06:16pm 21 October 2026
NEWS
കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ
06/08/2026  06:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ
HIGHLIGHTS

1.Saly Samson

2.Basil Thampi

ലണ്ടൻ: സലി സാംസൺ ക്യാപ്റ്റൻ; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ. കേരള ക്രിക്കറ്റ് ലീഗിന്റെ  മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയിൽ.സലി സാംസണാണ് മൂന്നാം സീസണിൽ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ സഹോദരനായ  സലി സാംസൺ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റൻ കുപ്പായമണിയുന്നത്. ആദ്യ സീസണിൽ ടീമിനെ നയിച്ച പേസ് ബൗളർ ബേസിൽ തമ്പിയാണ്  വൈസ് ക്യാപ്റ്റൻ. ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം  ലണ്ടനിൽ വെച്ചാണ് ക്രിസ് ഗെയിൽ ബ്ലൂ ടൈഗേഴ്സിന്റെ  നേതൃത്വ നിരയെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണിൽ കൊച്ചിയെ കിരീടത്തിലേക്ക് നയിച്ച സലി സാംസണിന്റെ  നേതൃത്വ പാടവും ബേസിൽ തമ്പിയുടെ അനുഭവസമ്പത്തും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.  ഇതോടൊപ്പം  വൺസ് എ ബ്ലൂടൈഗേഴ്സ്, ഓൾവെയ്സ് എ ബ്ലൂ ടൈഗേഴ്സ്  എന്ന പുതിയ ടീം സ്ലോഗനും  അദ്ദേഹം അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്  ക്രിസ് ഗെയിൽ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ സീസണിൽ സലി സാംസൺ കാഴ്ചവെച്ചത് സമാനതകളില്ലാത്ത നേതൃപാടവമാണെന്നും ബേസിൽ തമ്പിയുടെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നും ക്രിസ് ഗെയിൽ പറഞ്ഞു. ഈ കൂട്ടുകെട്ടിൽ ടീമിന് പൂർണ്ണ വിശ്വാസമുണ്ടെന്നും കിരീടം നിലനിർത്താൻ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം   കേരളത്തിലെത്തുന്ന ഗെയിൽ  കൊച്ചിയുടെ  മത്സരം നേരിട്ട് കാണാൻ ഗ്രീൻഫീൽഡിലെത്തും. ആരാധകരുടെ പിന്തുണ സ്റ്റേഡിയത്തിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

നേതൃത്വ മികവാണ് വിജയത്തിന്റെ അടിത്തറയെന്നും സലിയുടെയും ബേസിലിന്റെയും നേതൃത്വത്തിൽ ബ്ലൂടൈഗേഴ്സ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. ചാമ്പ്യൻപട്ടം നിലനിർത്താൻ കൂടുതൽ ശക്തരായ ടീമിനെയാണ് ഇത്തവണ കളത്തിലിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img