
ചൈനയുടെ ഏറ്റവും പുതിയ ബഹിരാകാശ ദൗത്യമായ ഷെൻഷോ-24 വിജയകരം. മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി പുറപ്പെട്ട പേടകം ബുധനാഴ്ച ടിയാൻഗോങ് ബഹിരാകാശ നിലയത്തിലെത്തി. പാകിസ്ഥാനിൽ നിന്നുള്ള ആദ്യ വിദേശ ബഹിരാകാശ സഞ്ചാരി മുഹമ്മദ് സീഷാൻ അലിയാണ് സംഘത്തിലെ ശ്രദ്ധേയ സാന്നിധ്യം. ചൈനയുടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ വിദേശ സഞ്ചാരിയെന്ന നേട്ടവും ഇതോടെ അലി സ്വന്തമാക്കി.
ചൈനയുടെ ബഹിരാകാശ പദ്ധതിയിൽ അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായി ഈ ദൗത്യം വിലയിരുത്തപ്പെടുന്നു. ഒരാഴ്ചയോളം നീളുന്ന കാലയളവിൽ ചൈനയിലെ നാല് പേരും ഹോങ്കോങ്ങിൽ നിന്നുള്ള ഒരാളും പാകിസ്ഥാനിൽ നിന്നുള്ള ഒരാളുമടക്കം ആറ് ബഹിരാകാശ സഞ്ചാരികൾ ടിയാൻഗോങിലുണ്ടാകും.
ചൈനീസ് ഭാഷയിൽ സംസാരിച്ചുകൊണ്ടാണ് മുഹമ്മദ് സീഷാൻ അലി ബഹിരാകാശ നിലയത്തിലെത്തിയ വിവരം അറിയിച്ചത്. ആവേശത്തോടെ മുഷ്ടി ഉയർത്തി 'ചൈനീസ് ബഹിരാകാശ നിലയമേ, ഞാനിതാ എത്തി!' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.18നാണ് ഷെൻഷോ-24 പേടകവുമായി ലോങ് മാർച്ച്-2എഫ് റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണം വിജയകരമായതായി 22 മിനിറ്റിനുശേഷം ദൗത്യനിയന്ത്രണ കേന്ദ്രം അറിയിച്ചു. ഏകദേശം മൂന്നര മണിക്കൂർ ഭ്രമണപഥത്തിൽ സഞ്ചരിച്ചശേഷം പേടകം ടിയാൻഗോങ് നിലയവുമായി ഡോക്ക് ചെയ്തു. സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ മൂന്ന് അംഗ സംഘം ഉച്ചയ്ക്ക് 2.35ഓടെ നിലയത്തിനുള്ളിൽ പ്രവേശിച്ചു.
ദൗത്യസംഘത്തിന്റെ കമാൻഡർ ടാങ് ഹോങ്ബോ, ഫ്ലൈറ്റ് എൻജിനീയർ വു യി എന്നിവരാണ് അലിക്കൊപ്പം യാത്ര ചെയ്തത്. നേരത്തെ നിലയത്തിലെത്തിയ ഷെൻഷോ-23 സംഘമാണ് പുതിയ അംഗങ്ങളെ സ്വീകരിച്ചത്. അലിക്ക് ഹസ്തദാനം നൽകിയും ആലിംഗനം ചെയ്തുമായിരുന്നു സംഘത്തിന്റെ വരവേൽപ്പ്.
