭാസുരേന്ദ്രനും അമർഷമുണ്ടായിരുന്നു.

ഇങ്ങനെ സംസ്ഥാന ബി.ജെ.പി നേതാക്കൾക്കിടയിലുണ്ടായിരുന്ന ചേരിപ്പോര് അവസാനിപ്പിക്കുക എളുപ്പമല്ലെന്ന് കണ്ടുകൊണ്ടാണ്, എല്ലാവർക്കും സ്വീകാര്യമാകും എന്ന കണക്കുകൂട്ടലിൽ ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറെ സംസ്ഥാന അധ്യക്ഷനായി കേരളത്തിലേക്ക് നിയോഗിക്കുന്നത്. രാജീവ് ചന്ദ്രശേഖരന്റെ പശ്ചാത്തലവും പ്രതിച്ഛായയും കേരളത്തിലെ ക്രൈസ്തവസഭകൾക്കും സ്വീകാര്യമായേക്കുമെന്നും മാത്രമല്ല ബി.ജെ.പി അനുഭാവം ഉണ്ടെങ്കിലും പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കാത്ത വോട്ടർമാരെയും ആകർഷിക്കാൻ ഈ നിയമനം കൊണ്ടുകഴിയുമെന്നും ആയിരുന്നു ദേശീയ നേതൃത്വത്തിന് ലഭിച്ച ഉപദേശം.

എന്നാൽ ചന്ദ്രശേഖറിന്റെ നിയമനം കൊണ്ടുണ്ടായ ചില നെഗറ്റീവ് വശങ്ങൾ ഉണ്ട്. ഒരു വൻ  വ്യവസായിയാണ് കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ ശശി തരൂരിനെതിരെ മത്സരിച്ചു എന്നുള്ളതല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് ഇദ്ദേഹത്തെപ്പറ്റി ഒന്നുമേ അറിയുമായിരുന്നില്ല എന്നതാണ് ഒന്ന്. മറ്റൊന്ന്, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള കേരളത്തിലെ അഗ്രസീവായ, കൊണ്ടും കൊടുത്തുമുള്ള പ്രായോഗിക രാഷ്ട്രീയ ശൈലി രാജീവ് ചന്ദ്രശേഖറിനു വശമില്ല എന്നതാണ്.

വ്യോമസേന ഉദ്യോഗസ്ഥരായ എം.കെ. ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964 ൽ അഹമ്മദാബാദിലാണ് രാജീവ് ചന്ദ്രശേഖർ ജനിച്ചത്. വ്യവസായി എന്ന നിലയിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനതട്ടകം കർണ്ണാടകം ആയിരുന്നു. അമേരിക്കൻ ടെക്‌നോളജിക്കൽ കമ്പനിയായ ഇന്റലിൽ ജോലി ചെയ്തിരുന്ന രാജീവ് 1991 മുതൽ ബാംഗ്ലൂർ കേന്ദ്രീകരിച്ച് വ്യവസായം നടത്തിവരികയാണ്. 1994 ൽ ഇദ്ദേഹം ബി.പി.എൽ മൊബൈൽ സ്ഥാപിച്ചു. 2006 ൽ ജൂപ്പിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് വഴി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷനിൽ നിക്ഷേപം സ്വന്തമാക്കി. ഇതോടെ മാധ്യമരംഗത്തേയ്ക്കും കടന്നുവന്നു. നിലവിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ രാജീവ് ചന്ദ്രശേഖർ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയുടെ ഹോൾഡിംഗ് കമ്പനിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ജൂപ്പിറ്റർ ഫിനാൻഷ്യൽ ഇൻവെസ്റ്റ് കമ്പനിക്ക് 800 മില്ല്യൺ യു.എസ് ഡോളർ വിപണി മൂല്യമുണ്ട്.

