
ലോകമമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് പുതുവർഷ പിറവി. കൊല്ലവർഷം 1201 ചിങ്ങം ഒന്നാണ് ഇന്ന്. പുതുവർഷം മാത്രമല്ല, പുതിയ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ് ഈ ചിങ്ങം ഒന്ന്. എഡി 825–ൽ ആരംഭിച്ച കൊല്ലവർഷത്തിലെ പന്ത്രണ്ടാം നൂറ്റാണ്ട് അവസാനിച്ച് പതിമൂന്നാം നൂറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ്. വറുതിയുടെ മാസമായ കർക്കകടകം അവസാനിച്ച് സമ്പത്സമൃദ്ധിയുടെ പ്രതീക്ഷകളുമായാണ് മലയാളികൾ ചിങ്ങം ഒന്നിനെ വരവേൽക്കുന്നത്. ഇനി സമൃദ്ധിയുടെയും നന്മയുടെയും പ്രതീകമായ ഓണത്തിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക് മലയാളികൾ കടക്കും. കേരളത്തിൽ കർഷക ദിനമായും ചിങ്ങം ഒന്ന് ആചരിക്കുന്നു.
ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്നതാണ് മലയാളവർഷം. വേണാട് രാജാവായിരുന്ന ഉദയ മാർത്താണ്ഡവർമയാണു കൊല്ലവർഷത്തിനു തുടക്കമിട്ടതെന്നാണ് വിശ്വാസം. കൊല്ലത്ത് തുടങ്ങിയതിനാലാണ് ഇതിനെ കൊല്ലവർഷം എന്ന് വിളിക്കുന്നത്. ‘ആൻ ഇന്ത്യൻ എഫെമെറീസ്’ എന്ന ആധികാരിക ഗ്രന്ഥത്തിൽ എഡി 825 ജൂലൈ 25 ചൊവ്വാഴ്ച കൊല്ലവർഷം ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ആരാണ് കൊല്ലവർഷം ആരംഭിച്ചത് എന്നത് സംബന്ധിച്ച തർക്കവും നിലനിൽക്കുന്നുണ്ട്. വേണാട് രാജാവായിരുന്ന ഉദയ മാർത്താണ്ഡവർമയാണ് കൊല്ലവർഷത്തിന് തുടക്കമിട്ടത് എന്ന വാദത്തെ അംഗീകരിക്കാത്തവരുമുണ്ട്. കൊല്ലവർഷം ശങ്കരാചാര്യർ തുടങ്ങിവച്ചതാണെന്നും സപ്തർഷി വർഷത്തിന്റെ വകഭേദമാണെന്നുമൊക്കെയുള്ള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
1834 വരെ തിരുവിതാംകൂറിലെ സർക്കാർ രേഖകളിൽ കൊല്ലവർഷമാണ് ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷ് ഭരണത്തിലേക്കു മാറിയതോടെയാണ് ഇംഗ്ലിഷ് കലണ്ടറിലേക്ക് മാറിയത്.











