
ചൈനീസ് സമ്പദ്‌വ്യവസ്ഥയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ പുതിയ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്തെ ഉപഭോക്തൃ വിപണിയിലെ (റീട്ടെയിൽ സെയിൽസ്) വളർച്ച 1.3 ശതമാനമായി കൂപ്പുകുത്തി, ഒക്ടോബറിലെ 2.9 ശതമാനത്തിൽ നിന്നുള്ള വലിയ ഇടിവാണിത്. വിപണി നിരീക്ഷകർ പ്രതീക്ഷിച്ച 2.8 ശതമാന വളർച്ച പൂർണമായും കൈവിട്ടതോടെ, ആഭ്യന്തര ഉപഭോഗം കടുത്ത സമ്മർദ്ദത്തിലെന്നാണ് സൂചന.
അതേസമയം, ചൈനയുടെ വ്യാവസായിക മേഖലയിൽ നിന്നും ആശ്വാസകരമായ വാർത്തകളല്ല പുറത്തുവരുന്നത്. നവംബറിലെ വ്യാവസായിക ഉൽപാദന വളർച്ച 4.8 ശതമാനമായി താഴ്ന്നു. ഒക്ടോബറിലെ 4.9 ശതമാനത്തേക്കാൾ കുറഞ്ഞ ഈ കണക്കും പ്രവചനങ്ങളെ മറികടന്നില്ല. ഇതിനുമുമ്പ് തന്നെ ചൈനീസ് വ്യവസായ മേഖലയിലെ ലാഭം ഒക്ടോബറിൽ നെഗറ്റീവ് 5.5 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, സ്ഥിര ആസ്തികളിലേക്കുള്ള നിക്ഷേപം 2.3 ശതമാനം ഇടിഞ്ഞത് കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയായി വിലയിരുത്തപ്പെടുന്നു. യുഎസിലേക്കുള്ള കയറ്റുമതി നവംബറിൽ 28.6 ശതമാനം ഇടിഞ്ഞതും സമ്മർദ്ദം വർധിപ്പിച്ചു; ട്രംപ് പ്രഖ്യാപിച്ച കനത്ത തീരുവയാണ് ഇതിന് കാരണം.
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ഈ ദൗർബല്യം ആഗോള ഓഹരി വിപണികളിലും പ്രതിഫലിച്ചു. ഏഷ്യൻ വിപണികൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിൽ നിർണായക തൊഴിൽക്കണക്കുകൾ പുറത്തുവരാനിരിക്കെ ഫ്യൂച്ചേഴ്സ് സൂചികകളും സമ്മർദ്ദത്തിലായി. ഈ പ്രതികൂല അന്തരീക്ഷത്തിന്റെ പ്രതിഫലനം ഇന്ത്യയിലും പ്രകടമാണ്. ഗിഫ്റ്റ് നിഫ്റ്റി ഏകദേശം 100 പോയിന്റ് ഇടിഞ്ഞതോടെ, ഇന്ന് ഇന്ത്യൻ വിപണികൾ നഷ്ടത്തിൽ ആരംഭിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. രാജ്യാന്തര വ്യാപാര അനിശ്ചിതത്വങ്ങളും തീരുവ പ്രഖ്യാപനങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിരിക്കുകയാണ്.