ചരിത്രനിമിഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പരസ്പരം കത്തുകൾ കൈമാറി. ചൈനയും പാകിസ്ഥാനും തമ്മിലുള്ള ആഴത്തിലുള്ളതും തകർക്കാനാകാത്തതുമായ സൗഹൃദത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് ഷി ജിൻപിങ് പറഞ്ഞു. ബഹിരാകാശ നിലയം സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം ഉറപ്പാക്കാനും പര്യവേക്ഷണ രംഗത്തെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും ചൈന എല്ലാ രാജ്യങ്ങളുമായും പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഷി വ്യക്തമാക്കി. ബഹിരാകാശ പര്യവേക്ഷണത്തിന്റെ നേട്ടങ്ങൾ മുഴുവൻ മനുഷ്യരാശിക്കും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ രംഗത്തെ ആദ്യ വിദേശ പങ്കാളിയായി പാകിസ്ഥാനെ തിരഞ്ഞെടുത്ത ചൈനയുടെ തീരുമാനത്തിൽ നന്ദിയുണ്ടെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി പ്രതികരിച്ചു. ചൈനയുടെ ശ്രദ്ധേയമായ ബഹിരാകാശ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുതിയ വഴികൾ തുറക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ബഹിരാകാശ സഞ്ചാരിയിൽനിന്നും ഒരു ദൗത്യത്തിൽനിന്നും തുടങ്ങി ഒന്നിലധികം സംയുക്ത ദൗത്യങ്ങളിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ചൈന-പാകിസ്ഥാൻ ബഹിരാകാശ സഹകരണം വളരണമെന്നാണ് പ്രതീക്ഷയെന്ന് അലി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏകദേശം ഒരാഴ്ചയാണ് അലി ടിയാൻഗോങിൽ ചെലവഴിക്കുക. തുടർന്ന് ആറുമാസമായി നിലയത്തിലുള്ള ഷെൻഷോ-23 സംഘത്തിലെ അംഗങ്ങളായ ഷാങ് ഴിയുവാൻ, ഹോങ്കോങ്ങിൽനിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരി ലായ് കാ-യിങ് എന്നിവർക്കൊപ്പം ഷെൻഷോ-23 പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും.
അതേസമയം, ടാങ് ഹോങ്ബോയും വു യിയും ടിയാൻഗോങിൽ ആറുമാസം തുടരും. ഷെൻഷോ-23 സംഘത്തിലെ മൂന്നാമത്തെ അംഗമായ ഷു യാങ്ഷുവും ഇവർക്കൊപ്പം നിലയത്തിലുണ്ടാകും. ഒരു വർഷം മുഴുവൻ ബഹിരാകാശത്ത് ചെലവഴിക്കുന്ന ആദ്യ ചൈനീസ് ബഹിരാകാശ സഞ്ചാരിയെന്ന നേട്ടത്തിലേക്കാണ് ഷു എത്തുന്നത്.
ദീർഘകാലം ബഹിരാകാശത്ത് കഴിയുമ്പോൾ മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം, ജോലി, ജീവിതം എന്നിവയ്ക്കാവശ്യമായ സംവിധാനങ്ങളുടെ കാര്യക്ഷമതയും പരിശോധിക്കും. ഇതിനായി ശേഖരിക്കുന്ന വിവരങ്ങൾ ഭാവി ദൗത്യങ്ങൾക്ക് സഹായകമാകുമെന്ന് ചൈന മാനഡ് സ്പേസ് ഏജൻസി വക്താവ് ഷാങ് ജിങ്ബോ അറിയിച്ചു.
2030നു മുൻപ് മൂന്ന് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്ക് അയക്കാനാണ് ചൈനയുടെ പദ്ധതി. ഇവരിൽ രണ്ടുപേർ ചന്ദ്രോപരിതലത്തിൽ കാലുകുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷെൻഷോ-24 ദൗത്യത്തിന്റെ ഭാഗമായി 90 ശാസ്ത്രീയ പരീക്ഷണങ്ങളാണ് നടത്തുക. ബഹിരാകാശ ജീവശാസ്ത്രം, എയ്റോസ്പേസ് മെഡിസിൻ, സൂക്ഷ്മ ഗുരുത്വാകർഷണത്തിലെ ദ്രാവക ഭൗതികശാസ്ത്രം, ജ്വലന പ്രക്രിയകൾ തുടങ്ങിയ മേഖലകളിലെ പരീക്ഷണങ്ങളും സാങ്കേതികവിദ്യാ പരിശോധനകളും ഇതിൽ ഉൾപ്പെടും. ബയോടെക്നോളജി, മെറ്റീരിയൽ സയൻസ് മേഖലകളിൽ ചൈനയും പാകിസ്ഥാനും സംയുക്തമായി നടത്തുന്ന നാല് പദ്ധതികളും ദൗത്യത്തിന്റെ ഭാഗമാണ്.
