04:10am 20 October 2026
NEWS
ചോറ്റാനിക്കരയിലെ യുവതിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കില്ല

02/02/2025  12:09 PM IST
nila
ചോറ്റാനിക്കരയിലെ യുവതിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കില്ല

ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിതയായ യുവതിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുഴിപ്പുറത്ത് അനൂപിനെതിരെ (24) കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. ഇതുസംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. യുവതിയുടെ സുഹൃത്തായിരുന്ന അനൂപിന്റെ മർദ്ദനം സഹിക്കാനാകാതെ പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

എറണാകുളം ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് പെൺകുട്ടി നേരിട്ട മർദനത്തിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. കെട്ടിത്തൂങ്ങിയതാണ് യുവതിയുടെ മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനൂപിനെ കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചത്.  ഫാനിൽ കെട്ടിത്തൂങ്ങിയ പെൺകുട്ടി പിടയ്ക്കുന്നതു കണ്ട പ്രതി ഷോൾ അറുത്ത് താഴെയിടുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിക്കു കൃത്യസമയത്തു വൈദ്യസഹായം നൽകാൻ പ്രതി തയാറാകാതിരുന്നതും ആരോഗ്യനില മോശമാക്കി. 

മരണത്തിനു മുൻപു പെൺകുട്ടിക്കു ക്രൂരമായ മർദനമേറ്റിട്ടുണ്ട്. ലൈംഗിക അതിക്രമത്തിനും ശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ കഴുത്തിൽ കുരുക്കിട്ടതിനെ തുടർന്നുണ്ടായ പരുക്കാണ് മരണകാരണമെന്നതും കെട്ടിത്തൂങ്ങാൻ ശ്രമിച്ചപ്പോൾ പ്രതി ഷാൾ മുറിച്ചു താഴെയിട്ടു എന്നതുമാണ് കൊലക്കുറ്റം ചുമത്താതിരിക്കാനുള്ള കാരണമായി പൊലീസ് പറയുന്നത്. എന്നാൽ എഫ്ഐആറിൽ പ്രതിക്കെതിരെ വധശ്രമവും ബലാൽസംഗവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. അതേസമയം, റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img