04:34pm 23 September 2026
NEWS
ഡോക്‌ലാം സംഘർഷം: ഇന്ത്യയിലെ ചൈനീസ് ബാങ്കിന്റെ 18.5 കോടി ഡോളർ വായ്പകളും നിക്ഷേപങ്ങളും മരവിപ്പിച്ചു
22/09/2026  08:31 AM IST
nila
ഡോക്‌ലാം സംഘർഷം: ഇന്ത്യയിലെ ചൈനീസ് ബാങ്കിന്റെ 18.5 കോടി ഡോളർ വായ്പകളും നിക്ഷേപങ്ങളും മരവിപ്പിച്ചു

ന്യൂഡൽഹി: ഡോക്‌ലാം സംഘർഷത്തിന്റെ പ്രത്യാഘാതം ഇന്ത്യയിലെ ചൈനീസ് ബാങ്കിന്റെ പ്രവർത്തനങ്ങളിലേക്കും വ്യാപിച്ചിരുന്നതായി റിപ്പോർട്ട്. 2017-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ 73 ദിവസം നീണ്ട ഡോക്‌ലാം സംഘർഷത്തിനിടെ ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയുടെ (ഐസിബിസി) മുംബൈ ശാഖയിലെ കോടിക്കണക്കിന് ഡോളറിന്റെ വായ്പകളും നിക്ഷേപങ്ങളും മരവിപ്പിച്ചെന്നാണ് റിപ്പോർട്ട്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് 18.5 കോടി ഡോളറിന്റെ വായ്പകളും നിക്ഷേപങ്ങളും തടഞ്ഞുവെച്ചതെന്നാണ് അന്വേഷണാത്മക പത്രപ്രവർത്തകരുടെ അന്താരാഷ്ട്ര കൺസോർഷ്യമായ ഐസിഐജെയുടെ കണ്ടെത്തൽ. ആകെ 11 അംഗീകൃത വായ്പകളും ബോണ്ട് നിക്ഷേപങ്ങളുമാണ് ഇതിന്റെ ഭാഗമായി മരവിപ്പിച്ചത്.

2017 ജൂണിലാണ് ഡോക്‌ലാമിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ആരംഭിച്ചത്. ചൈന-ഭൂട്ടാൻ തർക്കപ്രദേശത്ത് ചൈനീസ് സൈന്യം റോഡ് നിർമിക്കാൻ നടത്തിയ നീക്കം തടയാൻ ഇന്ത്യൻ സൈന്യം ഇടപെട്ടതോടെയാണ് സ്ഥിതിഗതികൾ രൂക്ഷമായത്. തുടർന്ന് 73 ദിവസം നീണ്ടുനിന്ന പ്രതിസന്ധി 2017 ഓഗസ്റ്റിൽ ചർച്ചകളുടെ പശ്ചാത്തലത്തിൽ അയയുകയായിരുന്നു.

സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഐസിബിസിയുടെ മുംബൈ ശാഖ വായ്പാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. നേരത്തെ അംഗീകരിച്ചിരുന്ന 11 വായ്പകൾ ഇതിന്റെ ഭാഗമായി തടഞ്ഞുവെച്ചു.

ഇതോടെ ബാങ്കിന്റെ വരുമാനത്തിലും കാര്യമായ ഇടിവുണ്ടായി. ശാഖയുടെ പ്രവർത്തനവരുമാനം 63.6 ലക്ഷം ഡോളർ കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ബെയ്ജിങ്ങിലെ ആസ്ഥാന ഓഫീസ് നിശ്ചയിച്ചിരുന്ന ലാഭലക്ഷ്യത്തിന്റെ വെറും 7.7 ശതമാനം മാത്രമാണ് ശാഖയ്ക്ക് കൈവരിക്കാനായത്.

ഇന്ത്യയുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ നിക്ഷേപങ്ങൾ നടത്തേണ്ടതില്ലെന്ന തീരുമാനമാണ് ബാങ്കിന്റെ പ്രകടനത്തെ ബാധിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഐസിബിസിയുടെ ലണ്ടൻ ശാഖയുമായി ബന്ധപ്പെട്ട 48 ലക്ഷം ഡോളറിന്റെ ഇടപാടിന്റെ രഹസ്യരേഖകളാണ് അന്വേഷണത്തിന്റെ പ്രധാന ആധാരം. 2005 മുതൽ 2024 വരെയുള്ള കാലയളവിലെ രേഖകളാണ് പരിശോധിച്ചത്.

ബാങ്കിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര റിപ്പോർട്ടുകൾ, ഇ-മെയിലുകൾ, രഹസ്യ ഫയലുകൾ, യോഗങ്ങളുടെ രേഖകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെട്ടിരുന്നു. ബാങ്കിൽനിന്ന് ഡേറ്റ കൈക്കലാക്കിയ ഹാക്കിങ് സംഘം ഈ രേഖകൾ ഐസിഐജെയ്ക്ക് കൈമാറിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img