02:56am 29 October 2026
NEWS
അസാധാരണ ബുദ്ധിശക്തിയാൽ മനുഷ്യരെ അമ്പരപ്പിച്ച ചിമ്പാൻസി അന്തരിച്ചു
13/01/2026  05:54 AM IST
nila
അസാധാരണ ബുദ്ധിശക്തിയാൽ മനുഷ്യരെ അമ്പരപ്പിച്ച ചിമ്പാൻസി അന്തരിച്ചു

ടോക്യോ: അസാധാരണ ബുദ്ധിശക്തിയാൽ മനുഷ്യരെ അമ്പരപ്പിച്ച ജപ്പാനിലെ ‘ജീനിയസ്’ ചിമ്പാൻസി വിടവാങ്ങി. ആയി എന്ന് പേരുള്ള ചിമ്പാൻസിയാണ് 49-ാം വയസ്സിൽ അന്തരിച്ചത്. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. പ്രൈമേറ്റുകളുടെ ബുദ്ധിശേഷിയെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു ആയി. 

ഇംഗ്ലീഷ് അക്ഷരമാല മനസ്സിലാക്കാനും നൂറിലധികം ചൈനീസ് അക്ഷരങ്ങൾ തിരിച്ചറിയാനും കഴിവുള്ള ആയിയുടെ ബുദ്ധിവൈഭവം ശാസ്ത്രജ്ഞരെ പോലും അതിശയിപ്പിച്ചിരുന്നു. പൂജ്യം മുതൽ ഒൻപത് വരെ അറബിക് അക്കങ്ങൾ തിരിച്ചറിയുകയും 11 നിറങ്ങൾ വ്യക്തമായി വേർതിരിക്കാനും ആയിക്ക് സാധിച്ചിരുന്നുവെന്ന് പ്രൈമറ്റോളജിസ്റ്റ് ടെറ്റ്‌സുറോ മത്സുസാവ 2014-ൽ വ്യക്തമാക്കിയിരുന്നു.

മനുഷ്യനും കുരങ്ങുകളും ഉൾപ്പെടുന്ന പ്രൈമേറ്റുകളുടെ ബോധം, ഓർമ്മശക്തി, പഠനരീതികൾ എന്നിവ മനസ്സിലാക്കാൻ ആയിയുടെ ജീവിതം വലിയ സഹായമായതായി ക്യോട്ടോ സർവകലാശാലയിലെ സെന്റർ ഫോർ ദി ഇവലൂഷണറി ഒറിജിൻസ് ഓഫ് ഹ്യൂമൻ ബിഹേവിയർ അറിയിച്ചു. ‘സ്നേഹം’ എന്നർഥമുള്ള ജാപ്പനീസ് പേരിന് അർഹമായ രീതിയിലാണ് ആയിയുടെ ശാന്തവും സഹകരണപരവുമായ സ്വഭാവം ഗവേഷണങ്ങളിൽ പ്രതിഫലിച്ചതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

1977-ൽ പശ്ചിമാഫ്രിക്കയിൽ നിന്ന് ജപ്പാനിലെത്തിയ ആയി, 2000-ൽ അയുമു എന്ന ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയുടെ പാത പിന്തുടർന്ന് അസാധാരണ കഴിവുകൾ പ്രകടിപ്പിച്ച അയുമു, അറിവ് തലമുറകളിലൂടെ കൈമാറപ്പെടുന്ന രീതിയെക്കുറിച്ചുള്ള പഠനങ്ങൾക്ക് പുതിയ തെളിവുകൾ നൽകി. ശാസ്ത്രവും മനുഷ്യബോധവും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ച ആയി, പ്രൈമേറ്റു ഗവേഷണ ചരിത്രത്തിലെ ഒരു അപൂർവ അധ്യായമായി തുടരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img