02:40am 04 November 2026
NEWS
വന്നു കണ്ടു കീഴടക്കി: പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...
12/01/2025  12:20 PM IST
ശരത് സുബ്രഹ്മണ്യൻ
വന്നു കണ്ടു കീഴടക്കി: പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ  ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...

പ്രണയവിവാഹമായിരുന്നോ ?

ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ല. എന്റെ സഹോദരി വഴി ആലോചിച്ച വിവാഹമാണ്. എന്റെ മോളോടാണ് ആദ്യം പറഞ്ഞത്, ആദ്യം അറിയേണ്ടത് എന്റെ മക്കളുടെ താൽപ്പര്യമായിരുന്നു. ഒന്നും ചിന്തിക്കാതെ തന്നെ അവൾ ഓക്കെ പറഞ്ഞു. ആദ്യത്തേത് പ്രണയവിവാഹമായിരുന്നു. ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ആദ്യത്തേത് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നില്ല. രണ്ടാമത്തേത് അങ്ങനെയാവരുത് എന്നുള്ളതുകൊണ്ട് വീട്ടുകാരോട് പറഞ്ഞ് ജാതകം നോക്കിയാണ് കല്യാണം കഴിച്ചതും. ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയ ആളാണ് ഞാൻ. നീ എന്ത് ഉണ്ടാക്കി, രണ്ട് മക്കളെയും കൊണ്ട് എങ്ങനെ ജീവിക്കും, വീടുണ്ടോ സ്വത്തുണ്ടോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുക. എന്നാൽ ഞാൻ ഒറ്റയ്ക്ക് ഒരു കുറവുമില്ലാതെ എന്റെ രണ്ടുമക്കളെയും ഇത്രയും വളർത്തി വലുതാക്കിയത് ആരും കാണുന്നില്ല. എന്റെ സുഖത്തിനുവേണ്ടി അവരെ തള്ളിപ്പറഞ്ഞ ഒരമ്മയല്ല ഞാൻ.

ആദ്യം കണ്ടത് ?

പത്തരമാറ്റ് സീരിയലിൽ മൂന്ന് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ആദ്യമായി സെറ്റിൽ പോകുന്നതിന്റെ പേടിയൊക്കെ ഉണ്ടായിരുന്നു. ഏട്ടനോട് ആദ്യമൊന്നും ഞാൻ മിണ്ടിയിരുന്നില്ല. ഏട്ടന്റെ കസിനും കൂടിയുണ്ട്. ചേട്ടൻ താടി വളർത്തിയത് എന്തുകൊണ്ടെന്ന് അറിയാൻ ആകാംക്ഷ ഉണ്ടായിരുന്നു. കസിൻ വഴി കുറച്ച് കാര്യങ്ങളൊക്കെ അറിഞ്ഞു. ഷൂട്ടിന്റെ മൂന്നാം നാൾ ഒരു പാട്ടുപാടിത്തരോന്ന് ചോദിച്ചു. ആ പാട്ട് അയച്ചുകൊടുക്കാനാണ് നമ്പർ വാങ്ങിക്കുന്നത്. പിന്നെ എനിക്ക് കുറച്ച് ഫാമിലി പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി വിവാഹമോചിതയാണ്. അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ടായി. ഏട്ടൻ മോട്ടിവേഷൻ ക്ലാസ് എടുക്കുമെന്ന് അറിയാം. അങ്ങനെ ഞാൻ സംസാരിച്ചു. എന്റെ സമ്പാദ്യം മക്കളാണ്. അവരെ ഇന്നും ഞാൻ ചേർത്തുപിടിക്കുന്നുണ്ട്. മക്കളെ സേഫ് ആക്കിയിട്ട് എവിടെയെങ്കിലും പോയി മരിച്ചാൽമതി എന്നായിരുന്നു. ഡിവോഴ്‌സ് ആയിട്ട് എട്ട് വർഷം. ഞാൻ എങ്ങനെ ജീവിച്ചു, എങ്ങനെ മക്കളെയും കൊണ്ട് ജീവിക്കുന്നെന്ന് ആരും ചോദിച്ചില്ല. ഇതെല്ലാം ഞാൻ ഏട്ടനോട് പറഞ്ഞു. ഡിപ്രഷൻ മൂലം ദിവസവും ഞാൻ കരയുമായിരുന്നു. ഏട്ടനുമായി സംസാരിക്കുമ്പോൾ എനിക്ക് സമാധാനം കിട്ടി. കസിനാണ് ഏട്ടന്റെ ഭാര്യയുടെ സ്ഥാനത്ത് വരാൻ താൽപ്പര്യമുണ്ടോന്ന് ചോദിച്ചത്. ഞാൻ ഞെട്ടിപ്പോയി. ഞാൻ അത്ര പഠിച്ച ആളൊന്നും അല്ല. പക്ഷേ പുള്ളി പല മേഖലയിലും പ്രവർത്തിക്കുന്ന ആളുമാണ്. തമാശ പറയുവാണോയെന്നാണ് അവരോട് ചോദിച്ചത്. അങ്ങനെയാണ് മോളോട് ചോദിക്കുന്നത്. അവൾ ഒറ്റയടിക്ക് സമ്മതിക്കാൻ പറഞ്ഞു.