2006 മുതൽ 2024 വരെയുള്ള 18 വർഷം ബി.ജെ.പിയുടെ കർണ്ണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് 2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായും പ്രവർത്തിച്ചു.
അമ്മവീട് തൃശൂർ കൊണ്ടയൂരിലാണ് എന്നതും, 2024 ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഡോ. ശശി തരൂരിനെതിരെ മത്സരിച്ചു എന്നതുമാണ് രാജീവ് ചന്ദ്രശേഖരന് ആകെയുള്ള കേരളബന്ധം. ഇദ്ദേഹത്തിന്റെ നിയമനത്തോടെ പ്രതാപം നഷ്ടപ്പെട്ടത് വി. മുരളീധരനും അദ്ദേഹത്തിന്റെ വലംകയ്യായി നിന്നിരുന്ന കെ. സുരേന്ദ്രനുമാണ്. കുറേ വർഷങ്ങളായി മുരളീധരൻ അനുവദിക്കാതെ കേരള ബി.ജെ.പിയിൽ ഒരു ഇലപോലും ചലിക്കില്ലെന്നതായിരുന്നു സ്ഥിതി.

രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായശേഷം ഉണ്ടായ സഹഭാരവാഹികളുടെ നിയമനത്തിൽ കോർ കമ്മിറ്റി ഇരട്ടിയിലധികമായി വിപുലപ്പെടുത്തിയതിലും തങ്ങളുടെ ആളുകൾ തഴയപ്പെട്ടു എന്ന ശക്തമായ അമർഷം മുരളീധരപക്ഷത്തിനുണ്ട്. എ.എൻ. രാധാകൃഷ്ണൻ കോർ കമ്മിറ്റിയിലുൾപ്പെടാതെ പോയതുപോലെ അസംതൃപ്തി കൃഷ്ണദാസ് പക്ഷത്തിനും ഉണ്ടെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ ഉദാരപിന്തുണയുള്ള സംസ്ഥാന പ്രസിഡന്റുമായി ചേർന്നുനിന്ന് പരമാവധി അവസരങ്ങൾ നേടുക എന്നതാണവർ സ്വീകരിച്ചിട്ടുള്ള സമീപനം.
കേന്ദ്രനേതൃത്വം ഉറച്ച പിന്തുണ നൽകുന്ന പുതിയ സംസ്ഥാന അധ്യക്ഷനുമായി തുറന്ന ഏറ്റുമുട്ടൽ തൽക്കാലം വേണ്ടെന്നും, പുതിയ അദ്ധ്യക്ഷൻ പാർട്ടിയെ എവിടെവരെ വളർത്തും എന്നു കാത്തിരുന്നു കാണുക എന്നതുമാണത്രെ മുരളീധരപക്ഷം ഇപ്പോൾ എടുത്തിട്ടുള്ള നിലപാട്. എന്നാൽ തദ്ദേശ ഇലക്ഷനിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന സന്ദർഭം ആകുമ്പോൾ ഉറച്ചനിലപാടുകൾ എടുക്കേണ്ടി വരും എന്ന നിലപാടും മുരളീധരപക്ഷത്തിനുണ്ട്.

എന്നാൽ കേരളത്തിലെ ക്രൈസ്തവവോട്ടുകൾ നേടിയെടുക്കാൻ കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ ഉണ്ടാക്കിയെടുത്ത അനുകൂല അന്തരീക്ഷം പുതിയ നേതൃത്വം വന്നശേഷം നഷ്ടപ്പെടുത്തിയെന്ന വിമർശനം മുരളീധരപക്ഷത്തിനുണ്ട്.
പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരുടെ ലിസ്റ്റിൽ പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിനെയും ജനറൽ സെക്രട്ടറിമാരുടെ ലിസ്റ്റിൽ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന യുവമോർച്ചാ മുൻദേശീയ ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫിനേയും ഉൾപ്പെടുത്തിയത് രാജീവ് ചന്ദ്രശേഖറിന്റെ താൽപ്പര്യം കണക്കിലെടുത്താണ്.

എന്നാൽ അൽഫോൺസ് കണ്ണന്താനത്തിനോ ജേക്കബ് തോമസിനോ ടോം വടക്കനോ ഒന്നും ഇല്ലാത്ത എന്ത് സ്വാധീനമാണ് സഭയ്ക്കുമേൽ അനിൽ ആന്റണിക്കോ, അനൂപ് ആന്റണിക്കോ, ഷോൺ ജോർജിനോ ഉള്ളതെന്നാണ് സംസ്ഥാന നേതാക്കളായ പലരും ചോദിക്കുന്നത്. ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ ജാമ്യത്തിലിറക്കാൻ പോയ ഈ യുവനേതാക്കൾ മാധ്യമങ്ങൾക്ക് മുമ്പിലെ അപക്വമായ പെരുമാറ്റം കൊണ്ട് പാർട്ടിയുടെ മാനം കെടുത്തിയെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.

