09:48pm 26 November 2026
NEWS
ഗർഭിണികളുടെ രക്തസാമ്പിളുകൾ കടത്തിയ വൻ ശൃംഖല തകർത്ത് ചൈന; 38,000ത്തിലേറെ സാമ്പിളുകൾ വിദേശത്തേക്ക് കടത്തി
26/11/2026  09:26 PM IST
nila
ഗർഭിണികളുടെ രക്തസാമ്പിളുകൾ കടത്തിയ വൻ ശൃംഖല തകർത്ത് ചൈന; 38,000ത്തിലേറെ സാമ്പിളുകൾ വിദേശത്തേക്ക് കടത്തി

ബെയ്ജിങ്: ഗർഭിണികളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ അനധികൃതമായി വിദേശത്തേക്ക് കടത്തിയ വൻ ശൃംഖല തകർത്ത് ചൈനീസ് അധികൃതർ. രാജ്യത്തിന്റെ ജൈവസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടിയാണിതെന്ന് ചൈനീസ് അധികൃതർ വിലയിരുത്തി. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുന്നതിനായി ശേഖരിച്ച രക്തസാമ്പിളുകളാണ് രാജ്യത്തിന് പുറത്തേക്ക് കടത്തിയിരുന്നത്. ചൈനയിലെ ഷെൻഷെൻ കസ്റ്റംസ് വിഭാഗത്തിലെ കള്ളക്കടത്ത് വിരുദ്ധ ഉദ്യോഗസ്ഥരാണ് രഹസ്യസംഘത്തെ കണ്ടെത്തി നടപടി സ്വീകരിച്ചത്.

ഏകദേശം ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ജനുവരിയിൽ ഗ്വാങ്‌ഡോങ്, ഹൈനാൻ, ഫുജിയാൻ ഉൾപ്പെടെ വിവിധ പ്രവിശ്യകളിൽ ഒരേസമയം പരിശോധനകൾ നടത്തി. 37 പേരെ അറസ്റ്റ് ചെയ്തതായും നാല് ക്രിമിനൽ സംഘങ്ങളെ തകർത്തതായും അധികൃതർ അറിയിച്ചു. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 2,000ത്തിലേറെ രക്തസാമ്പിളുകൾ പിടിച്ചെടുത്തു. ഇതുവരെ 38,000ത്തിലധികം മാതൃരക്തസാമ്പിളുകൾ വിദേശത്തേക്ക് കടത്തിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.

ഗർഭസ്ഥ ശിശുവിന്റെ ലിംഗം മുൻകൂട്ടി അറിയാനുള്ള ചില മാതാപിതാക്കളുടെ താൽപര്യമാണ് ഈ അനധികൃത വ്യാപാരത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ, വൈദ്യശാസ്ത്രപരമായ ആവശ്യങ്ങളല്ലാതെ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുന്നത് ചൈനയിൽ നിരോധിച്ചിട്ടുണ്ട്.

ഒറ്റക്കുട്ടി നയത്തിന്റെ കാലത്താണ് ചൈനയിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. 2016ൽ അവസാനിച്ച ഈ നയത്തിന്റെ കാലത്ത് ആൺകുട്ടികൾക്ക് നൽകിയിരുന്ന പരമ്പരാഗത മുൻഗണന പെൺഭ്രൂണഹത്യകൾക്ക് കാരണമായിരുന്നു. ജനനസമയത്തെ ലിംഗാനുപാതത്തിലെ അസന്തുലിതാവസ്ഥ തടയുന്നതും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമാണ് നിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

എന്നാൽ, ഇതിന് പുറമെ രാജ്യത്തിന്റെ മനുഷ്യ ജനിതക വിഭവങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകളും ചൈന ഉയർത്തുന്നുണ്ട്. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജനിതക വിവരങ്ങൾ അടങ്ങിയതാണ് മാതൃരക്തസാമ്പിളുകൾ. ഇത്തരം സാമ്പിളുകൾ വലിയ തോതിൽ വിദേശ സ്ഥാപനങ്ങളുടെ കൈകളിലെത്തിയാൽ പ്രത്യേക ജനവിഭാഗങ്ങളുടെ ആരോഗ്യസ്ഥിതി, ജനിതകപരമായ ദൗർബല്യങ്ങൾ, വംശീയ ഘടന തുടങ്ങിയവ വിശകലനം ചെയ്യാൻ സാധിക്കുമെന്ന് ഷെൻഷെൻ കസ്റ്റംസിലെ കള്ളക്കടത്ത് വിരുദ്ധ വിഭാഗം നിയമ ഉദ്യോഗസ്ഥയായ ചാങ് പായ് മുന്നറിയിപ്പ് നൽകി. ഇതിലൂടെ കണക്കാക്കാനാകാത്ത സുരക്ഷാ ഭീഷണികൾ ഉയർന്നേക്കാമെന്നും അവർ പറഞ്ഞു.

