01:24am 06 November 2026
NEWS
15 മിനിറ്റ് കൊണ്ട് വാരിയെടുക്കാവുന്നത്ര തുക ബോണസ് നൽകി ചൈനീസ് കമ്പനി

30/01/2025  04:23 PM IST
nila
15 മിനിറ്റ് കൊണ്ട് വാരിയെടുക്കാവുന്നത്ര തുക ബോണസ് നൽകി ചൈനീസ് കമ്പനി

കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ബോണസ് നൽകുന്നത് സാധാരണയാണ്. എന്നാൽ, ഇപ്പോഴിതാ, ഒരു ചൈനീസ് കമ്പനി തങ്ങളുടെ ജീവനക്കാർക്ക് നൽകിയ ബോണസാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. 70 കോടി രൂപയാണ് ജീവനക്കാർക്കായി കമ്പനി ബോണസ് പ്രഖ്യാപിച്ചത്. ഒരൊറ്റ നിബന്ധന മാത്രം. 15 മിനിറ്റ് കൊണ്ട് എത്രത്തോളം തുക കൈക്കലാക്കാമോ അത്രയും തുക ജീവനക്കാർക്ക് സ്വന്തം. ചൈനയിലെ ഹെനനിലുള്ള ഹെനൻ മൈനിങ് ക്രെയ്ൻ കമ്പനിയാണ് വ്യത്യസ്തമായ രീതിയിൽ ബോണസ് വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സൈബർ ലോകത്ത് പ്രചരിക്കുന്നുണ്ട്. 

ചൈനീസ് സമൂഹമാധ്യമങ്ങളായ ഡൗയിൻ, വെയ്ബോ എന്നിവിടങ്ങളിൽ പ്രത്യ​ക്ഷപ്പെട്ട ബോണസ് വീഡിയോ പിന്നാലെ മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. വലിയ മേശപ്പുറത്ത് കറൻസി നോട്ടുകൾ നിരത്തിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. ജീവനക്കാർ എടുക്കാവുന്നതിന്റെ പരമാവധി പണം കൈപ്പിടിയിൽ എടുക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. ഒരാൾ ഒരു ലക്ഷം യുവാൻ പണം 15 മിനിറ്റിനുള്ളിൽ വാരിക്കൂട്ടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. അതായത് 15 മിനിറ്റിനുള്ളിൽ 12.07 ലക്ഷം രൂപയാണ് ഇയാൾ വാരിയെടുത്തത്. 

അതേസമയം, സമൂഹമാധ്യമങ്ങളിൽ വിഡിയോയോട് സമ്മിശ്ര പ്രതികരണമാണ്. ഞെട്ടലും അദ്ഭുതവും രേഖപ്പെടുത്തിയതിനൊപ്പം ഇത്തരമൊരു ബോണസ് വിതരണത്തെ വിമർശിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ആളുകളെ അപമാനിക്കുന്നതിനു തുല്യമാണെന്നും അവർ പറഞ്ഞു. 2023ലും ഇത്രത്തോളം തുക വാർഷിക അത്താഴ വിരുന്നിനോട് അനുബന്ധിച്ച് ജീവനക്കാർക്ക് ഈ കമ്പനി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img