
ബെയ്ജിങ്/ടോക്യോ: മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ട്രെയിൻ ഇനി സ്വപ്നമല്ല. ലോകത്തിലെ ഏറ്റവും വേഗമേറിയ അടുത്ത തലമുറ മാഗ്ലെവ് ട്രെയിൻ വികസിപ്പിക്കാനുള്ള മത്സരത്തിലാണ് ചൈനയും ജപ്പാനും. നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം വലിയ തോതിൽ കുറയ്ക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.
നിലവിലെ അതിവേഗ ട്രെയിനുകളേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന മാഗ്ലെവ് സാങ്കേതികവിദ്യയിൽ കാന്തികശക്തിയാണ് പ്രധാന ഘടകം. ശക്തമായ കാന്തികശക്തിയുടെ സഹായത്തോടെ ട്രെയിനിനെ പാളത്തിന് മുകളിൽ ഉയർത്തിയാണ് ഇത് ഓടിക്കുന്നത്. പാളവുമായി നേരിട്ടുള്ള ഘർഷണം ഒഴിവാക്കാനാകുന്നതിനാൽ ഉയർന്ന വേഗത കൈവരിക്കാനും സാധിക്കും.
ചൈനീസ് റെയിൽ നിർമാതാക്കളായ സി.ആർ.ആർ.സി. മണിക്കൂറിൽ 600 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മാഗ്ലെവ് ട്രെയിൻ വികസിപ്പിക്കുന്നത്. മറുവശത്ത്, ജപ്പാൻ ചുവോ ഷിൻകാൻസൺ പദ്ധതിയിലൂടെ എസ്‌സി മാഗ്ലെവ് സാങ്കേതികവിദ്യയുമായി മുന്നേറുകയാണ്.
പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 603 കിലോമീറ്ററിലേറെ വേഗം കൈവരിച്ച് ജപ്പാൻ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ടോക്യോ, നഗോയ, ഒസാക്ക എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ജപ്പാന്റെ പദ്ധതി. ടോക്യോയിൽനിന്ന് നഗോയയിലേക്കുള്ള യാത്രാസമയം ഏകദേശം 40 മിനിറ്റായി ചുരുക്കുകയാണ് ലക്ഷ്യം. എന്നാൽ വൻ നിർമാണച്ചെലവും മറ്റ് സാങ്കേതിക-ഭരണപരമായ തടസ്സങ്ങളും പദ്ധതിയുടെ സമയക്രമത്തെ ബാധിക്കുന്നുണ്ട്. അതിനാൽ പദ്ധതി 2030-കളിലേക്ക് നീളാനാണ് സാധ്യത.
ചൈനയുടെ പദ്ധതി യാഥാർഥ്യമായാൽ ബെയ്ജിങ്ങിൽനിന്ന് ഷാങ്ഹായിലേക്കുള്ള യാത്രയിലും വലിയ മാറ്റമുണ്ടാകും. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ ഉൾപ്പെടെ വിമാനയാത്രയ്ക്ക് ഏകദേശം 4.5 മണിക്കൂർ വേണ്ടിവരുമ്പോൾ നിലവിലെ അതിവേഗ ട്രെയിനിൽ ഏകദേശം 5.5 മണിക്കൂറാണ് യാത്രാസമയം.
മാഗ്ലെവ് ട്രെയിൻ സർവീസ് യാഥാർഥ്യമായാൽ ഈ യാത്ര ഏകദേശം 3.5 മണിക്കൂറായി ചുരുങ്ങിയേക്കും. അതോടെ ചില ദീർഘദൂര റൂട്ടുകളിൽ വിമാനയാത്രയ്ക്ക് ശക്തമായ ബദലായി മാഗ്ലെവ് മാറാനുള്ള സാധ്യതയുമുണ്ട്.
600 കിലോമീറ്റർ വേഗത കൈവരിക്കുന്ന മാഗ്ലെവ് ട്രെയിൻ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതോടെ അതിവേഗ റെയിൽ ഗതാഗതത്തിന്റെ ലോകത്ത് തന്നെ വലിയ മാറ്റത്തിനാകും തുടക്കമാകുക.










