
ബ്രിട്ടനിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അടുത്ത വൃത്തങ്ങളിലേക്ക് ചൈനീസ് ഹാക്കർമാർ കടന്നുകയറിയതെന്ന് റിപ്പോർട്ടുകൾ. ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർ പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അവരുടെ വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ചൈന ചോർത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘സോൾട്ട് ടൈഫൂൺ’ എന്ന പേരിലായിരുന്നു രഹസ്യ ഓപ്പറേഷൻ ചൈന നടപ്പാക്കിയത്. ചൈന നടത്തിയ ഈ രഹസ്യ ചാരപ്രവർത്തനം 2021 മുതൽ 2024 വരെ നീണ്ടുനിന്നുവെന്നാണ് വിവരം.
2022 മുതൽ 2024 വരെ ഋഷി സുനകിന്റെ ഭരണകാലത്താണ് ഹാക്കിങ് ശ്രമങ്ങൾ ശക്തമായതെന്നാണ് വിലയിരുത്തൽ. എന്നാൽ, മൂന്ന് വർഷത്തോളം നീണ്ട ഹാക്കിങ് പ്രവർത്തനം ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസികൾ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. ഇത് ബ്രിട്ടനിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.
ചോർത്തിയ വിവരങ്ങളുടെ വ്യാപ്തി ഇതുവരെ വ്യക്തമല്ലെങ്കിലും നിലവിലെ പ്രധാനമന്ത്രി കിയേർ സ്റ്റാമറിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ചാരപ്രവർത്തനം വീണ്ടും സജീവമാകുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. ലണ്ടനിൽ യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് എംബസി സ്ഥാപിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് ഈ വാർത്ത പുറത്തുവന്നത് എന്നതും രാഷ്ട്രീയ തലത്തിൽ ചർച്ചകൾക്ക് വഴിവയ്ക്കുന്നു.











