
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈന്യത്തിനുള്ളിൽ ആരംഭിച്ച അസാധാരണമായ ശുദ്ധീകരണ നടപടികൾ രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പുറത്താക്കിയത് അഴിമതി ആരോപണങ്ങളുടെ പേരിലായിരുന്നുന്നു. എന്നാൽ, ചൈനയുടെ ആണവായുധ സുരക്ഷയെക്കുറിച്ചും യുദ്ധസന്നദ്ധതയെക്കുറിച്ചും ഗുരുതരമായ സംശയങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
യുഎസ് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് റോക്കറ്റ് ഫോഴ്സിൽ കണ്ടെത്തിയ വീഴ്ചകൾ സാമ്പത്തിക ക്രമക്കേടുകളിൽ മാത്രം ഒതുങ്ങുന്നതല്ല. ചില ആണവ മിസൈലുകളിൽ ഇന്ധനത്തിന് പകരം വെള്ളം കണ്ടെത്തിയെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തൽ. മിസൈലുകൾക്ക് ആവശ്യമായ സാങ്കേതിക പരിശോധനകളിലും മേൽനോട്ടത്തിലും വലിയ പരാജയമുണ്ടായതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.
അതേസമയം, ലിക്വിഡ് ഫ്യൂവൽ ഉപയോഗിക്കുന്ന മിസൈലുകളിൽ സ്ഥിരമായി ഇന്ധനം നിറച്ച് വയ്ക്കാറില്ലെന്നും, വിക്ഷേപണത്തിന് തൊട്ടുമുൻപ് മാത്രമാണ് ഇന്ധനം പൂരിപ്പിക്കാറുള്ളതെന്നും ചില പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതരമായ അലംഭാവം ഉണ്ടായെന്ന ആരോപണം ഇതോടെ ഇല്ലാതാകുന്നില്ല.
തുറക്കാനാകാത്ത സൈലോകൾ, സംശയാസ്പദമായ നിർമാണം
പടിഞ്ഞാറൻ ചൈനയിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചില സൈലോ കവറുകൾ അടിയന്തിര സാഹചര്യങ്ങളിൽ തുറക്കാൻ കഴിയാത്ത നിലയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. യുദ്ധസമയത്ത് ഇത്തരം സാങ്കേതിക തടസ്സങ്ങൾ മിസൈൽ വിക്ഷേപണം തന്നെ അസാധ്യമാക്കുമെന്നതാണ് ആശങ്ക.
ഈ കണ്ടെത്തലുകൾക്കെതിരെ ചില പ്രതിരോധ നിരീക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. സൈലോകളുടെ കവറുകളുമായി ബന്ധപ്പെട്ടത് ചെറിയ മെക്കാനിക്കൽ തകരാറുകൾ മാത്രമായിരിക്കാമെന്നും, അതിനാൽ ചൈനയുടെ ആണവ ശക്തിയെ സമഗ്രമായി ചോദ്യം ചെയ്യാനാവില്ലെന്നും ഇവർ വാദിക്കുന്നു. എന്നിരുന്നാലും, പടിഞ്ഞാറൻ ചൈനയിലെ മിസൈൽ സൈലോ നിർമാണത്തിൽ വലിയ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന കാര്യത്തിൽ വിവിധ അന്താരാഷ്ട്ര ഏജൻസികൾ ഏകദേശ ഏകോപനത്തിലാണ്.
ഷിയുടെ വിശ്വസ്തൻ കുടുങ്ങുമ്പോൾ
ഈ പശ്ചാത്തലത്തിലാണ് ഷി ജിൻപിങ്ങിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിലൊരാളായി കണക്കാക്കപ്പെട്ട ജനറൽ ഷാങ് യൂക്സിയയെ കഴിഞ്ഞ ജനുവരി 19ന് കസ്റ്റഡിയിലെടുത്തത്. ആണവായുധ രഹസ്യങ്ങൾ യുഎസിന് ചോർത്തി നൽകിയതടക്കം അതീവ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്നത്. സ്ഥാനക്കയറ്റത്തിനായി കോഴ വാങ്ങിയതും, പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധസന്നദ്ധതയെ തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചതുമാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആണവ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകളാണ് ഷാങ് യൂക്സിയക്കെതിരായ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവെന്നാണ് വിലയിരുത്തൽ. ഇത് ചൈനീസ് സൈന്യത്തിന്റെ ആന്തരിക ഘടനയിൽ തന്നെ വലിയ അസ്ഥിരത സൃഷ്ടിച്ചിരിക്കുകയാണ്.
വാദങ്ങളും പ്രതിവാദങ്ങളും
ബ്ലൂംബെർഗ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഏഷ്യ ടൈംസ് പോലുള്ള ചില മാധ്യമങ്ങൾ തള്ളിക്കളയുന്നുണ്ട്. ലിക്വിഡ് ഇന്ധനം ദീർഘകാലം മിസൈലുകളിൽ സൂക്ഷിക്കുന്നത് സാങ്കേതികമായി അപകടകരമാണെന്നും, അങ്ങനെ ചെയ്താൽ ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും, സൈന്യത്തിനുള്ളിലെ അഴിമതി ചൈനയുടെ യഥാർത്ഥ യുദ്ധസന്നദ്ധതയെ ബാധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ അന്താരാഷ്ട്ര നിരീക്ഷകർക്ക് വലിയ സംശയമില്ല. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് പുറത്തിറക്കിയ വിലയിരുത്തലിൽ, "ഈ വീഴ്ചകൾ ഗൗരവകരമാണെങ്കിലും, അവ പരിഹരിക്കാനുള്ള ഷി ജിൻപിങ്ങിന്റെ കർശനമായ ഇടപെടൽ ദീർഘകാലത്തിൽ ചൈനയുടെ ആണവ ശക്തിയെ കൂടുതൽ ശാസ്ത്രീയവും നിയന്ത്രിതവുമായതാക്കാൻ സാധ്യതയുണ്ട്" എന്നാണ് അഭിപ്രായപ്പെടുന്നത്.
ഷിയുടെ ലക്ഷ്യം എന്ത്?
സൈന്യത്തിലെ അഴിമതി പ്രതിരോധ ശേഷിയെ തന്നെ അട്ടിമറിക്കുന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപ് അത് വേരോടെ ഇല്ലാതാക്കുക എന്നതാണ് ഷി ജിൻപിങ്ങിന്റെ തന്ത്രമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഈ ശുദ്ധീകരണ നടപടികൾ ഉയർത്തുന്ന അടിസ്ഥാന ചോദ്യം ഒരു ആധുനിക യുദ്ധം നേരിടാൻ ചൈന യഥാർത്ഥത്തിൽ എത്രമാത്രം സജ്ജമാണ് എന്നതാണ്.











