
ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷേക് ഹസീന അധികാരത്തിൽ നിന്ന് അട്ടിമറിക്കപ്പെട്ടിട്ട് ഏതാണ്ട് എട്ട് മാസങ്ങൾ പൂർത്തിയാകുന്നു. 2024 ആഗസ്റ്റ് 5 നാണ് പ്രാണരക്ഷാർത്ഥം ഹസീന അന്ന് ഇന്ത്യയിൽ അഭയം തേടിയത്. അന്നുതൊട്ട് ഹസീനയെ വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇൻഡ്യ അതിനെക്കുറിച്ച് ഒന്നുംതന്നെ ഉരിയാടാൻ തയ്യാറായിട്ടില്ല. അതേപോലെതന്നെ ഹസീന ഇൻഡ്യയിൽ എവിടെയാണ് ഉള്ളതെന്ന കാര്യവും അതീവരഹസ്യമായി സൂക്ഷിക്കുകയാണ് ഇൻഡ്യ. ഇതിനിടയിൽ ഹസീനയുടെയും ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഹസീനയുടെ അച്ഛൻ ഷേക് മുജിബുർ റഹ്മാന്റെയും ഡാക്കയിലുള്ള കുടുംബവീട് അക്രമികൾ തകർത്തുകളഞ്ഞിരിക്കുന്നു. ഒരുപക്ഷേ ഹസീന അന്ന് രക്ഷപ്പെട്ടിരുന്നില്ലെങ്കിൽ അവരുടെ ജീവൻതന്നെ അപകടത്തിലായേനെ.
ഇത്തരത്തിൽ ഇൻഡ്യ, ബംഗ്ലാദേശ് ബന്ധം പിരിമുറുക്കത്തിലൂടെ കടന്നുപോകുമ്പോൾ ഇൻഡ്യയുടെ എതിരാളികളായ അയൽരാജ്യങ്ങളുമായി അടുത്ത സൗഹൃദം സ്ഥാപിക്കാനുള്ള പുറപ്പാടിലാണ് ബംഗ്ലാദേശ്. ചൈനയും പാകിസ്ഥാനും വിരിക്കുന്ന ചുവന്ന പരവതാനിയിലൂടെ കടന്ന് അവരുമായുള്ള ബന്ധങ്ങൾ ഊഷ്മളമാക്കാൻ നിരവധി ശ്രമങ്ങളാണ് ബംഗ്ലാദേശ് നടത്തിക്കൊണ്ടിരിക്കുന്നത്.
അവിഭക്ത പാകിസ്ഥാനെ രണ്ടായി വിഭജിച്ച 1971 ലെ വിമോചന സമരത്തിനുശേഷമുള്ള കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് പാകിസ്ഥാനും, ബംഗ്ലാദേശും തമ്മിലുള്ള ബന്ധം അത്ര മെച്ചപ്പെട്ടതൊന്നുമായിരുന്നില്ല. പട്ടാള ഭരണമേധാവി സിയാവുൾ റഹ്മാന്റെയും, അദ്ദേഹത്തിന്റെ ഭാര്യ ഖാലിദാ സിയായുടെയും ഭരണകാലത്ത് ഏതാണ്ട് അഞ്ച് വർഷത്തോളം പാകിസ്ഥാനുമായി ചില സൗഹൃദബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. തൽസ്ഥിതിക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോൾ രൂപപ്പെട്ട് വന്നിരിക്കുന്നത്. 2001 മുതൽ 2006 വരെ ഖാലിദാ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും, ജമാ അത്തെ ഇസ്ലാമിയും സാക്ഷ്യം കൊടുത്ത സർക്കാരിന്റെ കാലത്താണ് മെച്ചപ്പെട്ട ബന്ധം ഉണ്ടായത്. ഇപ്പോൾ ബംഗ്ലാദേശിന്റെ താൽക്കാലിക പ്രസിഡന്റായി നോബൽ ജേതാവായ മുഹമ്മദ് യൂനുസ് ആണ് അധികാരത്തിൽ ഉള്ളതെങ്കിലും, ഭരണത്തിന്റെ നിയന്ത്രണം സൈന്യത്തിനും, നാഷണലിസ്റ്റ് പാർട്ടിക്കും(ബി.എൻ.പി) ജമാഅത്തെ ഇസ്ലാമിക്കും ആണ്. അവരുടെ തിട്ടൂരങ്ങൾ അനുസരിച്ച് മാത്രമേ യൂനുസിന് പ്രവർത്തിക്കാനാവുകയുള്ളൂ.