45 ശതമാനം ന്യൂനപക്ഷങ്ങൾ ഉള്ള കേരളത്തിൽ പത്തുശതമാനത്തിന്റെയെങ്കിലും പിന്തുണ നേടിയല്ലാതെ ഭരണം പിടിക്കാനാവില്ലെന്ന് ബി.ജെ.പിക്കറിയാം. അതിൽ 25 ശതമാനത്തിലേറെ വോട്ടുകളുള്ള മുസ്ലീം വോട്ടുകളിലവർ പ്രതീക്ഷ വയ്ക്കുന്നതേയില്ല. അതിനുപകരം മുസ്ലീം സമുദായത്തോട് മതവിദ്വേഷം ഉള്ളവരുടെയെല്ലാം വോട്ടുനേടിയെടുക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം.
ഒന്നരവർഷം മുമ്പേ അതിനുള്ള വിത്തുപാകിയിരുന്നു. കലാലയങ്ങളിൽ പഠിക്കാൻ പോകുന്ന ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് മുസ്ലീമായി മതം മാറ്റുന്നു, മതതീവ്രവാദപ്രവർത്തനത്തിനുപയോഗിക്കുന്നു എന്നെല്ലാമുള്ള ഒരു കഥ ആദ്യമായി മെനഞ്ഞ് പത്രറിപ്പോർട്ടാക്കിയത് ആർ.എസ്.എസ് ബന്ധമുള്ള ഒരു പത്രപ്രവർത്തകനായിരുന്നു. 'ലവ് ജിഹാദ്' എന്ന് നൽകിയ പേര് പിന്നെ എല്ലാ മാധ്യമങ്ങളും എടുത്തു ഉപയോഗിച്ചതോടെ സഭകളിലെ ബിഷപ്പുമാരും പുരോഹിതരും ഈ നരേറ്റീവ് അപ്പാടെ വിശ്വസിക്കുന്ന അവസ്ഥ വന്നു. ഈ കഥ തുടങ്ങിവച്ച മാധ്യമപ്രവർത്തകൻ ഇപ്പോൾ സംഘപരിവാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ ശശികല ടീച്ചർ മോഡൽ പ്രഭാഷകനാണ്.
യഥാർത്ഥത്തിൽ ലവ് ജിഹാദ് എന്നൊരു ഏർപ്പാടില്ലെന്ന് സുപ്രീംകോടതിവരെ ഉന്നത ലവലിൽ അന്വേഷിച്ചുകണ്ടെത്തിയിട്ടും പിന്മാറാൻ പല ബിഷപ്പുമാരും വൈദികരും തയ്യാറായില്ല. അതിന് ഒരു കാരണം അവരിൽ രൂപപ്പെട്ട ഇസ്ലാമോഫോബിയ ആയിരുന്നു. 2019 ലെ ലോക്‌സഭാ ഇലക്ഷനിൽ ക്രിസ്ത്യൻ മുസ്ലീം മതവിഭാഗങ്ങൾ കോൺഗ്രസ് അനുകൂലമായി ഒരേ മനസ്സോടെ വോട്ട് ചെയ്തത് സി.പി.എമ്മിനും ബി.ജെ.പിക്കും വലിയ തിരിച്ചടിയായിരുന്നു.

