08:48am 13 November 2026
NEWS
കുടുംബചിത്രങ്ങളുടെ സ്‌നേഹമരം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികൾ
15/05/2026  11:23 PM IST
നാസർ
കുടുംബചിത്രങ്ങളുടെ സ്‌നേഹമരം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികൾ

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫാമിലിക്കായി വന്‍മരം നിറയെ കുടുംബചിത്രങ്ങള്‍ നിറച്ച് ഭിന്നശേഷിക്കാര്‍. അന്താരാഷ്ട്ര കുടുബദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ കൂറ്റന്‍ പുളിമരത്തിലാണ് കുട്ടികള്‍ തങ്ങളുടെ കുടുംബചിത്രങ്ങള്‍ വരച്ച് ഫാമിലി  മരം ഒരുക്കിയത്. ഡി.എ.സിയിലെ എല്ലാവരും ഇനി ഒരൊറ്റ കുടുംബമാണെന്ന് പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഫാമിലി മരത്തിലൂടെ.  റവന്യൂഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി എം.ജി രാജമാണിക്യം ഐ.എ.എസ്, ഭാര്യയും ഐ.ജിയുമായ ആര്‍.നിഷാന്തിനി ഐ.പി.എസ് എന്നിവര്‍ തങ്ങളുടെ മക്കളായ നിധിലന്‍, വെണ്‍പ എന്നിവര്‍ക്കൊപ്പം ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത് കുടുംബദിനാഘോഷത്തിന് മാറ്റ് കൂട്ടി.  ഡി.എ.സി ഫാമിലി മരത്തില്‍ തങ്ങളുടെ കുടുംബത്തെക്കൂടി ചേര്‍ത്തുവച്ചാണ് ചടങ്ങ് അവര്‍ ഉദ്ഘാടനം ചെയ്തത്.  തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സ്‌നേഹചുംബനം നല്‍കി ചടങ്ങിനെ കൂടുതല്‍ വികാരഭരിതമാക്കി. ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ വര്‍ണജാലങ്ങള്‍ വിരിയിച്ച ഈ ഡിഫറന്റ് ആര്‍ട് സെന്റര്‍ കൂട്ടായ്മയിലേയ്ക്ക് തങ്ങള്‍ക്കുകൂടി ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായെന്ന് അവര്‍ അഭിപ്രായപ്പെട്ടു.  യഥാര്‍ത്ഥ വിസ്മയം നടക്കുന്ന സ്വര്‍ഗതുല്യമായ ഒരിടമാണിതെന്നും കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷമാണ് ഇവിടുത്തെ ഇന്ദ്രജാലമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  തുടര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളും അമ്മമാരും ചേര്‍ന്ന് അവതരിപ്പിച്ച കലാപ്രകടനങ്ങളും അരങ്ങേറി.  ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍ എന്നിവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img