
ചോറ്റാനിക്കരയിൽ ഭജനയ്ക്കെത്തിയ ഇരട്ടസഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിത പൊലീസിന് നൽകിയ മൊഴി വിചിത്രം. കൊലപാതകം നടത്താൻ കാരണം ഉൾവിളിയാണെന്നാണ് സജിത അന്വേഷണസംഘത്തോട് പറഞ്ഞത്. കണ്ണൂർ ചക്കരക്കൽ സ്വദേശിനിയായ സബിതയാണ് ചോറ്റാനിക്കരയിലെ സത്രത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ സബിതയുടെ ഇരട്ടസഹോദരിയായ സജിതയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സബിത കട്ടിലിൽനിന്ന് വീണാണ് മരിച്ചതെന്നായിരുന്നു സജിത ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ കരുതൽ തടങ്കലിലായിരുന്ന സജിതയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സഹോദരിയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും മുഖത്ത് വെള്ളമൊഴിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്തതായി സജിത മൊഴി നൽകിയെന്നാണ് വിവരം.
അതേസമയം, സഹോദരിമാർ തമ്മിലുണ്ടായ തർക്കത്തെക്കുറിച്ചോ അക്രമത്തെക്കുറിച്ചോ അറിയില്ലെന്നും സംഭവം നടക്കുമ്പോൾ ഉറക്കത്തിലായിരുന്നുവെന്നുമാണ് സഹോദരൻ സുധീർ പൊലീസിന് നൽകിയ മൊഴി.
കഴിഞ്ഞ 29നാണ് കണ്ണൂർ സ്വദേശികളായ ഇരട്ടസഹോദരിമാരായ സബിതയും സജിതയും സഹോദരൻ സുധീർ കുമാറും ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയ്ക്കെത്തിയത്. തുടർന്ന് സത്രത്തിലെ ഒരേ മുറിയിലായിരുന്നു മൂന്നുപേരും താമസിച്ചിരുന്നത്. കൊലപാതകം നടന്ന മുറി പിന്നീട് വൃത്തിയാക്കിയ നിലയിലാണ് കണ്ടെത്തിയത്. തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണോ മുറി വൃത്തിയാക്കിയതെന്ന സംശയത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെയും കേസിൽ അറസ്റ്റ് ചെയ്തത്.