ബഹിരാകാശത്ത് കഴിയുന്ന സമയത്ത് ബാക്ടീരിയകളിലെ പ്രകാശസംശ്ലേഷണവും ക്വിനോവ വിത്തുകളിൽ ബഹിരാകാശ വികിരണവും സൂക്ഷ്മ ഗുരുത്വാകർഷണവും ഉണ്ടാക്കുന്ന സ്വാധീനവും സംബന്ധിച്ച പരീക്ഷണങ്ങൾ അലി നടത്തും. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ടെക്നോളജി ആൻഡ് എൻജിനീയറിങ് സെന്റർ ഫോർ സ്പേസ് യൂട്ടിലൈസേഷനിലെ ഗവേഷകൻ കാങ് ഹുവായ്സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
ചൈനീസ് ഭാഷയാണ് ബഹിരാകാശ നിലയത്തിലെ പ്രധാന ആശയവിനിമയ ഭാഷ. ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ അലിക്ക് ചൈനീസ് ഭാഷ അറിയില്ലായിരുന്നു. എന്നാൽ ഏഴുമാസത്തെ പരിശീലനത്തിലൂടെ മറ്റ് ബഹിരാകാശ സഞ്ചാരികളുമായി ചൈനീസ് ഭാഷയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് നേടിയതായി അദ്ദേഹം പറഞ്ഞു.
ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക പദാവലികളും ഓഡിയോ റെക്കോർഡിങ്ങുകളോടുകൂടിയ ചെക്ക്ലിസ്റ്റുകളും പരിശീലനസംഘം തയ്യാറാക്കിയിരുന്നു. ഇവ ഉപയോഗിച്ചാണ് അലി ഭാഷാപരിശീലനം നടത്തിയത്. ചൈനീസ് ഭാഷ മനസ്സിലാക്കുന്നതിനായി ചില ചൈനീസ് ഗാനങ്ങളും അദ്ദേഹം പഠിച്ചു.
ഹ്രസ്വകാല ദൗത്യത്തിന് ആവശ്യമായ അടിസ്ഥാന ചൈനീസ് ഭാഷാ പരിജ്ഞാനം അലി നേടിയിട്ടുണ്ടെന്ന് ചൈന ആസ്ട്രനോട്ട് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിലെ വു ദാവെയ് പറഞ്ഞു. അതേസമയം, ചൈനീസ് ബഹിരാകാശ സഞ്ചാരികൾക്കും ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം നൽകിയിട്ടുണ്ട്. ആവശ്യമായ സാഹചര്യങ്ങളിൽ ചൈനീസും ഇംഗ്ലീഷും ഉപയോഗിച്ച് ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അലിയുടെ ഭക്ഷണക്രമത്തിലും പ്രത്യേക പരിഗണനയുണ്ടാകും. അദ്ദേഹത്തിന്റെ മതപരമായ ഭക്ഷണനിയമങ്ങളും പോഷക ആവശ്യങ്ങളും വ്യക്തിപരമായ താൽപര്യങ്ങളും പരിഗണിച്ച് ഹലാൽ ഭക്ഷണമാണ് ടിയാൻഗോങിൽ ഒരുക്കിയിരിക്കുന്നത്.
സമീപ വർഷങ്ങളിൽ മനുഷ്യസഹിത ബഹിരാകാശ പദ്ധതിയിൽ കൂടുതൽ രാജ്യങ്ങളെയും മേഖലകളെയും ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ചൈന. ഷെൻഷോ-23 സംഘത്തിലുണ്ടായിരുന്ന ലായ് കാ-യിങ് ഹോങ്കോങ്ങിൽനിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയാണ്. മക്കാവുവിൽനിന്നുള്ള ഒരു ഉദ്യോഗാർഥിയും നിലവിൽ ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനത്തിലാണ്.