ഏതാണ്ട് പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പാകിസ്ഥാനും, ബംഗ്ലാദേശുമായി നേരിട്ടുള്ള കച്ചവടബന്ധങ്ങൾ ഈയിടെ പുനഃസ്ഥാപിക്കപ്പെട്ടു. അൻപതിനായിരം ടൺ പാകിസ്ഥാൻ അരി ഡാക്കയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഇരുവരും ഈയിടെ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വ്യോമഗതാഗതത്തിനും കരാറായി. സൈനിക സഹകരണത്തിനും, വിസാ നിയമങ്ങൾ ലഘൂകരിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹാബ് ഷെരീഫും, ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് യൂനുസും തമ്മിൽ നിരവധി അന്താരാഷ്ട്ര വേദികളിൽ വച്ച് കൂടിക്കാഴ്ചകൾ നടത്തുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധങ്ങൾ ഊഷ്മളമാക്കാനുള്ള നടപടികളാണ് ശ്രദ്ധേയമായിട്ടുള്ളത്.
ബംഗ്ലാദേശ് സൈനിക മേധാവികൾ ഉൾപ്പെടെ ഒരു ഉന്നത ദൗത്യസംഘം ജനുവരിയിൽ പാകിസ്ഥാനിലെത്തി ആർമി ചീഫ് ജനറൽ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെബ്രുവരിയിൽ കറാച്ചി തീരത്ത് പാകിസ്ഥാൻ സംഘടിപ്പിച്ച നാവിക അഭ്യാസങ്ങളിൽ ബംഗ്ലാദേശ് നേവി പങ്കെടുക്കുകയും ചെയ്തു. ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള നീക്കവുമായി പാകിസ്ഥാൻ അധികാരികൾ നിരവധി കൂടിക്കാഴ്ചകൾ നടത്തിക്കഴിഞ്ഞു. 1971 ലെ വിമോചനസമരക്കാലത്ത് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനെതിരെ പാകിസ്ഥാന് പിന്തുണ നൽകിയ പ്രസ്ഥാനമാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി.
പാകിസ്ഥാനുമായി ബംഗ്ലാദേശ് പുതിയ ബന്ധങ്ങൾക്ക് പുറപ്പെടുന്നത് ഇൻഡ്യ വളരെ സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്. അടുത്തകാലത്തായി ഇൻഡ്യയുടെ ചില അതിർത്തി രാജ്യങ്ങൾ പ്രകടിപ്പിക്കുന്ന ചൈനീസ്, പാകിസ്ഥാൻ സൗഹൃദം അതിര് വിടാതിരിക്കാൻ ശ്രദ്ധേയമായ നീക്കങ്ങൾ ഇൻഡ്യ നടത്തിയിരുന്നു. ശ്രീലങ്കയും മാലി ദ്വീപും ചൈനയുമായി കൂടുതൽ സഹകരണങ്ങൾക്ക് തുനിഞ്ഞപ്പോൾ, കൃത്യമായ ഇടപെടലിലൂടെ ഇൻഡ്യ അവരെ മെരുക്കിയിരുന്നു. എന്നാൽ ബംഗ്ലാദേശ് കുറെക്കൂടി സങ്കീർണ്ണമായ പ്രശ്‌നമാണ്. ബംഗ്ലാദേശിലെ ശക്തമായ മതതീവ്രവാദി പ്രസ്ഥാനങ്ങളാണ് ഇൻഡ്യയുടെ ഏറ്റവും വലിയ കടമ്പ. പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഉന്നത ഉദ്യോഗസ്ഥർ ഡാക്ക സന്ദർശിച്ച് ഇവരിൽ പലരുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞതായി ഇൻഡ്യ ആരോപിക്കുന്നുണ്ട്. യൂനുസിന്റെ സർക്കാർ ഈ വാദം തള്ളിക്കളയുന്നുണ്ടെങ്കിലും, ഇൻഡ്യൻ അതിർത്തിയിൽ സംഘർഷം വിതയ്ക്കാൻ കലാപകാരികൾക്ക് ഐ.എസ്.ഐ ബംഗ്ലാദേശിൽ പരിശീലനം തുടങ്ങിയതായും സംശയിക്കപ്പെടുന്നുണ്ട്.
