
ആരോഗ്യകരമായ വിമർശനവും, വസ്തുനിഷ്ഠമായ ആരോപണവുമാണ് ജനാധിപത്യത്തിന് ശക്തി നൽകുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളിലാണെങ്കിൽ പൊതു സമൂഹത്തിന് അത് ദോഷം വരുത്തും. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ഉണ്ടായെന്ന് പറയപ്പെടുന്ന ഒരു സംഭവത്തിൽ മലബാറിൽ വിശിഷ്യാ മലപ്പുറത്തും, കോഴിക്കോടിലും മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് കടുത്ത പ്രക്ഷോഭത്തിലാണ്. അവർ മുഷ്ടി ചുരുട്ടി പലയിടത്തും തെരുവിലിറങ്ങി. ഇതിന്റെ ഔചിത്യം വ്യക്തവുമല്ല. എം.എസ്.എഫ് ആരോപിക്കുന്ന വിഷയം സൂക്ഷ്മതയോടെ നിരീക്ഷിക്കുമ്പോൾ അത് രാഷ്ട്രീയ എതിരാളിയോടുള്ള അസഹിഷ്ണുത മാത്രമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം അത് തിരുത്താവുന്നതല്ലെന്നും, രാഷ്ട്രീയ എതിരാളിയോടുള്ള സ്ഥിരം 'മൈൻഡ് സെറ്റാ'യി മാത്രമേ അതിനെ കാണാനാകൂവെന്നും നിരീക്ഷിക്കുന്നവരുണ്ട്. മുൻ മന്ത്രി കെ.ടി ജലീലിനെതിരെ മുസ്ലിംലീഗും, എസ്. എസ്. എഫും ഉന്നയിച്ച വിഷയത്തിൽ ആധികാരിക പരാതികൾ ഒന്നും ഉല്ലാതെതന്നെ, ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തിട്ടുമുണ്ട്. ജലീലിന്റെ പേരിൽ ആരോപിക്കപ്പെടുന്ന കാര്യം കേസ്സെടുത്ത് ജയിലിൽ ഇടേണ്ട കുറ്റകൃത്യം തന്നെയാണോ എന്നത്, ഒരുപക്ഷേ കേരളത്തിന് പുതിയൊരു അറിവായി മാറിയേക്കാം.
മണ്ണാർക്കാട് സംഭവം
നടപ്പുകാലത്തെ വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്റെ മണ്ഡലമാണ് മണ്ണാർക്കാട്. ഈ മണ്ഡലത്തിലാണ് മുൻ മന്ത്രിയായിരുന്ന കെ.ടി ജലീലിനെതിരെ ഇപ്പോൾ എം.എസ്.എഫ് പടയൊരുക്കം നടത്തുന്നത്. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളിൽ നിന്നായി എസ്.എസ്.എൽ.സി-പ്ലസ്സ് ടു ക്ലാസ്സുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'മെറിറ്റ് ഈവനിംഗ്' ചടങ്ങ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് മുൻമന്ത്രി കെ.ടി ജലീലായിരുന്നു. വിദ്യാർത്ഥികളുമായും, രക്ഷിതാക്കളുമായും ലോകകപ്പ് ഉൾപ്പെടെ കാലികമായ പല വിഷയങ്ങളും സംവദിച്ച് കൊണ്ടായിരുന്നു ജലീൽ ചടങ്ങിൽ പ്രസംഗിച്ചത്. അതീവ ഉത്സാഹത്തോടെയാണ് കുട്ടികൾ ജലീലുമായി സംവദിച്ചതും. ഇതിനിടെ, എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളിൽ ചിലരെ വേദിയിലേക്ക് വരുത്തി മാതാപിതാക്കളുടെ പേരും, വിലാസവും എഴുതാൻ കെ.