
ചെങ്ങന്നൂർ: ആധ്യാത്മിക വളർച്ചയ്ക്കും സ്വയം തിരിച്ചറിവിനും സഹായിക്കുന്നതാണ് ചിന്മയാമിഷൻ്റെ പ്രവർത്തനങ്ങൾ എന്ന് കേരളാ റീജ്യണൽ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി . ചിന്മയ മിഷന്റെ 75 -ാം വാർഷികം പ്രമാണിച്ച് നടത്തിയ അമൃതയാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ്റെ 75 -ാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന 'ചിന്മയ അമൃതോത്സവം' പത്തുലക്ഷം യുവാക്കൾക്ക് ആത്മീയ ഉണർവ് പകരാൻ ലക്ഷ്യമിട്ടിരിക്കുകയാണ്. സ്വാമി ചിന്മയാനന്ദൻ പഠിപ്പിച്ച ഗീതാ സന്ദേശങ്ങളിലൂടെയാണ് ഇതു സാദ്ധ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം അധ്യക്ഷൻ എസ്.ഡി വേണുകുമാർ അധ്യക്ഷനായിരുന്നു. ബ്രഹ്മചാരി സുധീർ ചൈതന്യ , ബ്രഹ്മചാരി നിഖിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ചിന്മയാമിഷൻ ചെങ്ങന്നൂർ സെൻ്റർ സെക്രട്ടറി എസ്. ആർ. സൂരജ് , ട്രഷറാർ കെ . ഷിബു ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ഹനുമാൻ ചാലിസ ഹവനത്തിന് സ്വാമി ശാരദാനന്ദ സരസ്വതി മുഖ്യ കാർമ്മികത്വം വഹിച്ചു. ബ്രഹ്മചാരിണിമാരായ താരിണി ചൈതന്യ , അനുപമ തുടങ്ങിയവർ സഹകാർമ്മികത്വം വഹിച്ചു.
പൂനെയിൽ നിന്നു പുറപ്പെട്ട് ചെങ്ങന്നൂർ വെള്ളാവൂർ ഇംഗ്ഷനിൽ ചിന്മയാനന്ദഗുരുവിൻ്റെ അർദ്ധകായ പ്രതിമയും പാദുകങ്ങളുമായി വന്ന ആത്മീയ യാത്രക്ക് ചെങ്ങന്നൂർ ചിന്മയാ വിദ്യാലയത്തിലേക്ക് ഭക്തിനിർഭരമായ വരവേൽപ് നൽകി. വാദ്യമേളങ്ങളും വഞ്ചിപ്പാട്ടും മുത്തുക്കുടകളും അകമ്പടിയായി. സ്‌കൂൾ കവാടത്തിൽ സംഘാംഗങ്ങളെ പൂർണ്ണകുംഭം നൽകി വരവേറ്റു. മിഷൻ രക്ഷാധികാരി സദാശിവൻ നായർ, എം. പി. പ്രതിപാൽ , അജയകുമാരൻ നമ്പൂതിരി , സ്‌കൂൾ മാനേജർ സി അശോക് ചന്ദ്രൻ , പ്രിൻസിപ്പൽ പ്രീതി ശ്രീകാന്ത്, ചിന്മയ യുവകേന്ദ്ര കോ ഓർഡിനേറ്റർ ബാലശങ്കർ, ശ്രീദേവീ ബാലകൃഷ്ണൻ, വിദ്യാധരൻ നമ്പൂതിരി, വി.കെ. ചന്ദ്രൻ , എസ്. വി പ്രസാദ്, ഗിരീഷ് നടരാജൻ, എസ്.കെ. ശ്രീകുമാർ , കെ.കെ. ശ്രീവിദ്യ, ജയകുമാർ, പത്മജ തുടങ്ങിയവർ നേതൃത്വം നൽകി.











