
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തോടുള്ള നന്ദി രേഖപ്പെടുത്തി ഇന്ത്യയിലെ ചൈനയുടെ പുതിയ ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാൻ. കഴിഞ്ഞ വർഷം കേരള തീരത്തിന് സമീപം തീപിടിച്ച ചരക്ക് കപ്പലിൽ നിന്ന് 12 ചൈനീസ് നാവികരെ ഇന്ത്യൻ സേന സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഭവമാണ് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞത്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു യു ജിയാൻ. ആ രക്ഷാദൗത്യത്തിന് ഇന്ത്യൻ സൈന്യത്തോട് ചൈന നന്ദിയുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ക്രമേണ മെച്ചപ്പെടുകയാണെന്നും ഇരു രാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള ആശയവിനിമയവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും യു ജിയാൻ അഭിപ്രായപ്പെട്ടു.
"കഴിഞ്ഞ ജൂണിൽ, കേരള തീരത്ത് തീപിടിച്ച് പൊട്ടിത്തെറിച്ച ഒരു ചരക്ക് കപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത് ഞങ്ങൾ മറക്കില്ല. ചൈനയും ഇന്ത്യയും പ്രധാനപ്പെട്ട അയൽക്കാരാണ്, രണ്ടു രാജ്യങ്ങളും വികസനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും നിർണായക ഘട്ടത്തിലാണ്. ചൈന-ഇന്ത്യ ബന്ധം പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലേക്ക് തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും"– ഡിഫൻസ് അറ്റാഷെ പറഞ്ഞു.