അപ്പോഴാണ് അടുത്ത ഘട്ടമായി സഭകൾക്കുള്ളിൽ പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ന്യൂനപക്ഷാവകാശങ്ങളുടെ 80 ശതമാനവും മുസ്ലീങ്ങൾ കൊണ്ടുപോകുന്നു എന്നുതുടങ്ങി ഒരുപിടി കാര്യങ്ങൾ ഏറ്റവും പ്രബല സഭയായ സീറോ മലബാർ സഭയ്ക്കുള്ളിൽ ശക്തമായ മുസ്ലീം വിരുദ്ധ വികാരമായി കത്തിപ്പടരുന്നത്. ഇത് ആളിക്കത്തിക്കും വിധം ബിഷപ്പുമാരുടെ വിദ്വേഷ പരാമർശങ്ങൾ ഉണ്ടാകുന്നു. ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനുള്ള പ്രചാരണം നടക്കുന്നു. മുസ്ലീം വിദ്വേഷം ജ്വലിപ്പിച്ചുനിർത്താൻ സംഘപരിവാറിൽ നിന്ന് ക്വട്ടേഷൻ എടുത്തതുപോലെ. കത്തോലിക്കാസഭയ്ക്കുള്ളിൽ 'കാസാ' എന്നൊരു തീവ്രവാദ സംഘടന നിരന്തരം സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും പ്രചാരണം നടത്തുന്നു. ഇവർ മോദി  ഭരണത്തിനും ബി.ജെ.പിക്കും സ്തുതിപാടുന്നവരായി മാറി. ബിഷപ്പുമാരിൽ പലരും കോൺഗ്രസിനെ വിമർശിക്കാനും, ബി.ജെ.പിയോട് തങ്ങൾക്ക് തൊട്ടുകൂടായ്മയൊന്നുമില്ലെന്നുപറയാനും തുടങ്ങി.

കത്തോലിക്ക സഭയിൽ മുസ്ലീം വിദ്വേഷം വിളയിച്ചെടുത്തതിന്റെ ഗുണഫലം 2021 ൽ ലഭിച്ചത് സി.പി.എമ്മിനും എൽ.ഡി.എഫിനുമാണ്. എന്നാൽ 2024 ലെ ലോക്‌സഭാ ഇലക്ഷനിൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയും. മാർ ആൻഡ്രൂസ് താഴത്തും തൃശൂർ അതിരൂപതയും ആത്മാർത്ഥമായി ശ്രമിച്ചതുകൊണ്ടുമാത്രമാണ് തൃശൂരിൽ സുരേഷ്‌ഗോപി എം.പിയായത്. ഇതിനായി മാർ ആൻഡ്രൂസ് താഴത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടുതന്നെ ബന്ധപ്പെട്ടിരുന്നു.

കത്തോലിക്കസഭ, അതിൽ സീറോ മലബാർ സഭയെടുക്കുന്ന ബി.ജെ.പി അനുകൂല നിലപാടിൽ ഇതര സഭകൾക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും സന്യസ്തർ പലരീതിയിലും ബി.ജെ.പി ഭരണത്തിന്റെയും സംഘപരിവാറിന്റെയും പീഡനങ്ങൾക്ക് വിധേയരാകുമ്പോൾ കേരളത്തിലെ സഭ മൗനം അവലംബിച്ചതിൽ പലർക്കും അമർഷം ഉണ്ടായിരുന്നു.
മൗനത്തിന് കാരണം സഭയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തും എന്നതും, സന്നദ്ധപ്രവർത്തനങ്ങൾക്കുള്ള എഫ്.സി.ആർ.എ (വിദേശവിനിമയ നിയന്ത്രണനിയമം) രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ഭീഷണി ഉള്ളതുകൊണ്ടാണെന്നത് പരസ്യമായ രഹസ്യമായിരുന്നു. അങ്ങനെ ഭീഷണിയിലായാലും അനുനയത്തിലായാലും മുസ്ലീങ്ങളോടുള്ള വിദ്വേഷം കൊണ്ടായാലും കേരളത്തിലെ സഭകളിൽ ബി.ജെ.പിയോടുണ്ടായിരുന്ന അകലം മാറിയിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ബി.ജെ.പിക്ക് പുതിയ നേതൃത്വം വരുന്നത്.