ദിവ്യയുടെ ആദ്യവിവാഹം ?

18-ാം വയസ്സിലായിരുന്നു ആദ്യവിവാഹം. 32 ലാണ് വിവാഹമോചനം. എന്റെ ഒരു നല്ല പ്രായം മുഴുവൻ അടിയും ചീത്തയും കേട്ടാണ് നിന്നത്. ആ ജീവിതം ആർക്കും അറിയണ്ട. ഞാൻ അറുപത് വയസ്സുള്ള ആളെ കെട്ടിയെന്നതാണ് ആളുകളുടെ പ്രശ്‌നം. ഏട്ടൻ ആരാണെന്നും പുള്ളി ചെയ്തത് എന്താണെന്നുമറിയാത്തവരാണ് കിളവൻ എന്നുപറയുന്നത്. സെക്‌സിന് വേണ്ടിയാണ് വിവാഹം കഴിച്ചത് എന്ന് വരെയായിരുന്നു കമന്റുകൾ. എങ്ങനെയാണ് ആളുകൾക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത്. ഞാൻ സെക്‌സിനുവേണ്ടിയല്ല വിവാഹം കഴിച്ചത്. എന്റെ മക്കൾക്ക് ഒരച്ഛനെ വേണമായിരുന്നു, അവരുടെ ജീവിതം സുരക്ഷിതമാക്കണമായിരുന്നു. ഇവരൊക്കെ ഇതിനുവേണ്ടി ജീവിക്കുന്നവരാണെന്ന് തോന്നിപ്പോവും. അതില്ലെങ്കിലും ജീവിക്കാൻ കഴിയില്ലേ.. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഏട്ടന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ്. അറുപത് ആണെങ്കിൽ തന്നെ എന്താ പ്രശ്‌നം. അവർക്ക് വിവാഹം കഴിക്കാൻ കഴിയില്ലേ. നാലാളുകൾ അറിയുന്നതിന് പകരം ഇത്രയും പേർ ചർച്ച ചെയ്തില്ലേ ഞങ്ങളുടെ വിവാഹം. അതിൽ അഭിമാനം കണ്ടെത്തുകയാണ് ഞാൻ.

മുൻ ഭാര്യയെക്കുറിച്ച് ക്രിസ് വേണുഗോപാൽ എന്തുപറയുന്നു ?

എന്റെ കുടുംബത്തോടൊപ്പം ഞാൻ നിൽക്കാൻ പാടില്ല എന്നുപറയുന്ന ഒരു വിവാഹബന്ധം ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എനിക്ക് അത് സമ്മതിച്ചുകൊടുക്കാൻ പറ്റില്ല. കാരണം എന്റെ അച്ഛനെയും അമ്മയെയും എനിക്ക് നോക്കിയെ പറ്റൂ. വീട്ടിൽ ആരും വരാൻ പാടില്ല, പുറത്തുപോകാൻ പാടില്ല, ഫോൺ ചെയ്യാൻ പാടില്ല എന്നൊക്കെയുള്ള നിബന്ധനകൾ വയ്ക്കുമ്പോൾ ഞാൻ ഒരു വളർത്തുമൃഗം പോലെ ആയിപ്പോയി. ഗ്ലാസിനകത്ത് അടച്ചിട്ടു വളർത്തുന്ന ഒരു ചിലന്തി ആണോ ഞാൻ, ഞാൻ അതല്ല ഞാൻ ഒരു മനുഷ്യനാണ്. ഒരുപാട് വിഷമിച്ചിട്ടാണ് ഞാൻ 2018 ൽ അവിടെ നിന്ന് തിരിച്ചുവരുന്നത്. 2019 ൽ വിവാഹമോചനത്തിന് കേസ് കൊടുത്തു. ആ കേസ് തീർന്നത് 2022 ലാണ്. അതുകഴിഞ്ഞ് ഒൻപത് മാസം കഴിഞ്ഞാണ് ഞാൻ ജീവിതത്തിലേക്ക് ഒരാൾ വരണമെന്ന് ആഗ്രഹിച്ചത്. ഒരാൾ ജീവിതത്തിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അവർ മരിച്ചുപോയി. അതും കഴിഞ്ഞ് 1200 ദിവസങ്ങൾക്കുശേഷമാണ് ഈ വിവാഹത്തിലേക്ക് എത്തുന്നത്.

