
വാഷിങ്ടൺ: വധശിക്ഷ നടപ്പാക്കുന്നതിനായി രണ്ട് ഡോസ് മാരകമരുന്ന് ശരീരത്തിൽ കുത്തിവച്ചിട്ടും മരണം സംഭവിക്കാത്തത് അമേരിക്കയിൽ അപൂർവ സംഭവമായി. ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്കിനാണ് (50) ശിക്ഷ നടപ്പാക്കുന്നതിനിടെ ഗുരുതര ആരോഗ്യപ്രശ്നമുണ്ടായത്. നിലവിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ക്രിസ്റ്റയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധസംഘം.
പെന്റോബാർബിറ്റലിന്റെ ആദ്യ ഡോസ് നൽകിയിട്ടും ഹൃദയമിടിപ്പ് നിലച്ചില്ല. തുടർന്ന് രണ്ടാമത്തെ ഡോസും നൽകി. ഇതോടെ ബോധം നഷ്ടപ്പെട്ടെങ്കിലും ക്രിസ്റ്റ ശ്വാസമെടുക്കുന്നതായും കൂർക്കംവലിക്കുന്നതുപോലുള്ള ശബ്ദം കേൾക്കുന്നതായും അധികൃതർ ശ്രദ്ധിച്ചു. തുടർന്ന് വധശിക്ഷാ നടപടികൾ നിർത്തിവച്ച് അടിയന്തര വൈദ്യസഹായം നൽകുകയായിരുന്നു.
ക്രിസ്റ്റയുടെ സിരകൾ കണ്ടെത്തി മാരകമരുന്ന് കുത്തിവയ്ക്കുന്നതിനായി ഏഴോളം സൂചികൾ ഉപയോഗിച്ച് ശ്രമിച്ചെന്നാണ് അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഇതിൽ ഒരു സൂചി 90 ഡിഗ്രി വരെ വളഞ്ഞിരുന്നു. കുത്തിവയ്പിനിടെ ക്രിസ്റ്റ വേദനകൊണ്ട് കരയുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതായും ഹർജിയിൽ പറയുന്നു.
രക്തം കട്ടപിടിക്കുന്ന പ്രത്യേക ശാരീരികാവസ്ഥയും നേർത്ത സിരകളുമാണ് ക്രിസ്റ്റയ്ക്കുള്ളത്. ഇതുമൂലം മരുന്ന് സിരയിലൂടെ രക്തത്തിൽ കലരാതെ ചർമ്മത്തിനടിയിലെ കോശങ്ങളിലേക്ക് പടർന്നതാകാം വധശിക്ഷ പരാജയപ്പെടാൻ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം.
മാരകമരുന്നായ പെന്റോബാർബിറ്റൽ ശരീരത്തിൽനിന്ന് നീക്കം ചെയ്യുന്നതിനും ജീവൻ നിലനിർത്തുന്നതിനുമുള്ള ചികിത്സയാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നത്. കുത്തിവയ്പിനിടെ സിരകൾക്ക് ക്ഷതമേറ്റതിന്റെ സൂചനയായി കൈകളിൽ കുമിളകൾ രൂപപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തെ വധശിക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. അതേസമയം, ക്രിസ്റ്റയുടെ വധശിക്ഷ ഒഴിവാക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകർ അടിയന്തര ഹർജി നൽകിയിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരമാണ് നാഷ്‌വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിൽ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്. 1996ൽ 19 വയസ്സുകാരിയായ കൊളീൻ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ ക്രിസ്റ്റയ്ക്ക് 18 വയസ്സായിരുന്നു.
തൊഴിൽ പരിശീലനകേന്ദ്രത്തിൽ പരിചയപ്പെട്ട കൊളീൻ സ്ലെമ്മറെ ക്രിസ്റ്റയും കാമുകൻ ടാഡാരിൽ ഷിപ്പും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. കൊലപാതകത്തിൽ പങ്കാളിയായ ഷിപ്പിന് കുറ്റകൃത്യം നടക്കുമ്പോൾ 17 വയസ്സായിരുന്നതിനാൽ ജീവപര്യന്തം തടവാണ് ലഭിച്ചത്.
ക്രിസ്റ്റയുടെ വധശിക്ഷയ്ക്ക് കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നെങ്കിലും യുഎസ് സുപ്രീം കോടതി അത് നീക്കിയതോടെയാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ പുനരാരംഭിച്ചത്. ടെന്നസിയിൽ കഴിഞ്ഞ ഏകദേശം രണ്ട് നൂറ്റാണ്ടിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വനിതയാണ് ക്രിസ്റ്റ പൈക്ക്.
ജീവൻ രക്ഷപ്പെട്ടാൽ വീണ്ടും വധശിക്ഷ നടപ്പാക്കുമോ?
പരാജയപ്പെട്ട വധശിക്ഷാ ശ്രമത്തിന് ശേഷം ക്രിസ്റ്റയ്ക്ക് വീണ്ടും വധശിക്ഷ നടപ്പാക്കുമോ എന്ന കാര്യത്തിൽ അധികൃതർ ഔദ്യോഗികമായി വ്യക്തത നൽകിയിട്ടില്ല. എന്നാൽ മുൻകാല നിയമനടപടികളുടെ അടിസ്ഥാനത്തിൽ വീണ്ടും വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത നിയമപരമായി നിലനിൽക്കുന്നുണ്ട്.
അതേസമയം, ക്രിസ്റ്റയുടെ അഭിഭാഷകർ ശക്തമായ നിയമവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. പരാജയപ്പെട്ട വധശിക്ഷാ ശ്രമം തന്നെ യുഎസ് ഭരണഘടനയിലെ എട്ടാം ഭേദഗതിയിൽ പറയുന്ന 'ക്രൂരവും അസാധാരണവുമായ ശിക്ഷ'യുടെ പരിധിയിൽ വരുമെന്ന് അവർ വാദിക്കുന്നു. അതിനാൽ വധശിക്ഷ ജീവപര്യന്തം തടവായി ഇളവ് ചെയ്യണമെന്നാണ് ആവശ്യം.
ക്രിസ്റ്റയ്ക്ക് സംഭവിച്ച ആരോഗ്യപ്രശ്നങ്ങളുടെ സ്വഭാവവും ഭാവിയിലെ നിയമനടപടികളും നിർണായകമാകും. പ്രത്യേകിച്ച് സംഭവത്തെ തുടർന്ന് ശിക്ഷയുടെ സ്വഭാവം മനസ്സിലാക്കാനുള്ള മാനസിക ശേഷി നഷ്ടപ്പെട്ടാൽ വീണ്ടും വധശിക്ഷ നടപ്പാക്കുന്നതിന് ഭരണഘടനാപരമായ നിയന്ത്രണങ്ങൾ ബാധകമാകാം.










