03:37pm 29 April 2026
NEWS
ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം: സമ്മർദ്ദങ്ങൾക്ക് വഴങ്ങിയ ഗവണ്മെന്റാണ് പ്രതിക്കൂട്ടിൽ.
05/06/2025  11:20 AM IST
വിഷ്ണുമംഗലം കുമാർ
ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം: സമ്മർദ്ദങ്ങൾക്ക് വഴങ്ങിയ ഗവണ്മെന്റാണ് പ്രതിക്കൂട്ടിൽ

ബംഗളുരു: കന്നഡിഗരുടെ ക്രിക്കറ്റ് ആവേശം തലമുറകൾക്ക് മുമ്പേ ആരംഭിച്ചതാണ്. നമ്മൾ നാട്ടിൻപുറങ്ങളിൽ തലപ്പന്ത് കളിച്ചുനടന്നിരുന്ന കാലത്ത് കന്നഡക്കാർ ഗ്രാമ നഗര വ്യത്യാസമില്ലാതെ ക്രിക്കറ്റിൽ അഭിരമിക്കുകയായിയുന്നു. റേഡിയോ കമന്ററിയിലൂടെ സംസ്ഥാനമൊട്ടാകെ പടർന്നിരുന്ന ക്രിക്കറ്റ് മാച്ചുകൾ ടെലിവിഷൻ വന്നതോടെ പതിനായിരങ്ങൾക്ക് നേർക്കാഴ്ച്ചയുടെ ആനന്ദം പകർന്നു. അനുനിമിഷം മാറ്റം കൈവരിക്കുന്ന, പുതിയ സാധ്യതകൾ തേടുന്ന ഇന്റർനെറ്റ്‌ മൊബൈൽ യുഗം പിറന്നതോടെ ക്രിക്കറ്റാവേശം പതിന്മടങ് വർധിക്കുകയും ബാലകൗമാരങ്ങളുടെ പ്രധാന ഉല്ലാസക്കളിയായി പരിണമിക്കുകയും ചെയ്തു. ഓരോരുത്തരും ഛായാഗ്രഹരായ റീൽയുഗത്തിൽ ആവേശവും ആസക്തിയും പാരമ്യത്തിലെത്തി. കോടികൾ കൈമറിയുന്ന, ആഡംബരവും ധൂർത്തും പതഞ്ഞുയരുന്ന, സ്പോർട്സ് മാൻ സ്പിരിറ്റ്‌ കച്ചവടച്ചരക്കായി അധഃപതിച്ച ഐപിഎൽ പോലുള്ള മത്സരങ്ങൾ വന്നതോടെ ക്രിക്കറ്റ് ഭ്രാന്തിന് മറ്റൊരു മാനം കൈവന്നു. ഈ പ്രസ്റ്റീജ് കളിയും വിലയേറിയ കളിക്കാരും പലപ്പോഴും കാപട്യം കലർന്നതെന്ന് തോന്നിപ്പിക്കുന്ന അവരുടെ പ്രകടനങ്ങളും യുവജനങ്ങളെ സ്വാധീനിക്കുന്നത് കറകളഞ്ഞ സ്പോർട്സ് മാൻ  സ്പിരിറ്റിലൂടെയല്ലെന്ന് പറഞ്ഞുവെക്കുന്നത് ധനാധിഷ്ഠിത കെട്ടുകാഴ്ചയായി തരംതാണിട്ടില്ലായിരുന്ന പഴയ കാലത്തെ നല്ല ക്രിക്കറ്റിനെ സ്നേഹിക്കുന്ന മുൻ തലമുറക്കാർ തന്നെയാണ്. പക്ഷെ യുവതലമുറയോടൊപ്പം പഴയ തലമുറയിലെ നല്ലൊരു വിഭാഗത്തെയും പുത്തൻ ക്രിക്കറ്റ് ജ്വരം ബാധിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ചെറുപ്പത്തിൽ ക്രിക്കറ്റ് കളിച്ചുനടക്കുകയും മാച്ചുകളിൽ മനസ്സും ശരീരവും അർപ്പിക്കുകയും ചെയ്തിരുന്ന ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ബിസ്സിനസ്സുകാരുമെല്ലാം പുത്തൻ ക്രിക്കറ്റാവേശത്തിൽ അഭിരമിക്കുന്നവരാണ് എന്ന യാഥാർഥ്യം ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കവാടത്തിലുണ്ടായ മഹാദുരന്തം ശരിവെക്കുന്നു. അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലപ്പെട്ടവർ ക്രഡിറ്റ് അടിച്ചെടുക്കാനുള്ള അതിരുവിട്ട ആവേശത്തിൽ ചുമതലാബോധം വിസ്മരിച്ചതാണ് ദുരന്തമുണ്ടായതിന്റെ പ്രധാനകാരണം. ക്രിക്കറ്റ് അസോസിയേഷന്റെ, വിജയകിരീടം ചൂടിയ ടീമിന്റെ ഉടമസ്ഥരുടെ, സ്പോൺസർമാരുടെ, ഇടനിലക്കാരുടെ, മുതലെടുപ്പുകാരുടെ താല്പര്യങ്ങൾക്ക് വഴങ്ങിയ സംസ്ഥാന ഗവണ്മെന്റ്റുതന്നെയാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. തലേന്ന് രാത്രി അഭിമാനമത്സരത്തിൽ വിജയിച്ച് കപ്പ് നേടിയ ടീമിനെ, ആരാധകർ ആവേശക്കൊടുമുടിയിൽ നിൽക്കെ പിറ്റേന്ന് രാവിലെ തന്നെ ക്ഷണിച്ചുവരുത്തി അനുമോദിക്കാൻ തീരുമാനിച്ചതിൽനിന്നാണ് വീഴ്ചകളുടെ തുടക്കം.എച്ച് എ എൽ എയർപോർട്ടിൽ വന്നിറങ്ങിയ സൂപ്പർതാരങ്ങൾ അടങ്ങിയ ടീമിനെ സ്റ്റാർ ഹോട്ടലിലേക്കും അവിടെനിന്ന് വിധാനസൗധ അങ്കണത്തിലേക്കും തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കും എത്തിക്കാൻ തീരുമാനിച്ചത് രണ്ടാമത്തെ തെറ്റാണ്. ആവേശം ജ്വലിച്ചുനിൽക്കേ ആരാധകരെ നിയന്ത്രിക്കാനും വേണ്ടത്ര സുരക്ഷ ഒരുക്കാനുമുള്ള സാവകാശം പോലീസിന് ലഭിച്ചിരുന്നില്ല. ഗതാഗതം സുഗമാക്കാനും ആൾക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാനും ആവശ്യമായ പോലീസ് ഫോഴ്‌സ് ഉണ്ടായിരുന്നില്ല ( തലേന്ന് രാത്രി മാച്ച് കാണാനും അനുബന്ധ വിജയാഹ്ലാദം പങ്കിടാനും പലേടത്തും ഒത്തുകൂടിയരിൽ ഡ്യൂട്ടിയിലല്ലാത്ത പോലീസുകാരും ഉണ്ടായിരുന്നു) നഗരത്തിന്റെ അഭിമാനമായ റോയൽ ചാലങ് ടീം ആദ്യമായി ഐപിഎൽ മത്സരത്തിൽ വിജയശ്രീലാളിതരായതിന്റെ സന്തോഷം പങ്കിടാൻ നഗരത്തിലെ നിരവധി കേന്ദ്രങ്ങളിൽ രാത്രി മുതൽ പുലർച്ച വരെ ലഹരിയുടെ പിൻബലമുള്ള ആഘോഷപരിപാടികളുണ്ടായിരുന്നു. സ്റ്റാർഹോട്ടലുകളും ക്ലബ്ബുകളും പബ്ബുകളുമൊക്കെ വിപുലമായ പരിപാടികൾ ഒരുക്കിയിരുന്നു. അതിന്റെ ആവേശം ഇരട്ടിപ്പിക്കുന്ന ക്ലൈമാക്സ്‌ ആയാണ് ടീം നേരിട്ടെത്തുന്നു എന്ന വാർത്ത പരന്നത്. അനുമോദനച്ചടങ്ങുകളിലേക്ക് ആരാധകരെ എത്തിക്കാൻ സംഘാടകരും സ്പോൺസർമാരും സോഷ്യൽ മീഡിയയിലൂടെ വൻ പ്രചാരമാണ് നടത്തിയത്. പബ്ലിസിറ്റിയും സാമ്പത്തിക ലാഭവുമായിരുന്നു അവരുടെ ലക്ഷ്യം. സ്റ്റേഡിയത്തിലെ വിജയഹ്ലാദ കൂട്ടായ്മയിലേക്ക് പ്രവേശനം സൗജന്യമാണെന്ന പ്രചാരണമാണ് വിനയായത്. പ്രധാന മത്സരങ്ങൾ നടക്കുമ്പോൾ അവിടെ എത്തിനോക്കാൻ പോലും കഴിയാതിരുന്ന ആരാധകർ ഇതൊരു അവസരമായി കണ്ട് അങ്ങോട്ടേക്ക് പ്രവഹിക്കുകയായിരുന്നു. വിധാനസൗധ അങ്കണത്തിലെ അനുമോദനചടങ്ങിലേക്ക് ഒരു ലക്ഷത്തോളം ക്രിക്കറ്റ് പ്രേമികൾ എത്തിയിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുത്ത ആ ചടങ്ങിന്റെ സുരക്ഷയ്ക്കാണ് പോലീസ് പ്രാധാന്യം കൊടുത്തത്. തെല്ലകലെയുള്ള സ്റ്റേഡിയത്തിന്റെ അടുത്തേക്ക് ആരാധകർ പ്രവഹിക്കുന്നത് തടയാൻ ഫലപ്രദമായ ബന്തവസ് ഏർപ്പെടുത്തിയിരുന്നില്ല. വിധാനസൗധയിൽ നിന്ന് കബ്ബൺ പാർക്ക് വഴി ചിന്നസ്വാമി സ്റ്റേഡിയത്തിന് അടുത്തെത്താൻ എളുപ്പവഴിയുണ്ട്. ജനവികാരം മനസ്സിലാക്കിയ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്വീകരണം വിധാനസൗധ അങ്കണത്തിൽ ഒതുക്കാനും സ്റ്റേഡിയത്തിലെ പരിപാടി മാറ്റിവെക്കാനും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വിവേകം നഷ്ടപ്പെട്ട് ആവേശത്തിന് അടിപ്പെട്ടുപോയ രാഷ്ട്രീയാധികാരികൾ അത് ചെവിക്കൊണ്ടില്ല. ടീം അംഗങ്ങളുടെ തുറന്ന ബസ്സിലെ യാത്ര ഒഴിവാക്കാനേ അനുമതി നൽകിയുള്ളൂ. വിധാനസൗധ യിലെ പരിപാടി കഴിയും മുമ്പുതന്നെ 35000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം നിറഞ്ഞിരുന്നു. ഇരുപത് ഗേറ്റുകളുള്ള സ്റ്റേഡിയത്തിന്റെ മൂന്നു ഗേറ്റുകൾ മാത്രമെ പിന്നീട് തുറന്നുള്ളൂ. ഗേറ്റിന് മുന്നിലെ തിരക്ക് വർധിച്ചുകൊണ്ടിരുന്നു. വിധാനസൗധ പരിപാടി കഴിഞ്ഞെത്തിയവരും ചേർന്നതോടെ അവിടം ജനസമുദ്രമമായി. അകത്തുകടക്കാൻ ആരാധകർ തിക്കിതിരക്കി. സ്ലാബ് തകർന്നാണ് മൂന്നു ജീവനുകൾ നഷ്ടപ്പെട്ടത്. പോലീസ് ലാത്തിചാർജ്ജും ആരംഭിച്ചതോടെ ആളുകൾ പരക്കം പാഞ്ഞു. ബഹളത്തിൽ പതിനൊന്ന് വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞു. നാൽപതോളം പേർക്ക് പരിക്കേറ്റു. പുറത്ത് ദുരന്തം സംഭവിക്കുമ്പോഴും സ്റ്റേഡിയത്തിനകത്ത് വിജയാഹ്ലാദ പരിപാടികൾ തുടരുകയായിരുന്നു. പിന്നീട് എപ്പോഴോ അത് അവസാനിച്ചു. മുഖ്യമന്ത്രി ജൂഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതിരില്ലാതെ വിജയാഹ്ലാദമാണ് കണ്ണീർ കടലായി പരിണമിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img