
മുംബൈ: ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് പർവ്വതാരോഹണ രംഗത്ത് പുതിയ ലോകറെക്കോർഡ് കുറിച്ച് ചോൻസിൻ ആങ്മോ). ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് (ഏഷ്യ), എൽബ്രസ് (യൂറോപ്പ്), കിളിമഞ്ചാരോ (ആഫ്രിക്ക) എന്നിവ കീഴടക്കുന്ന ലോകത്തിലെ ഏക കാഴ്‌ചപരിമിതിയുള്ള വനിത എന്ന അപൂർവ്വ നേട്ടമാണ് ഹിമാചൽ സ്വദേശിനി സ്വന്തമാക്കിയത്.
2025 ജനുവരി ആദ്യവാരം ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ (5,895 മീറ്റർ) കീഴടക്കിയതോടെയാണ് ആങ്മോ ഈ ചരിത്രനേട്ടത്തിൽ എത്തിയത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥയായ ആങ്മോയ്ക്ക് ബാങ്ക് അധികൃതർ പൂർണ്ണ സാമ്പത്തിക സഹായം നൽകിയിരുന്നു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കിളിമഞ്ചാരോയിലെ ലെമോഷോ റൂട്ട് വഴിയായിരുന്നു ആങ്മോയുടെ യാത്ര. അതിശൈത്യം, ശക്തമായ മഞ്ഞുവീഴ്‌ച, കാഴ്‌ച മറയ്ക്കുന്ന മൂടൽമഞ്ഞ് തുടങ്ങിയ കടുത്ത വെല്ലുവിളികളെ മറികടന്നാണ് അവർ ലക്ഷ്യസ്ഥാനത്തെത്തിയത്. പർവ്വതാരോഹണ ഏജൻസിയായ 'ബൂട്ട്‌സ് ആൻഡ് ക്രാംപൺസ്' ദൗത്യത്തിന് സാങ്കേതിക സഹായം നൽകി.
പരിമിതികൾ സ്വപ്‌നങ്ങൾക്ക് തടസ്സമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ ധീരവനിത.
Photo Courtesy - Google