ടി ജലീൽ ആവശ്യപ്പെടുകയും, അതിൽ അക്ഷരത്തെറ്റ് വരുത്തിയ വിദ്യാർത്ഥിയോട് 'എടോ തനിക്ക് അക്ഷരമറിയില്ലേ.. ടെൻഷനായാൽ സ്‌പെല്ലിംഗ് മിസ്റ്റേക്ക് വരുത്താൻ പാടില്ലെ'ന്ന് വാത്സല്യഭാഷയിലൂടെ പറഞ്ഞ് ആ കുട്ടിയുടെ ചെവി പിടിച്ച് കെ.ടി ജലീൽ ശാസിച്ചു. കേവലം തമാശ മട്ടിലായിരുന്നു ജലീൽ ഇത് ചെയ്തത്. വിദ്യാർത്ഥിയും വേദിയിലുള്ളവരും കൂട്ടച്ചിരിയോടെയാണ് ആ രംഗം ഉൾക്കൊണ്ടത്. എന്നാൽ 'ടെൻഷനായാൽ സ്‌പെല്ലിംഗ് മിസ്റ്റേക്ക് വരുത്താൻ പാടില്ല' എന്ന ജലീലിന്റെ പ്രയോഗം വേദിയിലുള്ള ചിലർക്ക് അൽപ്പം പ്രയാസമുണ്ടാക്കി. കാരണം ടെൻഷൻ കാരണം 'കേരളം' എന്നത് 'കോരളം' എന്ന് തെറ്റി എഴുതിയ ഒരു നേതാവിന് ഇട്ട് കൊട്ടിയതായി അവർക്ക് തോന്നി. കാര്യം മനസ്സിലാക്കി പലരും അതേറ്റ് പിടിച്ച് പ്രക്ഷോഭത്തിന് തുടക്കമിട്ടു. എം.എസ്.എഫ് പ്രവർത്തകർ മണ്ണാർക്കാട്ടും, മലപ്പുറത്തും, കോഴിക്കോട്ടും തെരുവിൽ ശക്തമായ പ്രകടനം നടത്തി. അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച കെ.ടി ജലീൽ മാപ്പ് പറയണമെന്നാണ് എം.എസ്.എഫിന്റെ ആവശ്യം. ഇതോടെ ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ ജലീലിന്റെ പേരിൽ സ്വമേധയാ കേസ്സെടുത്തു.
വിദ്യാർത്ഥികൾ പറയുന്നത്
മണ്ണാർക്കാടിലെ അനുമോദന ചടങ്ങ് വിവാദമായതോടെ, അവിടെ പങ്കുകൊണ്ട വിദ്യാർത്ഥികളെ തേടി ചാനൽ പ്രവർത്തകരുടെ നെട്ടോട്ടമായിരുന്നു പിന്നീട്. പലരും കിണഞ്ഞ് പരിശ്രമിച്ചിട്ടും വിദ്യാർത്ഥികൾ അവരുടെ നിലപാടിൽ ഉറച്ച് നിന്നു. അതേസമയം എം.എസ്.എഫ് വിഷയത്തിൽ നിന്ന് പിൻമാറാനും തയ്യാറായല്ല. അനുമോദനച്ചടങ്ങിൽ തങ്ങളെ ആരും അപമാനിച്ചിട്ടില്ലെന്നാണ് വിദ്യാർത്ഥികളും, രക്ഷിതാക്കളും കട്ടായം പറയുന്നത്. ജലീൽസാർ മൂന്നാല് സെക്കന്റുകൾ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. വേദനിപ്പിച്ചതുമില്ല. ഞങ്ങളുടെ സാറൻമാർ ചെയ്യുന്നത് പോലുള്ള അനുഭവമായിരുന്നു അത്. അതേ ഞങ്ങൾക്ക് തോന്നിയതുള്ളൂവെന്നും, അദ്ദേഹത്തിന്റെ പെരുമാറ്റം അപമാനിക്കലായി തോന്നിയില്ലെന്നുമാണ് അനുമോദനച്ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറയുന്നത്.
