
ദോഹ: കുട്ടികളുടെ സർഗ്ഗാത്മകതയും ആത്മവിശ്വാസവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ (ഈവനിംഗ് ഷിഫ്റ്റ്) കെ.ജി 1, കെ.ജി 2 വിഭാഗം വിദ്യാർത്ഥികൾക്കായി 'ഫെയറി ടെയിൽ സ്റ്റോറിടെല്ലിങ്' മത്സരം സംഘടിപ്പിച്ചു.
പ്രശസ്തമായ നാടോടിക്കഥകളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം മനോഹരമായ വേഷവിധാനങ്ങൾ അണിഞ്ഞും ആകർഷകമായ പ്രോപ്പുകൾ (Props) ഉപയോഗിച്ചുമാണ് കുട്ടികൾ വേദിയിലെത്തിയത്. ഓരോ കഥാപാത്രത്തെയും ആവേശത്തോടും ഭാവപ്പകർച്ചയോടും കൂടി അവതരിപ്പിച്ച കുരുന്നുകൾ കാണികളുടെ കയ്യടി നേടി.
സ്കൂൾ സീനിയർ വൈസ് പ്രിൻസിപ്പൽ മിസ്റ്റർ ഷിഹാബുദ്ദീൻ പുലാത്ത്, ഹെഡ്മിസ്ട്രസ് മിസിസ് സമീന അഷ്ഫാഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാധ്വാനത്തെ അഭിനന്ദിച്ച അവർ, ഇത്തരം വേദികൾ കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. കുട്ടികളുടെ ഭാവനാലോകത്തെ ഉണർത്തുന്നതിനൊപ്പം ഭാഷാപരമായ വളർച്ചയ്ക്കും ഈ മത്സരം വലിയൊരു പ്ലാറ്റ്‌ഫോമായി മാറി.