പാകിസ്ഥാനുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം ചൈനയുമായും പുതിയ സൗഹൃദങ്ങൾക്ക് ബംഗ്ലാദേശ് ഒരുമ്പെട്ടുകഴിഞ്ഞു. ഉന്നത രാഷ്ട്രീയ നേതാക്കന്മാരും, സാമൂഹ്യപ്രവർത്തകരും, മീഡിയാക്കാരും അടങ്ങിയ 22 അംഗങ്ങളുള്ള ഒരു ബംഗ്ലാദേശ് ഡെലിഗേഷൻ ഈയിടെ ചൈന സന്ദർശിക്കുകയുണ്ടായി. ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ മുതിർന്ന നേതാവായ അബ്ദുൾ മൊയിൻ ഖാനായിരുന്നു ഈ സംഘത്തിന്റെ തലവൻ. ചൈനീസ് ഉദ്യോഗസ്ഥരുമായും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കന്മാരുമായും ഇവർ ചർച്ചകൾ നടത്തി. ബീഗം ഖാലിദാ സിയയുടെ ബി.എൻ.പിയുടെ ചില മുതിർന്ന നേതാക്കൾ പലതവണയായി ഇതിനകം തന്നെ പ്രത്യേക ദൗത്യയാത്രകൾ ചൈനയിലേക്ക് നടത്തിയിരുന്നു. ബംഗ്ലാദേശ് സർക്കാരിന്റെ ഫോറിൻ പോളിസി അഡ്‌വൈസറായ തൗഹീദ് ഹുസൈൻ ഈയിടെ നടത്തിയ ചൈനീസ് സന്ദർശനം പുതിയ ബന്ധങ്ങൾ വെട്ടിത്തുറക്കുമെന്ന് ഉറപ്പാണ്. അദ്ദേഹം ചൈനീസ് വിദേശകാര്യമന്ത്രി വാൻഗ് യിയുമായി ബെയ്ജിംഗിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇൻഡ്യയുമായുള്ള ബന്ധത്തിൽ ഉണ്ടായ വിള്ളലുകൾക്ക് പകരം വയ്ക്കാൻ ചൈന സഹായഹസ്തം വാഗ്ദാനം ചെയ്യാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇൻഡ്യ ബംഗ്ലാദേശ് ബന്ധങ്ങൾ ഊഷ്മളമായിരിക്കുമ്പോൾ തന്നെ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ കച്ചവടപങ്കാളി ചൈന തന്നെയായിരുന്നു. 24 ബില്യൻ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇതിൽ ഭൂരിഭാഗവും ബംഗ്ലാദേശിലേക്കുള്ള ചൈനീസ് ഇറക്കുമതിയാണ്. അതുപോലെതന്നെ ബംഗ്ലാദേശ് സൈനിക ഇറക്കുമതിയുടെയും പ്രധാന പങ്കും ചൈനയ്ക്കാണ്. ബംഗ്ലാദേശിന് ആവശ്യമായ ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും എഴുപത് ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