കെ.ടി ജലീൽ ഭാഷ്യം
പന്ത്രണ്ടര വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അധ്യാപകനായി പ്രവർത്തിച്ച വ്യക്തിയാണ് താൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് താൻ അധ്യാപന ജീവിതത്തോട് വിടപറഞ്ഞത്. വിദ്യാർത്ഥികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിലുപരി എന്നിലെ അദ്ധ്യാപകനാണ് ആ സമയത്ത് ഉയർന്നു നിൽക്കാറ്. വിവിധ തരത്തിലുള്ള അനുമോദനച്ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഏകപക്ഷീയമായി പ്രസംഗിക്കുന്ന വ്യക്തിയല്ല താൻ. വിദ്യാർത്ഥികളോടും, രക്ഷിതാക്കളോടും സംവദിച്ചാണ് മണ്ണാർക്കാട്ടെ ചടങ്ങിൽ താൻ പ്രസംഗിച്ചത്. നടപ്പുകാലത്ത് വായന കുറഞ്ഞ പ്രവണതയിൽ പറഞ്ഞ് തുടങ്ങി ബഷീർകൃതികളെക്കുറിച്ചും, പൊതു വിദ്യാലയങ്ങളും, സ്വകാര്യ വിദ്യാലയങ്ങളും തമ്മിലുള്ള അന്തരത്തെക്കുറിച്ചും, കുട്ടികൾ ആർജ്ജിക്കുന്ന അക്കാദമിക് അറിവ് പ്രായോഗിക വേളയിൽ എത്രത്തോളം ഉപകരിക്കുന്നുണ്ടെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്താനുമാണ് ഉദ്ഘാടന പ്രസംഗത്തിനിടെ ഏതാനും കുട്ടികളെ വേദിയിലേക്ക് വിളിച്ചത്. വിദ്യാർത്ഥികളിലുണ്ടായ അക്ഷരപ്പിഴവുകൾ ഒരു ഫലിത രൂപത്തിലാണ് ഞാനവരെ ബോധ്യപ്പെടുത്തിയത്. അവിടെ സമ്മേളിച്ച എല്ലാ കുട്ടികൾക്കും, രക്ഷിതാക്കൾക്കും അത് ബോധ്യമുള്ളതുമാണ്. കുട്ടികളുടെ കഴിവുകൾക്കൊപ്പം, അവരുടെ കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാൻ ശ്രമിയ്ക്കാറുണ്ട്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. ചടങ്ങിന്റെ വീഡിയോ പൂർണ്ണമായും കണ്ടാൽ ആർക്കുമത് ബോധ്യമാകും. കുട്ടികളുടെ തെറ്റുകൾ എക്‌സ്‌പോസ് ചെയ്ത് തമാശ രൂപേണ പറയുന്നത് അവരെ അപമാനിക്കലല്ല. അവരെ ബോധ്യപ്പെടുത്തലാണ്. കുട്ടികളിൽ പിഴവ് കണ്ടാൽ, ആ പിഴവ് ചൂണ്ടിക്കാണിച്ച് തിരുത്തിക്കുക എന്നതാണ് നമ്മുടെ കടമ. അക്ഷരങ്ങളെ വെറുക്കുന്നവർക്ക് അത് മനസ്സിലാകണമെന്നില്ല. അത് കൊണ്ടാണ് 'മയയും, കുയിയും, പുയ'യുമൊക്കെ ഉണ്ടാകുന്നത്. രാഷ്ട്രീയപ്പക തലയ്ക്ക് പിടിച്ചവർ, കുട്ടികളോടുള്ള വാത്സല്യ സമീപനത്തെ ക്രൂരതയായി ദുർവ്യഖ്യാനം ചെയ്യുകയാണ്. എന്റെ പ്രസംഗം കഴിഞ്ഞ് ജേതാക്കൾക്ക് എല്ലാവർക്കും മെമെന്റോ നൽകിയ ശേഷമാണ് ഞാൻ വേദി വിട്ടത്. സംഭവത്തെക്കുറിച്ച് കെ.ടി ജലീൽ പ്രതികരിച്ചത് ഇപ്രകാരമാണ്.
