02:28am 22 November 2026
NEWS
നാലു വർഷത്തിനകം ചന്ദ്രനിൽനിന്ന് വെള്ളമോ ഓക്സിജനോ ഉൽപാദിപ്പിക്കും; 2050ഓടെ ചന്ദ്രനിൽ ഖനന വ്യവസായവും ചൈനയുടെ ലക്ഷ്യം
21/11/2026  08:30 PM IST
nila
നാലു വർഷത്തിനകം ചന്ദ്രനിൽനിന്ന് വെള്ളമോ ഓക്സിജനോ ഉൽപാദിപ്പിക്കും; 2050ഓടെ ചന്ദ്രനിൽ ഖനന വ്യവസായവും ചൈനയുടെ ലക്ഷ്യം

ബെയ്ജിങ്: ചന്ദ്രനിൽനിന്ന് വെള്ളമോ ഓക്സിജനോ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ 2030നകം പരീക്ഷിക്കാനൊരുങ്ങി ചൈന. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യവാസകേന്ദ്രം സ്ഥാപിക്കാനുള്ള ചൈന–അമേരിക്ക മത്സരത്തിനിടെ, ചൈനയുടെ ചാന്ദ്ര ദൗത്യത്തിന്റെ മുഖ്യ ശിൽപിയായ വു വെയ്‌റനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചന്ദ്രനിലെ പ്രകൃതിവിഭവങ്ങൾ പ്രയോജനപ്പെടുത്തി ഭാവിയിൽ വലിയ തോതിലുള്ള ഖനന പ്രവർത്തനങ്ങൾ നടത്തുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ജേണൽ ഓഫ് ഡീപ് സ്പേസ് എക്സ്പ്ലോറേഷൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഗവേഷണ പ്രബന്ധത്തിലാണ് വു വെയ്‌റനും സംഘവും ചൈനയുടെ ഭാവി പദ്ധതികൾ വിശദീകരിച്ചിരിക്കുന്നത്. 

അടുത്തതായി നടത്തുന്ന റോബോട്ടിക് ചാങ്‌ഇ ദൗത്യത്തിലോ ആസൂത്രണം ചെയ്യുന്ന മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യത്തിലോ നിർണായകമായ ഒരു സാങ്കേതികവിദ്യയെങ്കിലും വിജയകരമായി പരീക്ഷിക്കണമെന്നാണ് ഗവേഷകസംഘത്തിന്റെ നിർദേശം. ചന്ദ്രനിലെ മഞ്ഞുപാളികളിൽനിന്ന് വെള്ളം വേർതിരിച്ചെടുക്കുക, പൊടിനിറഞ്ഞ മണ്ണിൽനിന്ന് ഓക്സിജൻ ഉൽപാദിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

2040ഓടെ വെള്ളം, ഓക്സിജൻ, നിർമാണ സാമഗ്രികൾ എന്നിവ ഉൽപാദിപ്പിക്കാൻ കഴിയുന്ന ചെറുകിട പരീക്ഷണ പ്ലാന്റ് സ്ഥാപിക്കാനും 2050ഓടെ പൂർണതോതിലുള്ള ചാന്ദ്ര ഖനനം ആരംഭിക്കാനുമാണ് ചൈനയുടെ ദീർഘകാല പദ്ധതി. അടുത്ത രണ്ട് പതിറ്റാണ്ട് അന്യഗ്രഹങ്ങളിലെ വിഭവങ്ങൾ കണ്ടെത്തുന്നതിൽനിന്ന് അവയുടെ വ്യാവസായിക ഉപയോഗത്തിലേക്കുള്ള നിർണായക കാലഘട്ടമായിരിക്കുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

എന്നാൽ, ഈ മേഖലയിൽ ദീർഘകാല ആസൂത്രണത്തിന്റെ കാര്യത്തിൽ ചൈന പിന്നിലാണെന്നും സംഘം സമ്മതിക്കുന്നുണ്ട്. അന്യഗ്രഹ വിഭവങ്ങളുടെ വികസനത്തിനും ഉപയോഗത്തിനുമായി പ്രത്യേക ദേശീയ തന്ത്രമോ ഇടക്കാല, ദീർഘകാല പദ്ധതികളോ ചൈന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഗവേഷണ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചന്ദ്രനിലെ വിഭവങ്ങൾ ബഹിരാകാശ പര്യവേക്ഷണത്തിന്റെ പ്രധാന ഭാഗമാക്കി മാറ്റുന്നതിൽ അമേരിക്ക രണ്ട് പതിറ്റാണ്ടിലേറെയായി ശ്രദ്ധ ചെലുത്തുന്നുണ്ട്. 2004ൽ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ചന്ദ്രനിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ നാസയോട് ആവശ്യപ്പെട്ടിരുന്നു. 2015ൽ പാസാക്കിയ നിയമപ്രകാരം ബഹിരാകാശത്തുനിന്ന് ഖനനം ചെയ്തെടുക്കുന്ന വിഭവങ്ങൾ സ്വന്തമാക്കാനും വിൽക്കാനും അമേരിക്കൻ പൗരന്മാർക്ക് അനുമതിയുണ്ട്.

