
നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുന്നു
കൊച്ചി: കുട്ടികൾ ഭവിലേക്കുള്ള ഇന്ധനമായാണ് വളർന്നുവരുന്നതെന്നും, സാമൂഹിക പ്രസക്തിയുള്ള വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും നടത്തിയ കുട്ടി ഗവേഷകരുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റത്തിന്റെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സമഗ്രാശിക്ഷാ കേരളവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) സംയുക്തമായി സംഘടിപ്പിച്ച കുട്ടി സ്ലാം 2026 പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. സാമൂഹിക ബോധവും ശാസ്ത്രീയ ചിന്തയും കൈകോർക്കുന്ന ഇത്തരം ഗവേഷണ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ. അരുൺ എ. യു, C-SiS ഡയറക്ടർ ഡോ. ഷൈജു പി, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടർ ഡോ. സുപ്രിയ എ. ആർ, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ എന്നിവർ പങ്കെടുത്തു.
ഈ ദ്വിദിന പരിപാടിയിൽ സിക്കിൾ സെൽ അനീമിയ: രോഗപ്രതിരോധവും നിർമാർജനവും, ജലമലിനീകരണം, കാർബൺ ന്യൂട്രൽ വീടുകൾ, വയോജന സംരക്ഷണം, സാനിറ്ററി നാപ്കിന്റെ ശാസ്ത്രീയ ഉപയോഗം, കാലാവസ്ഥ പഠനം, റോഡ് സുരക്ഷ, ജലജന്യ രോഗങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലാണ് പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, ആലപ്പുഴ, മലപ്പുറം എന്നീ ആർ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടി ഗവേഷകർ ഗവേഷണങ്ങൾ അവതരിപ്പിച്ചത്.
Photo Courtesy - Google











