
ദോഹ: ഖത്തറിലെ പാസഞ്ചർ കാർ വിപണിയിൽ ചൈനീസ് ബ്രാൻഡുകൾക്ക് വൻ മുന്നേറ്റം. ഖത്തർ വിപണിയിലെ ആകെ കാർ വിൽപ്പനയുടെ 30 ശതമാനവും ചൈനീസ് നിർമ്മിത കാറുകളാണെന്ന് ഖത്തറിലെ ചൈനീസ് അംബാസഡർ കാവോ സിയാവോലിൻ വ്യക്തമാക്കി. 2020 മുതൽ ഖത്തറിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന പദവി ചൈന നിലനിർത്തുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കഴിഞ്ഞ 12 വർഷമായി ശക്തമായി തുടരുകയാണ്. ഖത്തറും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 11 വർഷത്തിനിടെ 125 ശതമാനം വളർച്ച കൈവരിച്ചു. 2014-ൽ 10.6 ബില്യൺ യു.എസ് ഡോളറായിരുന്ന വ്യാപാര മൂല്യം 2025-ൽ 23.81 ബില്യൺ ഡോളറായി ഉയർന്നു. ഖത്തറിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ചൈന പൂർണ്ണ പിന്തുണ നൽകുമെന്നും അംബാസഡർ വ്യക്തമാക്കി.
ഊർജ്ജ മേഖല, ഇൻഫ്രാസ്ട്രക്ചർ വികസനം, സാമ്പത്തിക നിക്ഷേപം, നൂതന സാങ്കേതികവിദ്യ എന്നിവയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന സഹകരണം. വ്യാപാരത്തിന് പുറമെ വിനോദസഞ്ചാര മേഖലയിലും വലിയ പുരോഗതിയുണ്ട്. ചൈനീസ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി ദോഹ മാറിയിരിക്കുകയാണ്. 2025-ൽ ഏകദേശം 1,32,000 ചൈനീസ് സഞ്ചാരികളാണ് ഖത്തർ സന്ദർശിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവാണിത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തെക്കുറിച്ചും അംബാസഡർ പരാമർശിച്ചു. ആഗോള സമാധാനവും വികസനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ യു.എസ്, ചൈനീസ് പ്രസിഡന്റുമാർ തമ്മിൽ തുറന്നതും തന്ത്രപരവുമായ ചർച്ചകൾ നടന്നതായും ഇരു വൻശക്തികളും തമ്മിലുള്ള സഹവർത്തിത്വത്തിന് ആവശ്യമായ സുപ്രധാന ധാരണകളിൽ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.