സാങ്കേതികവിദ്യയുടെയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ദേശീയ സുരക്ഷയുടെ നിർവചനം ചൈന വിപുലീകരിച്ചുവരികയാണ്. 2014ൽ പ്രസിഡന്റ് ഷി ജിൻപിങ് അവതരിപ്പിച്ച സമഗ്ര ദേശീയ സുരക്ഷാ സമീപനത്തിൽ രാഷ്ട്രീയം, സൈനിക മേഖല, സാങ്കേതികവിദ്യ, സൈബർ ഇടം, ബഹിരാകാശം, ജൈവസുരക്ഷ തുടങ്ങിയ മേഖലകളെല്ലാം ഉൾപ്പെടുന്നു.

ജനിതക സാങ്കേതികവിദ്യ മാരകമായ ആയുധമായി മാറാമെന്ന മുന്നറിയിപ്പ് ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം 2023 ഒക്ടോബറിൽ സമൂഹമാധ്യമങ്ങളിലൂടെ നൽകിയിരുന്നു. വിവിധ വംശീയ വിഭാഗങ്ങളുടെ ജനിതക സവിശേഷതകൾ മനസ്സിലാക്കുന്നത് അവരെ ലക്ഷ്യമിട്ടുള്ള ജൈവായുധങ്ങൾ വികസിപ്പിക്കാൻ ദുരുപയോഗം ചെയ്യപ്പെടാമെന്നായിരുന്നു മന്ത്രാലയത്തിന്റെ ആശങ്ക.

പരമ്പരാഗത ജൈവ, രാസായുധങ്ങളെ അപേക്ഷിച്ച് ഇത്തരം സാങ്കൽപ്പിക ജനിതക ആയുധങ്ങൾ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും അവയുടെ പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതും കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്നതുമായ ആയുധങ്ങളായി ഇവ മാറാമെന്നും യുദ്ധത്തിൽ ഉപയോഗിച്ചാൽ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ, ഇത്തരം ആയുധങ്ങൾ നിലവിൽ ഉണ്ടെന്നതിന് തെളിവുകളില്ല. അവയുടെ നിർമാണം സാങ്കേതികമായി സാധ്യമാണോയെന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.

മനുഷ്യരുടെ ജനിതക സാമ്പിളുകൾ നഷ്ടപ്പെടുന്നത് ജീൻ പേറ്റന്റുകൾ, മരുന്നുകളുടെ വികസനം തുടങ്ങിയ മേഖലകളിലും ചൈനയ്ക്ക് തിരിച്ചടിയാകാമെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ഈ വർഷം നേരത്തെ വ്യക്തമാക്കിയിരുന്നു.

ചൈനയുടെ ക്രിമിനൽ നിയമപ്രകാരം പൊതുജനാരോഗ്യത്തിനോ സാമൂഹിക താൽപര്യങ്ങൾക്കോ ഭീഷണിയാകുന്ന രീതിയിൽ മനുഷ്യ ജനിതക വസ്തുക്കൾ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് കുറ്റകരമാണ്. ഇത്തരം കുറ്റങ്ങൾക്ക് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാം.

അനധികൃതമായി രക്തസാമ്പിളുകൾ ശേഖരിക്കുന്നതും വൈദ്യശാസ്ത്രപരമായ ആവശ്യങ്ങളില്ലാതെ ഗർഭച്ഛിദ്രം നടത്തുന്നതും ഗർഭിണികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും. കടത്തുന്നതിനിടെ സാമ്പിളുകൾ ചോർന്നുപോകുകയോ അനുചിതമായി ഉപേക്ഷിക്കപ്പെടുകയോ ചെയ്താൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുമുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

രഹസ്യ നീക്കങ്ങൾ പിന്തുടർന്ന് അന്വേഷണം

കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവത്തിൽ ചൈനീസ് അധികൃതർക്ക് ആദ്യ സൂചന ലഭിച്ചത്. രക്തസാമ്പിളുകളുമായി ഒരു വെളുത്ത കാർ ഷെൻഷെൻ ബേ തുറമുഖം വഴി ഹോങ്കോങ്ങിലേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യവിവരം ഷെൻഷെൻ കസ്റ്റംസിന് ലഭിക്കുകയായിരുന്നു.