'രാമൻകുളം പക'
മുസ്ലിംലീഗിൽ നിന്ന് പുറത്ത് പോയ ഒരാൾ പോലും പിന്നീട് കേരള രാഷ്ട്രീയത്തിൽ വാണിട്ടില്ല. അതേസമയം കെ.ടി ജലീൽ മലപ്പുറത്ത് നാല് തവണ ലീഗിനെ വെല്ലുവിളിച്ചും, അത്ഭുതപ്പെടുത്തിയും വിജയിച്ചു എന്ന് മാത്രമല്ല, കേരളത്തിലെ മന്ത്രിയുമായി. പഴയ 'നാടുവാഴിക്കഥ-രാമൻകുളം പക' ജലീലിനോട് അത്രമേൽ സാമ്യമുള്ളതാണ്. കഥയിലെ നാടുവാഴി മരിച്ചപ്പോൾ അയാളുടെ മകൻ നാടുവാഴിയായി. പുതിയ നാടുവാഴിയുടെ പ്രഥമ തീരുമാനം അവിടുത്തെ ഒരു കൃഷിക്കാരന്റെ മകനെ ഒരു പകൽ മുഴുവൻ കടുത്ത വെയിലത്ത് നിർത്തുക എന്നതായിരുന്നു. എന്താണ് കാര്യമെന്ന് ആർക്കും പിടി കിട്ടിയില്ല. ചിലർ നാടുവാഴിയോട് ഇതേക്കുറിച്ച് തിരക്കി. എന്നാൽ നാടുവാഴി ഒന്നും പ്രതികരിച്ചില്ല. 'രാമൻകുള'മാണ് ഇതിന്റെയെല്ലാം കാരണം. നാടുവാഴിയുടെ വൃദ്ധനായ ഭൃത്യൻ ആരും കേൾക്കാതെ അയാളോട് പറഞ്ഞു. ആ നാട്ടിലെ പൊതുകുളമായിരുന്നു രാമൻകുളം. പുതിയ നാടുവാഴിയും, കൃഷിക്കാരന്റെ മകനും കുട്ടിക്കാലത്ത് രാമൻകുളത്തിൽ കുളിച്ച് മദിക്കുമ്പോൾ കൃഷിക്കാരന്റെ മകൻ കൂട്ടുകാരനെ വെള്ളത്തിൽ പിടിച്ചു മുക്കിയിരുന്നു. നാടുവാഴിയുടെ മകനായ കൂട്ടുകാരൻ അന്ന് കുറെയേറെ കഷ്ടപ്പെട്ടു. അതിനുള്ള പ്രതികാരമാണ് അധികാരം ലഭിച്ചതോടെ പുതിയ നാടുവാഴി കൃഷിക്കാരനെ വെയിലത്ത് നിർത്തിയത്. എന്നാൽ അത് തുറന്ന് പറയാൻ നാടുവാഴിക്ക് കുറച്ചിലാണ് താനും. കെ.ടി ജലീലിനോടുള്ള ലീഗുകാരുടെ പക ഈ നാടുവാഴിയുടെ നിലപാടിന് സമാനമാണ്. മുസ്ലിംലീഗുകാരുടെ പക ഒന്നു മാത്രം. 'കുറ്റിപ്പുറം എന്ന രാമൻകുളം.!'
1987-ലെ നിയമസഭാ തെഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ പരേതനായ കൊരമ്പയിൽ അഹമ്മദ് ഹാജിക്ക് 30,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച മണ്ഡലമായിരുന്നു കുറ്റിപ്പുറം. സംസ്ഥാനത്ത് രണ്ടാമത്തെ വലിയ ഭൂരിപക്ഷമായിരുന്നു അത്. ഒന്നാം സ്ഥാനം താനൂർ മണ്ഡലത്തിൽ മത്സരിച്ച ഇ അഹമ്മദിനായിരുന്നു. 36,000 വോട്ടുകൾ. ലീഗ് ശക്തിയിൽ രണ്ടാം സ്ഥാനത്തുള്ള കുറ്റിപ്പുറം മണ്ഡലത്തിൽ 2006-ൽ 9000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിംലീഗിന്റെ 'ഓൾ ഇൻ ഓളാ'യ കുഞ്ഞാലിക്കുട്ടിയെ കെ.ടി ജലീൽ മലർത്തിയടിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഏത് മണ്ഡലത്തിൽ മത്സരിച്ചാലും അവിടെ താൻ എതിരിൽ മത്സരിക്കും എന്ന് വെല്ലുവിളിച്ച് കൊണ്ടായിരുന്നു ജലീലിന്റെ അരങ്ങേറ്റം. അന്നത്തെ തെരഞ്ഞെടുപ്പ് വേളയിൽ മാധ്യമം പത്രത്തിൽ ഒരു ബോക്‌സ് വാർത്തയായി കുഞ്ഞാലിക്കുട്ടിയുടെ ഒരു പ്രസ്താവനയും അച്ചടിച്ച് വന്നിരുന്നു. ''കുഴിയാന മദിച്ചാൽ മദയാനയാകില്ല'' എന്നതായിരുന്നു ആ പ്രസ്താവന. വോട്ടുകൾ എണ്ണിത്തീർന്നതോടെ, കെ.ടി ജലീൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തൽ മാത്രമായി അത് ഒതുങ്ങിയില്ല. 'മുസ്ലിംലീഗിന്റെ ചരിത്ര ഞെട്ടൽ' കൂടിയായിരുന്നു അത്.
