11:15am 19 September 2026
NEWS
അതും റോബോട്ടുകൾ ചെയ്യും! മനുഷ്യൻ ഇനി എന്തിനാണ്..?
17/09/2026  04:14 PM IST
nila
അതും റോബോട്ടുകൾ ചെയ്യും! മനുഷ്യൻ ഇനി എന്തിനാണ്..?

റോബോട്ടിക്സ് രംഗത്തെ ചൈനയുടെ മുന്നേറ്റം വീണ്ടും ശ്രദ്ധ നേടുകയാണ്. മനുഷ്യരുടെ സഹായം പരമാവധി കുറച്ച്, റോബോട്ടുകൾ തന്നെ നിർമാണപ്രവർത്തനങ്ങളുടെ വലിയൊരു ഭാഗം ഏറ്റെടുക്കുന്ന ഹ്യൂമനോയിഡ് റോബോട്ട് ഫാക്ടറിയാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ചൈനയിലെ ഗുവാങ്‌ക്സി ഷുവാങ് സ്വയംഭരണ മേഖലയിലെ ലിഷൗവിലാണ് യുബോടെക് റോബോട്ടിക്സ് പുതിയ നിർമാണകേന്ദ്രം ഒരുക്കിയിരിക്കുന്നത്. വ്യാവസായിക ഹ്യൂമനോയിഡ് റോബോട്ടുകളുടെ വൻതോതിലുള്ള ഉത്പാദനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഓരോ പത്ത് മിനിറ്റിലും ഒരു റോബോട്ടിനെ നിർമിക്കാൻ കഴിയുന്ന രീതിയിലാണ് ഫാക്ടറിയുടെ ഉത്പാദന സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

14,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് നിർമാണകേന്ദ്രം പ്രവർത്തിക്കുന്നത്. 13.8 മീറ്റർ ഉയരമുള്ള ഫാക്ടറിക്ക് പ്രതിവർഷം 10,000 റോബോട്ടുകൾ വരെ നിർമിക്കാനുള്ള ശേഷിയുണ്ടെന്നാണ് യുബോടെക്കിന്റെ അവകാശവാദം. കമ്പനിയുടെ വോക്കർ എസ് (Walker S), ക്രൂസർ (Cruzr) ശ്രേണികളിലുള്ള വ്യാവസായിക റോബോട്ടുകൾക്കാണ് ഇവിടെ പ്രധാനമായും ഉത്പാദനം നടക്കുന്നത്.

യുബോടെക്കും സീമൻസ് ഡിജിറ്റൽ ഇൻഡസ്ട്രീസും ചേർന്നാണ് ഫാക്ടറിയുടെ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഉത്പാദനം, പ്രവർത്തനങ്ങളുടെ ഏകോപനം, ഗുണനിലവാര പരിശോധന തുടങ്ങിയ വിവിധ ഘട്ടങ്ങളെ നിയന്ത്രിക്കുന്നത് 'സ്മാർട്ട് ബ്രെയിൻ' എന്ന ഡിജിറ്റൽ സംവിധാനമാണ്. നിർമാണത്തിന്റെ ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിക്കാൻ ഓരോ റോബോട്ടിനും പ്രത്യേക സീരിയൽ നമ്പറും നൽകുന്നു.

ഫാക്ടറിയിലെ ജോലികൾക്ക് വിവിധ തരത്തിലുള്ള റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. നിർമാണത്തിനുള്ള സാമഗ്രികൾ അൺലോഡ് ചെയ്യുക, അവ ക്രമീകരിക്കുക, ആവശ്യമായ സ്ഥലങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ ജോലികൾക്കായി ക്രൂസർ വൈ1, ക്രൂസർ എസ്2 എന്നീ റോബോട്ടുകളുണ്ട്.

ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പുറമെ കൊളാബറേറ്റീവ് റോബോട്ടിക് ആമുകൾ, ഡ്രൈവറില്ലാ ലോജിസ്റ്റിക്സ് വാഹനങ്ങൾ, റൊട്ടേറ്റിംഗ് വർക്ക് ടേബിളുകൾ എന്നിവയും നിർമാണപ്രക്രിയയുടെ ഭാഗമാണ്. പാർട്സുകളും നിർമിച്ച റോബോട്ടുകളും ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ഡ്രൈവറില്ലാ ഫോർക്ക്ലിഫ്റ്റുകളും ഓട്ടോമേറ്റഡ് വാഹനങ്ങളും ഉപയോഗിക്കുന്നു.

റോബോട്ടിന്റെ നിർമാണം പൂർത്തിയായാലും അത് ഉടൻ ഫാക്ടറിയിൽ നിന്ന് പുറത്തേക്ക് പോകില്ല. ഓരോ റോബോട്ടും നാലുമണിക്കൂറിലധികം നീളുന്ന പരിശോധനകൾക്ക് വിധേയമാകണം. ഇതിന് പുറമെ 360-ഡിഗ്രി വിഷ്വൽ ഇൻസ്പെക്ഷനും നടത്തും. ഗുണനിലവാരത്തിൽ വീഴ്ചയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് റോബോട്ടുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

ഫാക്ടറിയിലെ ഓട്ടോമേറ്റഡ് വെയർഹൗസും ശ്രദ്ധേയമാണ്. വെറും 65 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സംഭരണ മേഖലയിലാണ് 112 ഹ്യൂമനോയിഡ് റോബോട്ടുകളെ സൂക്ഷിക്കാൻ കഴിയുന്നത്. മനുഷ്യ ഇടപെടൽ കുറച്ച്, യന്ത്രങ്ങളുടെ സഹായത്തോടെ ഉത്പാദനം മുതൽ സംഭരണം വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മനുഷ്യർ റോബോട്ടുകളെ നിർമിക്കുന്ന കാലത്ത് നിന്ന്, റോബോട്ടുകൾ തന്നെ റോബോട്ടുകളുടെ നിർമാണത്തിൽ നിർണായക പങ്കാളികളാകുന്ന ഘട്ടത്തിലേക്കാണ് വ്യവസായലോകം നീങ്ങുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണമായാണ് ചൈനയിലെ ഈ പുതിയ ഫാക്ടറി ശ്രദ്ധ നേടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img