04:33pm 05 June 2026
NEWS
ലിങ്ക്ഡ്‌ഇൻ വഴി ചാരവൃത്തി; ചൈനീസ് നീക്കങ്ങൾക്കെതിരെ ഫൈവ് ഐസ് രാജ്യങ്ങളുടെ അപൂർവ സംയുക്ത മുന്നറിയിപ്പ്
05/06/2026  06:15 AM IST
nila
ലിങ്ക്ഡ്‌ഇൻ വഴി ചാരവൃത്തി; ചൈനീസ് നീക്കങ്ങൾക്കെതിരെ ഫൈവ് ഐസ് രാജ്യങ്ങളുടെ അപൂർവ സംയുക്ത മുന്നറിയിപ്പ്

ന്യൂയോർക്ക്: തൊഴിൽ അവസരങ്ങൾ തേടുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ ജോബ് പ്ലാറ്റ്‌ഫോമുകൾ ചൈനീസ് ചാരവൃത്തി ശൃംഖലകൾ ദുരുപയോഗം ചെയ്യുന്നുവെന്ന ഗുരുതര മുന്നറിയിപ്പുമായി അമേരിക്കയും സഖ്യരാജ്യങ്ങളും. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഫൈവ് ഐസ് സഖ്യമാണ് ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ലിങ്ക്ഡ്‌ഇൻ, ഇൻഡീഡ്, അപ്‌വർക്ക് തുടങ്ങിയ തൊഴിൽ പ്ലാറ്റ്‌ഫോമുകളിലൂടെ ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമാർ വ്യാജ റിക്രൂട്ടർമാരായും കൺസൾട്ടന്റുമാരായും പ്രത്യക്ഷപ്പെടുന്നതായി മുന്നറിയിപ്പിൽ പറയുന്നു. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്നതായി തോന്നിക്കുന്ന വ്യാജ കമ്പനികളുടെ പേരിലാണ് ഇവർ പ്രവർത്തിക്കുന്നത്. സർക്കാർ, പ്രതിരോധം, വിദേശനയം തുടങ്ങിയ മേഖലകളിൽ നിർണായക വിവരങ്ങളിലേക്ക് പ്രവേശനമുള്ള ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനങ്ങൾ.

ആകർഷകമായ ജോലി വാഗ്ദാനങ്ങളിലൂടെ ഉദ്യോഗാർഥികളുടെ റെസ്യൂമുകൾ ശേഖരിക്കുന്ന സംഘം, തുടർന്ന് ഓൺലൈൻ അഭിമുഖങ്ങളിലൂടെ അവരുടെ ഔദ്യോഗിക ബന്ധങ്ങളും സുരക്ഷാ ചുമതലകളും സൈനിക പശ്ചാത്തലവും സംബന്ധിച്ച വിവരങ്ങൾ തേടുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചൈന–ഇന്തോ-പസഫിക് മേഖല, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ റിപ്പോർട്ടുകൾ തയ്യാറാക്കാൻ ആവശ്യപ്പെടുകയും പിന്നീട് കൂടുതൽ രഹസ്യസ്വഭാവമുള്ള വിവരങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

ആദ്യഘട്ട സമ്പർക്കത്തിന് ശേഷം സംഭാഷണങ്ങൾ എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകളിലേക്ക് മാറ്റുകയും റിപ്പോർട്ടുകൾക്കും വിവരങ്ങൾക്കും പ്രതിഫലമായി നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് ഡോളർ വരെ ക്രിപ്റ്റോകറൻസിയിലൂടെ നൽകുകയും ചെയ്യുന്നതായും ഫൈവ് ഐസ് സഖ്യം ചൂണ്ടിക്കാട്ടുന്നു.

ദേശീയ സുരക്ഷാ ക്ലിയറൻസ് ഉള്ള ഉദ്യോഗസ്ഥർ, ഇൻഡോ-പസഫിക് മേഖലയിലെ സൈനികർ, സർക്കാർ വിവരങ്ങളിലേക്ക് പ്രവേശനമുള്ള അക്കാദമിക് വിദഗ്ധർ, മാധ്യമപ്രവർത്തകർ, ഫ്രീലാൻസ് എഴുത്തുകാർ, നയരൂപീകരണ വിദഗ്ധർ എന്നിവരാണ് പ്രധാന ലക്ഷ്യങ്ങളെന്ന് മുന്നറിയിപ്പിൽ പറയുന്നു.

യുകെയിലെ എംഐ5 ഉൾപ്പെടെയുള്ള വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ നൽകിയിരുന്ന മുന്നറിയിപ്പുകളുടെ തുടർച്ചയായാണ് ഈ അപൂർവ സംയുക്ത പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ഓൺലൈൻ തൊഴിൽ അവസരങ്ങൾ സ്വീകരിക്കുമ്പോൾ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും റിക്രൂട്ടർമാരുടെ പശ്ചാത്തലവും സൂക്ഷ്മമായി പരിശോധിക്കണമെന്നും സഖ്യരാജ്യങ്ങൾ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img