കുറ്റിപ്പുറം മണ്ഡലത്തിലെ അവസാനത്തെ എം.എൽ.എ ആയിരുന്നു കെ.ടി ജലീൽ. കുറ്റിപ്പുറം മണ്ഡലം ഇല്ലാതായ ശേഷം പുതുതായി രൂപം കൊണ്ട 'തവനൂർ' മണ്ഡലത്തിലാണ് പിന്നീട് ജലീൽ മത്സരിച്ചത്. എന്നാൽ ജലീലിനോട് മത്സരിക്കാൻ മുസ്ലിംലീഗ് തയ്യാറായില്ല. ആ സീറ്റ് കോൺഗ്രസ്സിന് നൽകി അവർ കളം ഒഴിഞ്ഞു. അങ്ങനെ മൂന്ന് തവണ തവനൂർ മണ്ഡലത്തിൽ ജലീൽ വിജയിച്ചു. പക്ഷേ ലീഗുകാർ ഒരിക്കലും പഴയ രാമൻകുളം പക മറന്നില്ല. ജലീൽ ഡോക്ടറേറ്റ് നേടിയത് കൃത്രിമമായിട്ടാണ് എന്നായിരുന്നു മുസ്ലിംലീഗിന്റെ ആദ്യത്തെ ആരോപണം. എന്നാൽ ജലീൽ ഡോക്ടറേറ്റ് നേടിയത് യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് തന്നെ ആയിരുന്നു. അതോടെ അത് ചീറ്റി. നടപ്പുകാലത്ത് 'ജലീൽ വിരോധം' പൂർവ്വാധികം ശക്തിയാർജ്ജിട്ടുണ്ട്. കാരണം ഇക്കാര്യത്തിൽ മുസ്ലിംലീഗും, ജമാഅത്തെ ഇസ്ലാമിയും 'ഭായി-ഭായി'മാരാണ് എന്നത് തന്നെ.
ഇരട്ട പിന്നാമ്പുറം
കെ.ടി ജലീൽ ഗുരുതരമായ അപരാധം ചെയ്ത പോലെ വിഷയം പർവ്വതീകരിച്ച് കൊട്ടി ഘോഷിക്കുകയാണ് ചില മാധ്യമങ്ങൾ. സോഷ്യൽമീഡിയായുടെ കാര്യം പറയുകയും വേണ്ട എന്ന അവസ്ഥയാണ്. 'സ്ഫടികം' എന്ന സിനിമയിൽ തിലകൻ അവതരിപ്പിച്ച 'കണക്ക് മാഷി'നെ പോലെ, വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ച് വരുത്തി കെ.ടി ജലീൽ പരസ്യ വിചാരണ നടത്തി ആ കുട്ടിയുടെ ചെവിയിൽ നുള്ളി വേദനിപ്പിച്ചു എന്നതാണ് വ്യാഖ്യാനം. പ്രസംഗവേളയിൽ കെ.ടി ജലീൽ ചിരിച്ചുകൊണ്ട് ഒരു ആൺകുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് വസ്തുത തന്നെയാണ്. ആ സമയം ആ കുട്ടിയും സന്ദർഭം ഉൾക്കൊണ്ട് ചിരിക്കുന്നുണ്ട്. വസ്തുതകൾ പരിശോധിച്ച് യാഥാർത്ഥ്യ ബോധത്തോടെ വേണം ഈ വിഷയത്തെ സമീപിക്കാൻ. വർഷങ്ങളോളം അധ്യാപനരംഗത്ത് നിലകൊണ്ട ഒരാൾ പൊതു വേദിയിൽ വിദ്യാർത്ഥികളോട് നടത്തിയ ഇടപെടലുകൾക്ക് ദുർവ്യാഖ്യാനമുണ്ടാക്കി രാഷ്ട്രീയ ആയുധമാക്കുന്നത് ശരിയായ നിലപാടല്ല. വസ്തുതകൾ അടിസ്ഥാനമാക്കിയാകണം അഭിപ്രായ ഭിന്നതകൾ പ്രകടിപ്പിക്കാൻ. എം.എസ്.എഫ് പോലുള്ള വിദ്യാർത്ഥി സംഘടന ഇത്തരത്തിലുള്ള വിഷയങ്ങളിൽ വ്യക്തിഹത്യയോ, രാഷ്ട്രീയ നേട്ടമോ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും പലരും വീക്ഷിക്കുന്നു.
