04:28am 22 September 2026
NEWS
ചിൽട്ടൺ ഡ്യുവൽ പർപ്പസ് എ.സി എക്സ്പീരിയൻസ് സെൻ്റർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു
21/09/2026  11:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചിൽട്ടൺ ഡ്യുവൽ പർപ്പസ് എ.സി എക്സ്പീരിയൻസ് സെൻ്റർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

​കൊച്ചി: എയർ കണ്ടീഷനിംഗിനൊപ്പം  സൗജന്യമായി ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൺ ഡ്യുവൽ പർപ്പസ് എസിയുടെ (ഡി.പി-എ.സി) കേരളത്തിലെ ആദ്യ ലൈവ് എക്സ്പീരിയൻസ് സെൻ്റർ കൊച്ചിയിൽ തുറന്നു. ഇടപ്പള്ളി കൂനംതൈയിലുള്ള ചിൽട്ടൺ ടവേഴ്സിൽ ആരംഭിച്ച  എക്സ്പീരിയൻസ് സെൻ്റർ  ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.

​രൂക്ഷമായ ഊർജ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ ഏറെ അനിവാര്യമാണെന്ന്  ഹൈബി ഈഡൻ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം  പ്രകൃതി സംരക്ഷണത്തിന്  മുൻതൂക്കം നൽകുന്ന ഉത്പന്നങ്ങളുടെ പ്രസക്തി  വർദ്ധിച്ചുവരികയാണ്. വീടുകളിലെ വൈദ്യുതി ചെലവ് കുറയ്ക്കാൻ ഡ്യുവൽ പർപ്പസ് എസിയിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 ​ലോകത്തിലെ തന്നെ ഏക പേറ്റന്റഡ് ഡ്യുവൽ പർപ്പസ് എസിയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിൽട്ടന്റേത്. കണ്ടൻസറിൽ നിന്നുള്ള താപം അന്തരീക്ഷത്തിലേക്ക് വെറുതെ പുറന്തള്ളുന്നതിന് പകരം, അത് വീണ്ടെടുത്ത് അധിക ഊർജ്ജച്ചെലവില്ലാതെ ചൂടുവെള്ളം ഉത്പാദിപ്പിക്കുന്ന നൂതനമായ വേസ്റ്റ് ഹീറ്റ് റിക്കവറി സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ഇൻവെർട്ടർ എസികളെ അപേക്ഷിച്ച് 40 ശതമാനം കുറഞ്ഞ വൈദ്യുതി മാത്രമാണ് ഇതിന് ആവശ്യമുള്ളത്. 1.5 ടൺ കപ്പാസിറ്റിയുള്ള എസി പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുമ്പോഴും വെറും 924 വാട്ട്സ് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം 48,136 രൂപ വരെ വൈദ്യുതിച്ചെലവ് ഇനത്തിൽ ലാഭിക്കാനാകും.

​സാമ്പത്തിക ലാഭത്തിനൊപ്പം വലിയ രീതിയിലുള്ള പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകുന്ന സാങ്കേതികവിദ്യയാണ് ഉപയോ​ഗിച്ചിരിക്കുന്നതെന്ന് ചിൽട്ടൻ മാനേജിങ് ഡയറക്ടർ ചിൽ പ്രകാശ് പറഞ്ഞു. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ചൂട് 21 ശതമാനത്തോളം കുറയ്ക്കാനും, ഗ്ലോബൽ വാർമിംഗ് പൊട്ടൻഷ്യൽ 61 ശതമാനം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഒരു എസി യൂണിറ്റിൽ നിന്ന് മാത്രം പ്രതിവർഷം 11,690 കിലോഗ്രാം കാർബൺ ഫുട്പ്രിൻ്റാണ് കുറയ്ക്കാനാകുക.

ഊർജ്ജക്ഷമതയ്ക്കും പരിസ്ഥിതി സൗഹൃദത്തിനും പ്രാധാന്യം നൽകിയുള്ള ചിൽട്ടൻ റഫ്രിജറേഷന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും  കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ഗ്രീൻപ്രോ പുരസ്കാരവും  ലഭിച്ചിരുന്നു. ഇന്ത്യയിൽ ഓരോ വർഷവും വിറ്റഴിക്കപ്പെടുന്ന എയർ കണ്ടീഷണറുകളിൽ ഒരു ശതമാനമെങ്കിലും ഡി.പി-എ.സി സാങ്കേതികവിദ്യയിലേക്ക് മാറിയാൽ രാജ്യത്തിന് പ്രതിവർഷം കോടിക്കണക്കിന് യൂണിറ്റ് വൈദ്യുതി ലാഭിക്കാനും, 5.84 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ പുറന്തള്ളൽ കുറയ്ക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img