2020ൽ ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവിലും ബഹിരാകാശ വിഭവങ്ങളുടെ ഉപയോഗത്തിന് പ്രാധാന്യം നൽകിയിരുന്നു. ബഹിരാകാശത്തെ പൊതുസ്വത്തായി അമേരിക്ക കാണുന്നില്ലെന്നും അവിടെയുള്ള വിഭവങ്ങൾ ഉപയോഗപ്പെടുത്താൻ അമേരിക്കൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതേ വർഷം നാസ പ്രഖ്യാപിച്ച ആർട്ടെമിസ് പദ്ധതിയിലും ചന്ദ്രനിലെ വിഭവങ്ങൾ ഉപയോഗിച്ച് സ്ഥിരമായ മനുഷ്യവാസകേന്ദ്രം സ്ഥാപിക്കുന്നതിനും ഭാവിയിൽ മനുഷ്യരെ ചൊവ്വയിലെത്തിക്കുന്നതിനും പ്രാധാന്യം നൽകിയിട്ടുണ്ട്.

ചന്ദ്രനിലെ മണ്ണിനടിയിലുള്ള വിഭവങ്ങൾ മാത്രമല്ല, ബഹിരാകാശത്തെ തന്ത്രപ്രധാന മേഖലകളുടെ നിയന്ത്രണവും ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിൽ നിർണായകമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ദേശീയ ബഹിരാകാശ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇത്തരം മേഖലകൾ തന്ത്രപ്രധാനമായ കേന്ദ്രങ്ങളാണെന്നാണ് അവരുടെ വിലയിരുത്തൽ.

ഇതിൽ പ്രധാനമാണ് ലഗ്രാഞ്ച് പോയിന്റുകൾ. ഭൂമിയുടെയും ചന്ദ്രന്റെയും അല്ലെങ്കിൽ ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ സ്വാധീനങ്ങൾ സന്തുലിതമാകുന്ന മേഖലകളാണിവ. വളരെ കുറച്ച് ഇന്ധനം മാത്രം ഉപയോഗിച്ച് ബഹിരാകാശ പേടകങ്ങൾക്ക് ഇവിടെ സ്ഥാനം നിലനിർത്താൻ കഴിയും. ചന്ദ്രനു ചുറ്റുമുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും കൂടുതൽ ദൂരങ്ങളിലേക്കുള്ള ബഹിരാകാശ യാത്രകൾക്ക് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നതിനും ഈ മേഖലകൾ അനുയോജ്യമാണെന്ന് ഗവേഷകർ പറയുന്നു.

ചന്ദ്രനെ ചുറ്റിയുള്ള ഡിസ്റ്റന്റ് റെട്രോഗ്രേഡ് ഓർബിറ്റുകളും (Distant Retrograde Orbits) തന്ത്രപ്രധാനമാണെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു. അസാധാരണമായ സ്ഥിരതയുള്ള ഈ ഭ്രമണപഥങ്ങളിൽ സ്ഥാപിക്കുന്ന ബഹിരാകാശ പേടകങ്ങൾക്ക് വളരെ കുറച്ച് ഇന്ധനം ഉപയോഗിച്ച് വർഷങ്ങളോളം തുടരാനാകും.

ഇത്തരം മേഖലകൾ ചൈനയും അമേരിക്കയും ഇതിനകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 2018ൽ വിക്ഷേപിച്ച ചൈനയുടെ ക്വെച്യാവോ (Queqiao) വാർത്താവിനിമയ ഉപഗ്രഹം ചന്ദ്രന്റെ മറുവശത്തുള്ള ചാങ്‌ഇ-4 ലാൻഡറും ഭൂമിയും തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്നതിനായി ചന്ദ്രനു പിന്നിലെ ലഗ്രാഞ്ച് പോയിന്റിന് സമീപം നിലയുറപ്പിച്ചിരുന്നു. 2022ലെ ആർട്ടെമിസ്-1 പരീക്ഷണ ദൗത്യത്തിനിടെ നാസയുടെ ആളില്ലാ ഓറിയോൺ പേടകവും ഡിസ്റ്റന്റ് റെട്രോഗ്രേഡ് ഓർബിറ്റിൽ പ്രവേശിച്ചിരുന്നു.

ചൈനയുടെ ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും വു വെയ്‌റനും സംഘവും നിർദേശിക്കുന്നു. നിലവിൽ വലിയ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളികളാകാൻ സ്വകാര്യ കമ്പനികൾക്ക് വ്യക്തമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്നാണ് അവരുടെ വിലയിരുത്തൽ. അമേരിക്കയിൽ നാസയുടെ ചാന്ദ്ര പദ്ധതികളിൽ സ്വകാര്യ കമ്പനികൾ ഇതിനകം നിർണായക പങ്കുവഹിക്കുന്നുണ്ട്. ഫയർഫ്ലൈ എയ്റോസ്പേസ് കഴിഞ്ഞ വർഷം ചന്ദ്രനിൽ പേടകം ഇറക്കിയതും ഇതിന് ഉദാഹരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ചാന്ദ്ര ഖനന വ്യവസായത്തിന്റെ വളർച്ചയ്ക്കായി പ്രത്യേക ദേശീയ ഫണ്ട് രൂപീകരിക്കണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു. സർക്കാർ ദൗത്യങ്ങൾ തുടക്കമിടുകയും സ്വകാര്യ നിക്ഷേപകർ പിന്നാലെയെത്തുകയും വിപണിയിലെ ആവശ്യകത വ്യവസായത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യുന്ന രീതിയിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും സംഘം നിർദേശിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img