12:19am 10 August 2026
NEWS
രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് വിദ്യാർത്ഥികളെടുക്കുന്ന തീരുമാനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
08/08/2026  06:05 PM IST
nila
രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് വിദ്യാർത്ഥികളെടുക്കുന്ന തീരുമാനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: അടുത്ത മൂന്ന് മുതൽ നാല് പതിറ്റാണ്ടിനിടെ വിദ്യാർഥികൾ എടുക്കുന്ന തീരുമാനങ്ങൾ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ നിർണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഐടി ഡൽഹിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ തലമുറയ്ക്കും അതത് കാലഘട്ടത്തിലെ പ്രത്യേക വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും അതോടൊപ്പം രാജ്യത്തോടുള്ള ഉത്തരവാദിത്തവും നിറവേറ്റേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിലെ അടുത്ത 30-35 വർഷങ്ങളിൽ വിദ്യാർഥികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വികസന യാത്രയെ സ്വാധീനിക്കും. അതിനാൽ ഓരോ തീരുമാനവും രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ലോകവും സാങ്കേതികവിദ്യയും അതിവേഗം മാറുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ എപ്പോഴും ജിജ്ഞാസ നിലനിർത്തണം. അടുത്ത 20-30 വർഷത്തിനിടെ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താൽപര്യം ജീവിതത്തിലുടനീളം നിലനിർത്തണമെന്നും മോദി പറഞ്ഞു.

പുതിയ സാഹചര്യങ്ങളെയും വെല്ലുവിളികളെയും ധൈര്യത്തോടെ നേരിടുന്നവർക്ക് അവയെ അവസരങ്ങളാക്കി മാറ്റാൻ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുവാക്കൾക്കായി രാജ്യത്ത് നിരവധി പുതിയ അവസരങ്ങൾ തുറന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമികണ്ടക്ടർ മേഖലയിലെ ഇന്ത്യയുടെ വളർച്ചയും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഈ മേഖലയിൽ സർക്കാർ ആദ്യ ചുവടുവച്ചപ്പോൾ നിരവധി പേർ സംശയങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ന് രാജ്യത്തെ ആദ്യ സെമികണ്ടക്ടർ യൂണിറ്റിൽ ഉൽപാദനം ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇന്ത്യയിൽ തന്നെ നിർമിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. യുവതലമുറയുടെ അറിവും കഴിവും രാജ്യത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img