07:57am 26 April 2026
NEWS
ചിത്രപ്പുഴപോഞ്ഞാശ്ശേരി റോഡ് നവീകരണം പി.വി.ശ്രീനിജന്റെ അഴിമതിക്ക് ഹൈക്കോടതിയുടെ പ്രഹരം
24/04/2026  08:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചിത്രപ്പുഴപോഞ്ഞാശ്ശേരി റോഡ് നവീകരണം പി.വി.ശ്രീനിജന്റെ  അഴിമതിക്ക് ഹൈക്കോടതിയുടെ പ്രഹരം
HIGHLIGHTS

പി.വി. ശ്രീനിജന്‍ കുന്നത്തുനാടിനെ കൊള്ളയടിക്കുകയായിരുന്നുവെന്ന്  സാബു എം. ജേക്കബ്

കിഴക്കമ്പലം : ചിത്രപ്പുഴ പോഞ്ഞാശ്ശേരി റോഡ് നവീകരണത്തിന്റെ മറവില്‍ പി.വി.ശ്രീനിജനും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വന്‍ അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും ഹൈക്കോടതിയുടെ കനത്ത പ്രഹരം. ചിത്രപ്പുഴപോഞ്ഞാശ്ശേരി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്താനുള്ള പി.വി.ശ്രീനിജന്റെ ഗുഢാലോചനയാണ് ഹൈക്കോടതി ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവിലൂടെ പൊളിഞ്ഞത്. 

2021ല്‍ 1,72,04,015 രൂപയ്ക്ക് ചിത്രപ്പുഴ പോഞ്ഞാശ്ശേരി റോഡിന്റെ  നവീകരണ കരാര്‍ വിജയ് കണ്‍സ്ട്രക്ഷന്‍സ് സ്വന്തമാക്കിയിരുന്നു. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതകുറവും പ്രതികൂല കാലാവസ്ഥയും കാരണം പണി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. റോഡിന്റെ ചുമതലയുള്ള  ഉദ്യോഗസ്ഥര്‍ കോണ്‍ട്രാക്ടറുടെ ആവശ്യം ന്യായമാണെന്ന് കണ്ട്  കൂടുതല്‍ സമയം അനുവദിച്ചു. എന്നാല്‍ അഴിമതിക്ക് സാധ്യത തിരിച്ചറിഞ്ഞ ശ്രീനിജന്‍ പി.ഡബ്ല്യു.ഡി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കൃത്രിമ മിനിട്‌സുണ്ടാക്കി കരാര്‍ റദ്ദാക്കുകയും കോണ്‍ട്രാക്ടറുടെ ലൈസന്‍സ് പുതുക്കി നല്‍കാതെ കരിമ്പട്ടികയില്‍പ്പെടുത്തി ഭീമമായ പിഴയും ചുമത്തി പീഡിപ്പിച്ചു. തുടര്‍ന്ന് ഈ റോഡിന്റെ നവീകരണത്തിന് റീടെണ്ടര്‍ നടത്തി തന്റെ ഇഷ്ടക്കാരന് 55 ലക്ഷത്തിലധികം രൂപ അധികം അനുവദിച്ച് കരാര്‍ ഉറപ്പിക്കുകയായിരുന്നു. ഇതിന് മന്ത്രിസഭയുടെ പ്രത്യേക അനുമതിയും തരപ്പെടുത്തി. ഈ പകല്‍ക്കൊള്ളകള്‍ക്കെതിരെ വിജയ് കണ്‍സ്ട്രക്ഷന്‍സ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ്  ഞെട്ടിക്കുന്ന അഴിമതിക്കഥ പുറത്തായത്. പി.വി.ശ്രീനിജന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും അനധികൃത ഇടപെടലുകള്‍ എടുത്തുപറഞ്ഞ ഹൈക്കോടതി റീടെണ്ടര്‍ നടപടികള്‍ റദ്ദുചെയ്ത് വിജയ് കണ്‍സട്രക്ഷന്‍സിന് പണി പൂര്‍ത്തിയാക്കാനുള്ള അവസരം നല്‍കാന്‍ ഉത്തരവിട്ടു.  

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സ്‌ളേറ്റ് പദ്ധതിയുള്‍പ്പെടെ കുന്നത്തുനാട്ടില്‍ വികസനത്തിന്റെ മറവില്‍ ശ്രീനിജന്‍ നടപ്പാക്കിയ മുഴുവന്‍ പദ്ധതികളുടെ പിന്നിലും ഇത്തരലുളള വന്‍ സാമ്പത്തിക കൊള്ളയാണ് നടന്നിട്ടുള്ളത്. ഇവയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപ ഖജനാവിന് നഷ്ടമുണ്ടാക്കാന്‍ കൂട്ടുനിന്ന അഴിമതിക്കാരായ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img