01:27pm 18 May 2026
NEWS
കുഞ്ഞുങ്ങളാണ് ധനം, ആന്ധ്രയിൽ മൂന്നാമത്തെ കുഞ്ഞിന് മുപ്പതിനായിരം രൂപ.
18/05/2026  11:29 AM IST
വിഷ്ണുമംഗലം കുമാർ
കുഞ്ഞുങ്ങളാണ് ധനം, ആന്ധ്രയിൽ മൂന്നാമത്തെ കുഞ്ഞിന് മുപ്പതിനായിരം രൂപ

 വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും പുതിയ നയങ്ങൾ രൂപപ്പെടുത്തുന്നതിലും വിദഗ്ധനാണ് ടി ഡി പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. എൻഡിഎയുടെ പ്രമുഖ നേതാവ് കൂടിയാണ് അദ്ദേഹം. വൈ എസ്‌ ആർ കോൺഗ്രസ്സിന്റെ ജഗൻ മോഹൻ റെഡ്‌ഡിയെ തറ പറ്റിച്ചുകൊണ്ടാണ് തലമുതിർന്ന നേതാവായ ചന്ദ്രബാബു നായിഡു 2024 ൽ ആന്ധ്രാ പ്രദേശ് തിരിച്ചുപിടിച്ചത്. പുതിയ ജീവിതശൈലിയും ഒരു കുഞ്ഞുമതി എന്ന യുവദമ്പതികളുടെ കാഴ്ചപ്പാടും ജനസംഖ്യ കുറയുന്നതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാമത്തെ കുഞ്ഞുപിറന്നാൽ ആ ദമ്പതികൾക്ക് ഗവണ്മെന്റ് 25000 രൂപ സഹായധനമായി നൽകുമെന്ന് കഴിഞ്ഞ മാർച്ചിൽ അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. മൂന്നാമത്തെ കുഞ്ഞു പിറന്നാൽ മുപ്പതിനായിരം രൂപയും നാലാമത്തെ കുഞ്ഞിന് നാൽപതിനായിരം രൂപയും ഗവണ്മെന്റ് നൽകുമെന്ന് കഴിഞ്ഞ ദിവസം ശ്രീകാകുളത്ത് ഒരു ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവേ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. " മുമ്പ് ജനസംഖ്യാ നിയന്ത്രണത്തിന് നമ്മൾ വളരെയേറെ കഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ കാലം മാറി. പലവിധ കാരണങ്ങളാൽ ജനസംഖ്യ കുറഞ്ഞുവരികയാണ്. ജനസംഖ്യ വർധിപ്പിക്കാനുള്ള നടപടികളാണ് ഇനി നമ്മൾ സ്വീകരിക്കേണ്ടത്. പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കാനാവും. കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനെ കുറിച്ചും അവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നതിനെ കുറിച്ചും ഗവണ്മെന്റ് ആലോചിക്കുന്നുണ്ട്" അദ്ദേഹം വ്യക്തമാക്കി. അംഗനവാടികൾ നവീകരിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ ആന്ധ്രാപ്രദേശ് ഗവണ്മെന്റ് നടത്തിവരുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img