01:43am 29 October 2026
NEWS
ചൈനയിൽ വൻ ക്രിസ്ത്യൻ വേട്ടയെന്ന് വെളിപ്പെടുത്തൽ
17/10/2025  09:09 AM IST
nila
ചൈനയിൽ വൻ ക്രിസ്ത്യൻ വേട്ടയെന്ന് വെളിപ്പെടുത്തൽ

ചൈനയിൽ ക്രിസ്തുമത വിശ്വാസികൾ നേരിടുന്നത് വലിയ പീഡനങ്ങളെന്ന് വെളിപ്പെടുത്തൽ. സിയോൺ സഭയുടെ സ്ഥാപകനും പ്രമുഖ പാസ്റ്ററുമായ ജിൻ മിംഗ്രി തന്റെ അമേരിക്കയിലുള്ള മകനയച്ച സന്ദേശത്തിലാണ് ചൈനയിൽ ക്രിസ്തുമത വിശ്വാസികൾക്കെതിരെ നടക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. സിയോൺ സഭയുടെ മുപ്പതിലധികം പാസ്റ്റർമാരെയാണ് ചൊനീസ് അധികൃതർ അറസ്റ്റ് ചെയ്തത്. ജിൻ മിംഗ്രിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. 

തടവിലായ മറ്റൊരു പാസ്റ്റർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജിൻ മിംഗ്രി തന്റെ മകന് സന്ദേശം അയച്ചത്. ഇതിനു ശേഷം മിംഗ്രിയും തടവിലാക്കപ്പെട്ടു. ഗ്വാങ്സി പ്രവിശ്യയിലെ ബീഹായ് നഗരത്തിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബീഹായ് നമ്പർ ടു ജയിലിൽ ആണ് പാസ്റ്റർ ജിൻ മിംഗ്രിയെ നിലവിൽ പാർപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. 

കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി, ബീജിംഗ്, ഷാങ്ഹായ് ഉൾപ്പെടെ 10 നഗരങ്ങളിലായി സിയോൺ സഭയെ ലക്ഷ്യമിട്ട് ചൈനീസ് അധികൃതർ പരിശോധനയും അറസ്റ്റും നടത്തിയത്. പാസ്റ്റർമാർ, സഭാ നേതാക്കൾ, അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. സർക്കാർ അംഗീകാരമില്ലാത്ത സഭകളെ ( അണ്ടർഗ്രൗണ്ട് ചർച്ച് ) ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമാണ് സിയോൺ സഭാ നേതാക്കളെ അറസ്റ്റ് ചെയത് തുടക്കമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ചൈനയിലെ സ്വതന്ത്ര സഭകളിൽ ഏറ്റവും വലുതാണ്‌ സിയോൺ സഭ എന്നാണ് വിവരം.

കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയിൽ സർക്കാർ കണക്കുകളിൽ 3.8 കോടി പ്രൊട്ടസ്റ്റന്റുകളും 60 ലക്ഷത്തോളം കത്തോലിക്കാ സഭാ വിശ്വാസികളുമുണ്ട്. ഇത് ചൈന അംഗീകരിച്ച ക്രിസ്ത്യൻ സഭകളിൽ അംഗങ്ങളായവരുടെ മാത്രം കണക്കാണ്. അതിലുമധികം ആളുകൾ വിവിധ സഭകളിലായി ആരാധനകളിൽ പങ്കെടുക്കുന്നുണ്ടെന്നാണ് ചൈനീസ് അധികൃതർ കണ്ടെത്തിയത്. അംഗീകാരമില്ലാത്ത സഭകൾക്ക് ആരാധനാ കേന്ദ്രങ്ങൾ സ്ഥാപിക്കാനോ പ്രവർത്തിക്കാനോ അനുവാദമില്ല. ഇതിന്റെ ഭാഗമായി പള്ളികളുടെ കെട്ടിടങ്ങൾ തകർക്കപ്പെടുകയും  ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img