
ബീജിങ്: അതിവേഗ ഗതാഗത സാങ്കേതികവിദ്യയിൽ പുതിയ നേട്ടവുമായി ചൈന. പരീക്ഷണാടിസ്ഥാനത്തിലുള്ള മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിൻ വെറും 5.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 800 കിലോമീറ്റർ വേഗത കൈവരിച്ചു. ഹുബെയ് പ്രവിശ്യയിലെ ഡോങ്ഹു ലബോറട്ടറിയിലെ പരീക്ഷണ ട്രാക്കിലായിരുന്നു നിർണായക പരീക്ഷണം.
ഏകദേശം 1.1 ടൺ ഭാരമുള്ള പരീക്ഷണ വാഹനമാണ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്തതല്ല ഇത്. റോക്കറ്ററി, എയ്‌റോസ്‌പേസ് തുടങ്ങി അതിവേഗ സാങ്കേതികവിദ്യകൾ ആവശ്യമായ മേഖലകളിൽ ഭാവിയിൽ ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.
200 മീറ്ററിനുള്ളിൽ നിയന്ത്രിച്ച് നിർത്തി
800 കിലോമീറ്റർ വേഗതയിലെത്തിച്ചതിന് പിന്നാലെ വാഹനം ഏകദേശം 200 മീറ്റർ ദൂരത്തിനുള്ളിൽ സുരക്ഷിതമായി നിയന്ത്രിച്ച് നിർത്താനും ഗവേഷകർക്ക് സാധിച്ചു. ഉയർന്ന വേഗത കൈവരിക്കുന്നതിനൊപ്പം അതിവേഗ ബ്രേക്കിങ് സംവിധാനത്തിന്റെ കാര്യക്ഷമതയും പരീക്ഷണത്തിൽ പരിശോധിച്ചു. വാഹനത്തിന്റെ നിയന്ത്രണം, സ്ഥിരത, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും ഇതിലൂടെ വിലയിരുത്തി.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇതേ പരീക്ഷണ സംവിധാനത്തിലൂടെ മൂന്നാം തവണയാണ് വേഗ റെക്കോർഡ് തിരുത്തുന്നത്. 2025 ജൂണിലായിരുന്നു ആദ്യ നേട്ടം. അന്ന് ഏഴ് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 650 കിലോമീറ്റർ വേഗത കൈവരിച്ചിരുന്നു. തുടർന്ന് 700 കിലോമീറ്ററും പിന്നീട് 798 കിലോമീറ്ററും വേഗത കൈവരിച്ച് റെക്കോർഡ് മെച്ചപ്പെടുത്തി. ഇപ്പോഴാണ് 800 കിലോമീറ്റർ എന്ന നിർണായക വേഗപരിധി മറികടന്നത്.
വാണിജ്യ മാഗ്‌ലെവിനേക്കാൾ ഇരട്ടിയിലേറെ വേഗം
നിലവിൽ സർവീസ് നടത്തുന്ന മാഗ്‌ലെവ് ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ പരീക്ഷണ വാഹനത്തിന്റെ വേഗത ഏറെ കൂടുതലാണ്. ചൈനയിലും ജപ്പാനിലുമുള്ള വാണിജ്യ മാഗ്‌ലെവ് ട്രെയിനുകൾ സാധാരണയായി മണിക്കൂറിൽ ഏകദേശം 320 കിലോമീറ്റർ വേഗതയിലാണ് സർവീസ് നടത്തുന്നത്. ചൈനയിലെ ഏറ്റവും വേഗമേറിയ വാണിജ്യ ഹൈസ്പീഡ് ട്രെയിനുകൾക്ക് മണിക്കൂറിൽ ഏകദേശം 350 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും.
ഇതിനിടെ ചൈനയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയും അൾട്രാ ഹൈസ്പീഡ് മാഗ്‌ലെവ് സാങ്കേതികവിദ്യയിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇവരുടെ മറ്റൊരു പരീക്ഷണ വാഹനത്തിന് വെറും രണ്ട് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 697 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ലക്ഷ്യം യാത്രക്കാരല്ല
നിലവിലെ പരീക്ഷണ വാഹനങ്ങളെ യാത്രക്കാരുടെ ഗതാഗതത്തിനായി ഉപയോഗിക്കാനുള്ള പദ്ധതിയില്ല. റോക്കറ്റുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയ അതിവേഗ സംവിധാനങ്ങളിൽ മാഗ്‌ലെവ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകുമോ എന്നതാണ് ഗവേഷകർ പരിശോധിക്കുന്നത്.
മണിക്കൂറിൽ 800 കിലോമീറ്ററിലധികം വേഗതയിൽ യാത്രക്കാരെ എത്തിക്കുന്ന സംവിധാനം വികസിപ്പിക്കുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്. യാത്രക്കാരുടെ സുരക്ഷ, അതിവേഗ ബ്രേക്കിങ്, വാഹനത്തിന്റെ സ്ഥിരത, അടിയന്തര സാഹചര്യങ്ങളിലെ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനാൽ പുതിയ വേഗ റെക്കോർഡ് നിർണായക മുന്നേറ്റമാണെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള അൾട്രാ ഹൈസ്പീഡ് മാഗ്‌ലെവ് സർവീസിലേക്കുള്ള ദൂരം ഇനിയും ഏറെയാണ്.