രണ്ട് പതിറ്റാണ്ടായി കെ.ടി ജലീലിന്റെ പേര് കേൾക്കുന്നതേ ലീഗുകാർക്ക് ചതുർത്ഥിയാണ്. അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമിക്കാർക്കും ഇതേ അവസ്ഥയാണ്. ഇപ്പോഴാകട്ടെ ജലീൽ സി.പി.എം അംഗവുമായി. അതോടൊപ്പം, അടുത്തിടെ ഒരു ചാനലിൽ പി ജയരാജന്റെ കൂടെ ജലീൽ നടത്തിയ രാഷ്ട്രീയ ചർച്ച മുസ്ലിംലീഗുകാരേയും, ജമാഅത്തെ ഇസ്ലാമിക്കാരേയും അത്രയേറെ പ്രകോപിച്ചിരുന്നു. മുസ്ലിംലീഗ് പുറമെ മതേതരത്തം പറഞ്ഞ്, അകമേ കടുത്ത വർഗ്ഗീയത പുലർത്തുന്നവരാണ് എന്നാണ് ജലീൽ പറഞ്ഞ് വെച്ചത്. പാർട്ടിയുടെ സ്വകാര്യ ഗ്രൂപ്പുകളിലും, അവർക്ക് വിശ്വാസമുള്ള കുടുംബ ഗ്രൂപ്പുകളിലും ഇക്കാര്യം വളരെ സുവ്യക്തമാണെന്നും ജലീൽ പറഞ്ഞിരുന്നു.
മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളിൽ മികച്ച വിജയം നേടിയ വദ്യാർത്ഥികൾക്കാണ് 'വിജയോത്സവം' അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. ഇടതുപക്ഷ മുന്നണി കൗൺസിലർ സഖാവ് മൻസൂറിന്റെ നേതൃത്വത്തിലായിരുന്നു ഇത് സംഘടിപ്പിച്ചത്. മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രത്തിൽ മുൻ നഗരസഭ ചെയർമാനെ രണ്ട് വോട്ടിന് പരാജയപ്പെടുത്തിയാണ് മൻസൂർ വാർഡിൽ തിളങ്ങിയത്. ഒരു വാർഡിനെ പ്രതിനിധീകരിക്കുന്നുവെങ്കിലും, അവിടെ മാത്രമായിട്ടില്ല, മൻസൂറിന്റെ പ്രവർത്തനം. തൊട്ടടുത്ത 3 വാർഡുകൾ കൂടി ഉൾപ്പെടുത്തിയായിരുന്നു ഇത്തവണത്തെ അനുമോദനച്ചടങ്ങ്. പൊതു സ്വീകാര്യതയും ഇതിനുണ്ടായി. ചടങ്ങ് ഉദ്ഘാടകനായി കെ.ടി ജലീൽ എത്തിയതോടെ ഒരു വിഭാഗത്തിന്റെ പ്രകോപനത്തിന് ഇരട്ട പിന്നാമ്പുറമുണ്ടായത് സ്വാഭാവികം. അനുമോദനച്ചടങ്ങിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരിക്കാം. എന്നാൽ ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ ഒരൊറ്റ ലക്ഷ്യം. ഒന്ന് മൻസൂർ മറ്റൊന്ന് മുസ്ലിംലീഗിന്റെ സ്ഥിരം ഇര കെ.ടി ജലീലും. കെ.ടി ജലീലിനെ ഇനി മണ്ണാർക്കാട്ട് കാലുകുത്താൻ അനുവദിക്കില്ലെന്ന് എം.എസ്.എഫ് പ്രഖ്യാപനം നടത്തി കഴിഞ്ഞു.
