
ആലപ്പുഴ തലവടി സ്വദേശിയുടെ മരണം കോളറ ബാധമൂലമല്ലെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. തലവടി സ്വദേശി പി.ജി. രഘു (48) മരിച്ചത് കോളറ ബാധയെ തുടർന്നെന്ന അഭ്യൂഹം ഉയർന്നിരുന്നു. കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രഘു മരിച്ചത്. രഘുവിന്റെ രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ, വിസർജ്യ സാംപിൾ പരിശോധിച്ചതിൽ കോളറ കണ്ടെത്താനായില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
രക്തപരിശോധന ഫലവും വിസർജ്യ സാംപിൾ പരിശോധനാ ഫലവും പോസിറ്റീവ് ആണെങ്കിൽ മാത്രമേ കോളറ സ്ഥിരീകരിക്കാനാകൂവെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളായിരുന്നു രഘു.
ഇന്നു പുലർച്ചെയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഘു മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണു കോളറ സാന്നിധ്യം കണ്ടെത്തിയത്. വിസർജ്യ പരിശോധനഫലം ഇന്നു രാവിലെയാണു ലഭിച്ചത്. തലവടി സ്വദേശിയെ കടുത്ത വയറിളക്കവും ഛർദിയുമായാണ് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്.