പരമ്പരാഗതമായി ഇൻഡ്യാ വിരുദ്ധ കൂട്ടരായ ബി.എൻ.പി, ജമാഅത്തെ ഇസ്ലാമി സഖ്യമാണ് ഇപ്പോൾ ബംഗ്ലാദേശിന്റെ ഭരണചക്രം തിരിക്കുന്നത്. ഷേക് ഹസീനയോടും അവരുടെ നാഷണൽ അവാമി ലീഗിനോടും കടുത്ത പകയാണ് ഇരുകൂട്ടർക്കും. ആ ഹസീനയെ പിന്തുണയ്ക്കുകയും അഭയം കൊടുക്കുകയും ചെയ്ത ഇൻഡ്യയോട് ശത്രുത സ്വാഭാവികം മാത്രം. ഹസീനയെ വിട്ടുകിട്ടണമെന്നുള്ള ഇവരുടെ ആവശ്യവും ഒരിക്കലും നടക്കാൻ പോകുന്നില്ല. ഹസീനയ്‌ക്കെതിരെ മാത്രമല്ല വിദേശത്തുള്ള ഹസീനയുടെ കുടുംബാംഗങ്ങൾക്കെതിരെയും പക തീർക്കാനുള്ള പുറപ്പാടിലാണ് ഇവർ. ഈയിടെ ബ്രിട്ടനിൽ അധികാരത്തിലേറിയ ലേബർ സർക്കാരിലെ ധനകാര്യ വകുപ്പ് സഹമന്ത്രിയായിരുന്ന തുലിപ് സിദ്ദിക്കിയുടെ മന്ത്രിപദം തെറിപ്പിച്ചത് ഇതിലൊന്നാണ്. തുലിപിന്റെ അമ്മായി ആണ് ഷേക് ഹസീന. ഹസീനയുടെ ഭരണകാലത്ത് വ്യാജമായി ഭൂസ്വത്തുക്കൾ സമ്പാദിക്കുകയും, റഷ്യയുമായുള്ള ഒരു ന്യൂക്ലിയർ പവ്വർ പ്ലാന്റിന്റെ നിർമ്മാണത്തിന് കരാറൊപ്പിട്ട് കോടിക്കണക്കിന് കമ്മിഷൻ വാങ്ങി എന്നതുമാണ് തുലിപിന്റെ പേരിൽ ബംഗ്ലാദേശ് ആന്റി കറപ്ഷൻ കമ്മിഷൻ കേസുകൾ ചാർജ്ജ് ചെയ്തിരിക്കുന്നത്.
ഈ വാർത്ത പുറത്തുവന്നതോടെ തുലിപ് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. ബംഗ്ലാദേശ് വംശജർ തിങ്ങിപ്പാർക്കുന്ന ലണ്ടനിലെ ഹാംസ്റ്റെഡ് ആന്റ് ഹൈഗേറ്റ് മണ്ഡലത്തിൽ നിന്നാണ് തുലിപ് പാർലമെന്റു മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. തുലിപിന്റെ പേരിലുള്ള കേസ് മുറുക്കുന്നതിനായി ഈയിടെ അവർക്കെതിരെ ബംഗ്ലാദേശ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. തനിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമെന്ന് തുലിപ് അവകാശപ്പെടുമ്പോഴും, ബ്രിട്ടനെപ്പോലെ രാഷ്ട്രീയ ധാർമ്മികത പുലർത്തുന്ന ഒരു രാജ്യത്ത് എത്രനാൾ തുലിപിന് തന്റെ എം.പി സ്ഥാനത്ത് പിടിച്ചുനിൽക്കാൻ കഴിയുമെന്നത് ചോദ്യച്ചിഹ്നമാണ്. തുലീപിനെ നാടുകടത്തിക്കിട്ടാനുള്ള വ്യവഹാര നടപടികളുമായി ബംഗ്ലാദേശ് ബ്രിട്ടനിലെ കോടതികളെ സമീപിക്കാനുള്ള സാധ്യതകളുണ്ട്.
ഇത്തരത്തിൽ ഇൻഡ്യയ്ക്കും, ഹസീനയ്ക്കും സൃഷ്ടിക്കുന്ന തലവേദനകൾ പുതിയ മേച്ചിൽപുറങ്ങൾ തേടുമോയെന്ന് കാത്തിരുന്നു കാണണം.











