
സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിക്കാൻ ക്രൈസ്തവ സഭകൾ. എയ്ഡഡ് സ്കൂൾ നിയമനം, ജെ.ബി. കോശി റിപ്പോർട്ട് നടപ്പാക്കുന്നത് വൈകൽ തുടങ്ങിയ വിഷയങ്ങളിൽ സഭാവിരുദ്ധ നിലപാടുകളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് എന്നാണ് സഭകളുടെ പരാതി. ക്രൈസ്തവ സഭകൾക്കെതിരെ സർക്കാർ കൈക്കൊള്ളുന്ന നിലപാടുകളെ ഒരുമിച്ച് എതിർക്കാൻ പാലായിൽ ചേർന്ന ക്രൈസ്തവ സഭൈക്യസമ്മേളനത്തിൽ ധാരണയായി.
ഭിന്നശേഷി സംവരണത്തിന്റെപേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ അംഗീകരിക്കാൻ വൈകുന്നതിന്റെ പേരിൽ ക്രൈസ്തവ സഭകൾക്കിടയിൽ കടുത്ത അമർഷമുണ്ട്. വിഷയത്തിൽ പ്രതിഷേധത്തിലായിരുന്ന സഭകളെ അനുനയിപ്പിക്കാൻ കഴിഞ്ഞദിവസം സർക്കാർ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് സഭകൾ വീണ്ടും ഇടഞ്ഞത്.
ന്യൂനപക്ഷസ്ഥാപനങ്ങൾക്കുള്ള അവകാശം സംസ്ഥാന സർക്കാർ കവർന്നെടുക്കുന്നു എന്നതാണ് പ്രധാന വിമർശനം. എൻഎസ്എസിനോടുള്ള അനുകൂലനിലപാട് സർക്കാരിന് ക്രൈസ്തവ സഭകളോടില്ലെന്നും സഭാ നേതൃത്വങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. കുറേക്കാലമായി ക്രൈസ്തവസഭാ സ്ഥാപനങ്ങൾക്കുനേരേ സംസ്ഥാന സർക്കാർ കടന്നുകയറ്റം നടത്തുകയാണ് എന്നും സഭകൾ ആരോപിക്കുന്നുണ്ട്.
സിറോ മലബാർ സഭ വിദ്യാഭ്യാസ-എക്യുമെനിക്കൽ കമ്മിഷനുകളുടെ ചെയർമാനും പാലാ രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ടാണ് യോഗം വിളിച്ചുചേർത്തത്. ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ മുഖ്യസ്ഥാനീയനായി.











