
ബീജിങ്: ചൈനയിൽ രണ്ട് മുൻ പ്രതിരോധമന്ത്രിമാർക്ക് വധശിക്ഷ. മുൻ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനുമാണ് ഷി ജിൻപിങ് സർക്കാർ വധശിക്ഷ വിധിച്ചത്. അഴിമതിക്കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവർക്കും വധശിക്ഷ വിധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സൈന്യത്തിനും രാഷ്ട്രീയ സംവിധാനത്തിനുമുള്ളിലെ അഴിമതിക്കെതിരായ ഷി ജിൻപിങ്ങിന്റെ കടുത്ത നീക്കങ്ങളുടെ ഭാഗമായാണ് നടപടി വിലയിരുത്തപ്പെടുന്നത്. മുൻ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെതിരെ 2024-ലാണ് അന്വേഷണം ആരംഭിച്ചത്. ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്ത് വൻതോതിൽ കൈക്കൂലി വാങ്ങിയതും സൈനിക നിയമനങ്ങളിൽ ഇടപെട്ടതുമാണ് പ്രധാന ആരോപണങ്ങൾ. തുടർന്ന് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും എല്ലാ ചുമതലകളിൽ നിന്നും നീക്കുകയും ചെയ്തു. 2023-ൽ പൊതുരംഗത്ത് നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായ ലിക്ക് പിന്നീട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.
ലി ഷാങ്ഫുവിന് മുൻപ് പ്രതിരോധ മന്ത്രിയായിരുന്ന വേ ഫെംഗെയെയും സമാനമായ അഴിമതി ആരോപണങ്ങളിലാണ് ശിക്ഷിച്ചത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള വ്യാപക ശുദ്ധീകരണ നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മാത്രം സെൻട്രൽ മിലിട്ടറി കമ്മീഷനുമായി ബന്ധപ്പെട്ട നിരവധി ഉന്നത ജനറൽമാരെ അഴിമതിയുടെയും അച്ചടക്കലംഘനത്തിന്റെയും പേരിൽ പുറത്താക്കിയിരുന്നു.
ഷി ജിൻപിങ്ങിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളിൽ മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാംഗ് ഉൾപ്പെടെയുള്ള പ്രമുഖർക്കും നേരത്തെ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. അഴിമതി തുടച്ചുനീക്കുക എന്നതിലുപരി, സൈന്യത്തിന് മേൽ തന്റെ ആധിപത്യം കൂടുതൽ ശക്തമാക്കാനാണ് പ്രസിഡന്റ് ഷി ജിൻപിങ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.