കടന്നാക്രമണം അനുവദിക്കില്ല
കെ.ടി ജലീൽ പങ്കെടുത്ത പൊതു പരിപാടിയുമായി ബന്ധപ്പെട്ട് മുസ്ലിംലീഗും, അവരുടെ വിദ്യാർത്ഥി സംഘടനയും വസ്തുതാ വിരുദ്ധമാ3യ പ്രചാരണമാണ് നടത്തുന്നത്. ജലീലിനെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കാനുള്ള നീക്കത്തെ അതിശക്തമായി ചെറുക്കും. മുസ്ലിംലീഗിൽ നിന്ന് ഇറങ്ങിയത് മുതൽ തുടങ്ങിയതാണ് ജലീലിനെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കുന്ന പ്രവണത. ലീഗിലെ കൊള്ളരുതായ്മകൾ തുറന്ന് കാട്ടിയതിന്റെ പകയാണ് അവർക്ക്. ഇന്നും അവരത് പിന്തുടരുന്നു. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത കളവുകളായിരുന്നു നാളിത് വരെ വിവാദങ്ങളാക്കി ഉയർത്തിക്കൊണ്ടുവന്നിരുന്നത്. അതെല്ലാം തന്നെ ദിവസങ്ങൾക്കുള്ളിൽ പൊളിയുന്നതിന്റെ ജാള്യത്തിൽ നിന്നാണ് ആവർത്തിച്ച് കൊണ്ടുള്ള കഥകൾ മെനയുന്നത്. അപ്രകാരം ഒറ്റപ്പെടുത്തി രാഷ്ട്രീയ വേട്ട നടത്താൻ സി.പി.ഐ എം അനുവദിക്കില്ല. മണ്ണാർക്കാട് വിഷയത്തിലും രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാകുമോ എന്നാണ് ലീഗിന്റെ നോട്ടം. ഇതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. അനുമോദനച്ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്കില്ലാത്ത തേങ്ങലാണ് മുസ്ലിംലീഗിനുള്ളത്. സി.പി.ഐ എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
ട്രോളുകളിൽ രൂപപ്പെട്ട അക്ഷരത്തെറ്റും നാക്കുപിഴയും
വി.ഡി സതീശൻ സർക്കാർ അധികാരമേറ്റ് മാസങ്ങൾ തികയുന്നതിന് മുമ്പായി തന്നെ സോഷ്യൽ മീഡിയായിൽ 'ട്രോളുകളുടെ ചാകര' ആയിരുന്നു. എല്ലാം തന്നെ മുസ്ലിംലീഗ്് മന്ത്രിമാരുടെ സംഭാവനയായിരുന്നു എന്നത് തീർത്തും യാദൃച്ഛികം. വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്റെ വാക്കുപിഴവ് ''തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തി നാല്'' എന്നായിരുന്നു. 15 06 2026 എന്ന തീയതി മന്ത്രി ഷാജി 'പണക്കണക്ക്' രൂപത്തിലാണ് വായിച്ചത്. നിയമസഭയിൽ മന്ത്രി ബഷീർ പറഞ്ഞത് 'മയ പെയ്താൽ റോടിൽ കുയി' ഉണ്ടാകും എന്നതാണ്. മന്ത്രി കുഞ്ഞാലിക്കുട്ടി കേരളം എന്നെഴുതിയത് 'കോരളം' എന്നായിരുന്നു. ടെൻഷൻ കാരണം സ്‌പെല്ലിംഗ് തെറ്റി എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. ബോധപൂർവ്വമോ, അല്ലാതെയോ ആ പ്രയോഗം, അതായത് 'ടെൻഷൻ കാരണം സ്‌പെല്ലിംഗ് തെറ്റരുത്' എന്നാണ് മണ്ണാർക്കാട്ടെ അനുമോദന വേദിയിൽ വെച്ച് ജലീൽ വിദ്യാർത്ഥിയെ ഉപദേശിച്ചതും. ഇതുമാത്രം പോരേ 'പൊടിപൂരത്തിന്'....?











