
അരനൂറ്റാണ്ടുമുമ്പ് നിലവിൽ വന്നതിൽ പിന്നെ ആദ്യമായി ഒരു ദുരന്തത്തിന് നിമിത്തമാകേണ്ടി വന്നതോടെ ബംഗളുരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം ഗവണ്മെന്റിന്റെ നിരീക്ഷണത്തിനും പരിശോധനകൾക്കും പാത്രമായിരിക്കുകയാണ്. അധികാര സിരാകേന്ദ്രമായ വിധാനസൗധയ്ക്കും നഗരഹൃദയമായ എം ജി റോഡിനും ഇടയിൽ പ്രശസ്തമായ കബ്ബൺ പാർക്കിന് സമീപമായാണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. 1969ൽ സംസ്ഥാന ഗവണ്മെന്റ് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ 16ഏക്ര സ്ഥലത്ത് സ്റ്റേഡിയം നിർമ്മിച്ചത് കെഎസ് സിഎ( കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ) ആണ്. അന്നുമുതൽ കാലാകാലം ആവശ്യമായ അറ്റകുറ്റപണികളും വികസനപ്രവർത്തനങ്ങളും നടത്തി സ്റ്റേഡിയം പരിപാലിച്ചുപോരുന്നത് കെ എസ് സിഎയാണ്. ഭൂമി പൊതുമരാമത്ത് വകുപ്പിന്റെ വകയാണ്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്റ്റേഡിയം നിലക്കൊള്ളുന്ന പ്രദേശത്ത് ഇപ്പോൾ ഭൂമിയ്ക്ക് ശതകോടികൾ വിലയുണ്ട്. ദുരന്തമുണ്ടായ സാഹചര്യത്തിൽ സ്റ്റേഡിയം നഗരത്തിന് പുറത്ത് അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള ആലോചന ഗവണ്മെന്റ് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. രൂക്ഷമായ ഗതാഗതക്കുരുക്കും അധികൃതർ അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നമാണ്. ദുരന്തവുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് ആർസി ബി, ഡിഎൻഎ എന്നിവയോടൊപ്പം കെ എസ് സി എ യും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയും ട്രഷറർ ഇ എസ് ജയറാം അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനെതിരെ ഗവണ്മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ട് കെ എസ് സിഎ ഹൈക്കോടതിയെ സമീപിച്ചത് ഭരണാധികാരികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. മന്ധ്യ സ്വദേശിയും അഭിഭാഷകനുമായിരുന്ന എം ചിന്നസ്വാമിയാണ് കെ എസ് സി എ രൂപീകരണത്തിന് മുൻ കൈയെടുത്തതും ഗവൺമെന്റിൽ നിന്ന് പാട്ടത്തിന് ഭൂമി ലഭ്യമാക്കി സ്റ്റേഡിയം നിർമിക്കാൻ മേൽനോട്ടം വഹിച്ചതും. ദീർഘകാലം കെ എസ് സി എ സെക്രട്ടറിയായിരുന്ന അദ്ദേഹം 1991ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനാണ് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേര് സ്വീകരിച്ചത്. സ്റ്റേഡിയത്തിന് കോടികളുടെ വരുമാനമുണ്ടെങ്കിലും തുച്ഛമായ സ്ഥലവാടകയേ ഗവണ്മെന്റിന് ലഭിക്കുന്നുള്ളൂ. വർഷത്തിൽ 19000 രൂപയാണ് വാടകയായി നൽകുന്നത്. 1973-74 കാലയളവിലാണ് സ്റ്റേഡിയം പൂർണ്ണമായി സജ്ജമായത്. എഴുപതുകളിൽ തന്നെ ടെസ്റ്റ് സ്റ്റാറ്റസ് നേടി. നിരവധി ദേശീയ അന്തർദേശീയ ക്രിക്കറ്റ് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്. നാഷണൽ ക്രിക്കറ്റ് അക്കാദമിയും സ്റ്റേഡിയത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. വിപണിമൂല്യം അനുസരിച്ച് വാടക പുതുക്കി നിശ്ചയിക്കാൻ 2005 ൽ സിഎജി നിർദ്ദേശിച്ചിരുന്നു. വാടക കുറവായതിനാൽ സംസ്ഥാന ഖജനാവിന് 202.78 കോടിയുടെ വരുമാനനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് അന്ന് സിഎജി കണ്ടെത്തിയത്. എന്നാൽ രാഷ്ട്രീയസ്വാധീനം മൂലം വാടക പുതുക്കൽ നടന്നില്ല. സിഎജിയുടെ പരാമർശങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്നു. 2012-ൽ പൊതുമരാമത്ത് വകുപ്പ് വാർഷിക വാടക 78.70 കോടിയായി പുതുക്കി നിശ്ചയിച്ചെങ്കിലും അത് പ്രാബല്യത്തിൽ വന്നില്ല. ഇപ്പോഴും വാർഷിക വാടകയായി അടക്കുന്നത് കേവലം 19000 രൂപയാണ്. പാട്ടക്കരാർ 99 വർഷത്തേക്കാണെങ്കിലും 30 കൊല്ലം കൂടുമ്പോൾ പുതുക്കണമെന്ന് വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ പ്രകാരം 2029 ൽ കരാർ പുതുക്കേണ്ടതുണ്ട്. ബംഗളുരു നഗരം അവിശ്വസനീയമാംവിധം വികാസം പ്രാപിച്ച സാഹചര്യത്തിൽ സ്റ്റേഡിയം നഗരപ്രാന്തത്തിലേക്ക് മാറ്റണമെന്ന അഭിപ്രായത്തിനാണ് ഗവണ്മെന്റിൽ മുൻതൂക്കം. മറ്റൊരിടത്ത് ആവശ്യമായ ഭൂമി ഗവണ്മെന്റ് അനുവദിച്ചേക്കും. ഇപ്പോൾ സ്റ്റേഡിയം നിലനിൽക്കുന്ന കണ്ണായ സ്ഥലം തിരിച്ചെടുത്തേക്കും. കെ എസ് സി എ അതിന് തയ്യാറാകുമോ എന്ന് വ്യക്തമല്ല. കേസിൽ പെട്ട് ആടിയുലയുകയാണ് കെ എസ് സി എ. മറ്റു പ്രധാന ഭാരവാഹികളും അറസ്റ്റിലായേക്കും. നിലവിൽ മുൻ ക്രിക്കറ്റർ രഘുറാം ഭട്ട് ആണ് പ്രസിഡന്റ്. എ. ശങ്കർ സെക്രട്ടറിയും. സ്റ്റേഡിയത്തിന്റെ കവാടത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു വിലപ്പെട്ട ജീവനുകൾ പൊലിയാനിടയായ ദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ്സിൽ കെ എസ് സി എ മൂന്നാംപ്രതിയാണ്. കേസ്സിന്റെ വിധി വരാൻ കാലതാമസമുണ്ടാവും. അതുവരെ, അല്ലെങ്കിൽ കോടതി അനുവദിക്കും വരെ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കാനിടയില്ല. നഗരഹൃദയത്തിൽ നിന്ന് സ്റ്റേഡിയം തന്നെ മാറ്റപ്പെടുമോ? കാത്തിരുന്ന് കാണാം.
Photo Courtesy - Google