ക്രിസ്സിന് 60 വയസ്സോ ?

60 വയസ്സുള്ള ആൾ നാൽപ്പതുകാരിയെ വിവാഹം ചെയ്തു എന്നൊക്കെയാണ് വാർത്തകൾ. ഇദ്ദേഹത്തിന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ്. ഇനി 60 വയസ്സ് എന്നുപറയുന്നവർ പറഞ്ഞോട്ടേ. ഇവർ പച്ചയ്ക്ക് പറയുന്നതുപോലെ അറുപതുകാരന്റെ കൂടെ നാൽപതോ അൻപതോ വയസ്സുള്ള ഞാൻ താമസിച്ചാൽ എന്താണ് പ്രശ്‌നം? അറുപതോ എഴുപതോ പ്രായമുള്ള ആളുകൾക്ക് ഇവിടെ വിവാഹം ചെയ്തുകൂടേ. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം, പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാൻ പറ്റില്ല. നമ്മുടെ സമൂഹം ഇങ്ങനെയാണ്.

നെഗറ്റീവ് കമന്റ് ഇടുന്നവരോട് പറയാൻ ഉള്ളത്?

ഫിസിക്കൽ ഇന്റിമസിക്ക് വേണ്ടി ഞാൻ ഒരു നടിയെ വളച്ചെടുത്തു എന്ന രീതിയിലായിരുന്നു ആളുകളുടെ സംസാരം. അതിന് വിവാഹം കഴിക്കേണ്ട കാര്യമില്ല. കൊൽക്കത്തയിലും ബോംബെയിലുമൊക്കെ ഇഷ്ടം പോലെ സ്ഥലങ്ങളുണ്ട്. കല്യാണം കഴിക്കുക എന്നാൽ മക്കളുടെ അച്ഛനാവുക, ഭാര്യയ്ക്ക് ഭർത്താവാകുക, കുടുംബത്തെ നന്നായി നോക്കുക, എന്റെ അച്ഛനുമമ്മയ്ക്കും മരുമകളായി നല്ലൊരു കുട്ടിയെ കൊടുക്കുക. അവരുടെ വീട്ടിൽ നല്ലൊരു മകനാകുക. ഇതല്ലാതെ നിങ്ങൾ ചിന്തിക്കുന്നത് പോലെയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ അങ്ങനെയാണോ അല്ലേ എന്ന് ഞാൻ ചോദിക്കുന്നില്ല. അങ്ങനെ കമന്റിടാൻ മാത്രം ഞാൻ തരംതാഴ്ന്നിട്ടില്ല. പൂർണ്ണബോധ്യത്തോടുകൂടി എന്റെ വീട്ടിൽ അച്ഛനെയും അമ്മയെയും കാണിക്കാവുന്ന കാര്യങ്ങളെ ഞാൻ ചെയ്യൂ. അവരും മനുഷ്യരാണ് എന്ന ബോധം ഉണ്ടെങ്കിൽ റീൽസിലും കമന്റ്‌സിലും എഴുതുന്ന ആളുകളുടെ വാക്‌സാമർത്ഥ്യവും ആ ചാതുര്യവും ഇതെല്ലാം ഒന്ന് അടച്ചുപൂട്ടിവയ്ക്കുന്നത് നല്ലതാണ്. കമന്റിടുന്നവർ ഇടട്ടെ എനിക്ക് പ്രശ്‌നമില്ല. ദിവ്യയെ ഒന്നും ബാധിക്കാതെ ഞാൻ നോക്കിക്കോളാം. സ്വന്തം വീട്ടിലെല്ലാം ചീഞ്ഞുനാറിയാലും അടുത്തുള്ള ആളുകളുടെ ജീവിതത്തെ എങ്ങനെ മാന്താം, എങ്ങനെ ചൊറിയാം, എങ്ങനെയൊക്കെ ഇറിറ്റേറ്റ് ചെയ്യാമെന്ന് ചിന്തിക്കുന്നവരോട് സഹതാപമാണ്. നെഗറ്റീവ് വരട്ടെ ഞാൻ നേരിടും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.