മുനമ്പം വഖഫ് പ്രശ്‌നത്തിൽ കേന്ദ്ര സർക്കാർ ബിൽ പാസാക്കുന്നതോടെ സഭ ആഗ്രഹിക്കുന്ന പരിഹാരം ഉണ്ടാകും എന്ന് ബി.ജെ.പി സഭാനേതാക്കളെ ധരിപ്പിച്ചു. കേട്ട പാതി കേൾക്കാത്ത പാതി കെ.സി.ബി.സി യോഗം കൂടി യു.ഡി.എഫ് എം.പിമാരെല്ലാം വഖഫ് ബില്ല് പാസാക്കാൻ അനുകൂലിക്കണമെന്നാവശ്യപ്പെട്ടു. രാഷ്ട്രീയമായി അവർക്കത് സാധ്യമാകുമായിരുന്നില്ല. ബില്ല് പാസാക്കിയതിന് മുനമ്പത്ത് ബി.ജെ.പി നേതാക്കൾക്ക് സഭ സ്വീകരണവും കൊടുത്തു. കേന്ദ്രമന്ത്രി കിരൺ റിജ്ജു പ്രശ്‌നത്തിൽ കൈമലർത്തിയതോടെയാണ് തങ്ങൾ വിഡ്ഢികളാക്കപ്പെടുകയായിരുന്നു എന്ന് കെ.സി.ബി.സി മനസ്സിലാക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം വന്നശേഷം സഭയ്ക്ക് ബി.ജെ.പിയോട് വിശ്വാസം നഷ്ടപ്പെടുന്ന ആദ്യ സംഭവം അതായിരുന്നു. അതിനുശേഷമാണ് ഛത്തീസ്ഗഢിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകൾ മൂന്ന് യുവതികളെ ജോലിക്കായി കൂട്ടിക്കൊണ്ടുപോകുന്ന വഴി മനുഷ്യക്കടത്തും മതംമാറ്റലും ആരോപിച്ച് സംഘപരിവാർ സംഘടനകളിലൊന്നായ ബജ്‌റംഗ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കയ്യേറ്റം ചെയ്യുന്നതും, പോലീസ് അറസ്റ്റ് ചെയ്ത് 9 ദിവസം ജയിലിൽ കിടക്കേണ്ടി വരുന്നതും.

2023 ൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്ന 734 സംഭവങ്ങളുണ്ടായിട്ടും, 2024 ൽ 834 സംഭവങ്ങളുണ്ടായിട്ടും, 2025 ൽ ജൂൺ വരെ 378 സംഭവങ്ങളുണ്ടായിട്ടും സ്റ്റാൻ സ്വാമി തടവറയിൽ കിടന്നു ദാരുണമായി മരണപ്പെട്ടിട്ടും അനങ്ങാതിരുന്ന കേരളത്തിലെ കത്തോലിക്ക സഭ ഛത്തീസ്ഗഢ് സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി. അപ്പോൾ ജയിലിലടച്ച കന്യാസ്ത്രീകൾക്കുവേണ്ടി ബി.ജെ.പിക്കാരും, എൽ.ഡി.എഫുകാരും യു.ഡി.എഫുകാരും ജാമ്യത്തിനായി മത്സരിച്ചു മുറവിളി കൂട്ടിയത് വോട്ടിന്റെ രാഷ്ട്രീയം എത്ര ശക്തമാണെന്ന് തെളിയിച്ചു.
ബി.ജെ.പിയെ വിമർശിക്കാൻ തയ്യാറായ ചില ബിഷപ്പുമാർ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചപ്പോൾ നിലപാടിൽ വീണ്ടും മാറ്റം വരുത്താൻ തയ്യാറായി. അപ്പോഴാണ് ഒഡീഷയിൽ ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിൽ രണ്ട് മലയാളി വൈദികരേയും കന്യാസ്ത്രീകളേയും ബജറംഗ്ദൾ പ്രവർത്തകർ ഓഗസ്റ്റ് 6 ന് ആക്രമിച്ചെന്ന വാർത്ത വരുന്നത്. മഹാരാഷ്ട്ര സെന്റ് സേവ്യേഴ്‌സ് കോളേജിൽ, ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച വൈദികൻ സ്റ്റാൻസ്വാമി അനുസ്മരണ പ്രഭാഷണം എബിവിപി എതിർത്തതിനെ തുടർന്ന് റദ്ദാക്കേണ്ടി വന്നതും സഭാവിശ്വാസികളെ മുറിവേൽപ്പിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ക്രൈസ്തവരിൽ മുസ്ലീം വിദ്വേഷം ജ്വലിപ്പിച്ച് ക്രൈസ്തവവോട്ടുകൾ കൂടുതൽ നേടാമെന്ന കേരള ബി.ജെ.പിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img