
കൊൽക്കത്ത: ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിലെ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനായോഗങ്ങളും ശുശ്രൂഷകളും താൽക്കാലികമായി നിർത്തിവെച്ച് ക്രിസ്ത്യൻ സംഘടനകൾ. ഹൗറ, പൂർവ്വ വർദ്ധമാൻ, പൂർവ്വ മേദിനിപൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ പ്രാർത്ഥനായോഗങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഓഗസ്റ്റ് 23ന് ഹൗറയിലെ ഉലുബേരിയയിൽ വാടകവീട്ടിൽ പ്രാർത്ഥനായോഗം നടക്കുന്നതിനിടെ ഒരു സംഘം ആളുകൾ സ്ഥലത്തേക്ക് ഇരച്ചുകയറിയിരുന്നു. പ്രാർത്ഥനയിൽ പങ്കെടുത്തവരെ മർദിക്കുകയും വീട്ടിലെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു.
ഇതിന് പുറമെ ശവസംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തൽ, നിർമാണത്തിലിരുന്ന പള്ളി തകർക്കൽ തുടങ്ങിയ സംഭവങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രാർത്ഥനകളും മതപരമായ ശുശ്രൂഷകളും സുരക്ഷിതമായി നടത്താൻ കഴിയാത്ത സാഹചര്യമാണെന്നാണ് ക്രിസ്ത്യൻ സംഘടനകളുടെ വിലയിരുത്തൽ.
പണവും മറ്റ് വാഗ്ദാനങ്ങളും നൽകി ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്നാരോപിച്ചാണ് ചില സംഘങ്ങൾ ഇത്തരം പ്രതിഷേധങ്ങളും ആക്രമണങ്ങളും നടത്തുന്നത്. അതേസമയം, പ്രാർത്ഥന നടത്തുന്നത് വ്യക്തിയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യമാണെന്നും നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് കണ്ടെത്തിയാൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും പശ്ചിമ ബംഗാൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് മതപരമായ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആരാധനയ്ക്കും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശം സംരക്ഷിക്കുന്നതിനൊപ്പം നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച പരാതികളിലും നിയമാനുസൃത നടപടി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.