യാത്രക്കാരില്ലാതെ അതിർത്തി കടന്ന് പതിവായി സഞ്ചരിക്കുന്ന വെളുത്ത കാറുകളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ വാഹനം കണ്ടെത്തിയത്. കാറിന്റെ ശബ്ദസംവിധാനത്തിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 527 രക്തസാമ്പിളുകളുള്ള ട്യൂബുകൾ കണ്ടെത്തി. എന്നാൽ, രക്തത്തിന്റെ ഉറവിടത്തെക്കുറിച്ചോ സാമ്പിളുകൾ ശേഖരിച്ച രീതിയെക്കുറിച്ചോ ഡ്രൈവർക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

ഇതിന് പിന്നിൽ വലിയൊരു ശൃംഖലയുണ്ടെന്ന് സംശയിച്ച ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. യാത്രാമാർഗങ്ങൾ പരിശോധിച്ച അന്വേഷണസംഘം മറ്റൊരു സംശയാസ്പദ വാഹനത്തെക്കുറിച്ചും വിവരങ്ങൾ കണ്ടെത്തി. ഷെൻഷെനിലെ ലുവോഹു മേഖലയിൽ ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയശേഷം ഡ്രൈവർ ഇലക്ട്രിക് സ്കൂട്ടറിൽ വിവിധ പാർപ്പിട സമുച്ചയങ്ങളിലെ പാഴ്സൽ ലോക്കറുകളിൽ നിന്ന് പൊതികൾ കൈമാറുകയും ശേഖരിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തി.

പ്രതികൾ നേരിട്ട് കണ്ടുമുട്ടാതെ പാഴ്സൽ ലോക്കറുകൾ വഴി പലരിലേക്കായി രക്തസാമ്പിളുകൾ കൈമാറുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരും വിദേശ ലബോറട്ടറികളുമായുള്ള ബന്ധങ്ങളും കണ്ടെത്തി. ചിലർ പ്രാദേശിക ഏജന്റുമാരെയും വിദേശ ലാബുകളുമായുള്ള ബന്ധങ്ങളും നിയന്ത്രിച്ചപ്പോൾ മറ്റുചിലർ രക്തസാമ്പിളുകൾ അതിർത്തി കടത്തുന്നതിനായി കൊറിയർമാരെയും ഡ്രൈവർമാരെയും നിയോഗിച്ചിരുന്നു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും വ്യക്തിഗത പരിചയങ്ങൾ വഴിയും ഗർഭിണികളെ കണ്ടെത്തിയാണ് ഇടനിലക്കാർ ഇടപാടുകൾ നടത്തിയിരുന്നത്. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ പരിശോധനയ്ക്ക് 1,500 മുതൽ 3,500 യുവാൻ വരെ (ഏകദേശം 225 മുതൽ 525 ഡോളർ വരെ) ഈടാക്കിയിരുന്നു. തുടർന്ന് വീടുകളിലെത്തി രക്തസാമ്പിളുകൾ ശേഖരിച്ച് വിദേശത്തേക്ക് കടത്തും. പരിശോധനാഫലം ഓൺലൈനിലൂടെ തിരികെ നൽകുന്നതായിരുന്നു രീതി. ഓരോ സാമ്പിളിൽനിന്നും 1,000 മുതൽ 3,000 യുവാൻ വരെ ഇടനിലക്കാർക്ക് ലാഭം ലഭിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

ഗർഭിണികളുടെ രക്തസാമ്പിളുകൾ വൻതോതിൽ കടത്തിയതായി കണ്ടെത്തുന്ന ആദ്യ സംഭവമല്ല ഇത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഗ്വാങ്‌ഷോ കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ സമാനമായ മറ്റൊരു ശൃംഖല കണ്ടെത്തിയിരുന്നു. 23 പ്രവിശ്യകളിൽ നിന്നായി ഒരു ലക്ഷത്തിലധികം ഗർഭിണികളുടെ രക്തസാമ്പിളുകളാണ് അന്ന് കടത്തിയതായി കണ്ടെത്തിയത്. ഈ ഇടപാടിലൂടെ 30 ദശലക്ഷത്തിലധികം യുവാൻ അനധികൃതമായി സമ്പാദിച്ചതായും സിസിടിവി റിപ്പോർട്ട് ചെയ്തിരുന്നു.

മനുഷ്യരുടെ ജനിതക വിവരങ്ങളുടെ സംരക്ഷണം ദേശീയ സുരക്ഷയുടെ ഭാഗമായാണ് മറ്റ് രാജ്യങ്ങളും പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അമേരിക്കയും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ചൈന, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്കൻ പൗരന്മാരുടെ വലിയ അളവിലുള്ള ജനിതക വിവരങ്ങളും മറ്റ് നിർണായക വ്യക്തിഗത വിവരങ്ങളും ലഭ്യമാകാൻ ഇടയാക്കുന്ന ഇടപാടുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനിതക വിവരങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന ജൈവ സാമ്പിളുകളും നിയന്ത്രണങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img