
കാസർകോട് അഴീക്കാലിൽ ശൈശവ വിവാഹം. സംഭവവുമായി ബന്ധപ്പെട്ട് അഴീക്കാൽ സ്വദേശിയായ വരനടക്കം നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹത്തിന് കാർമികത്വം വഹിച്ച ഖത്തീബ്, മസ്ജിദ് കമ്മിറ്റി സെക്രട്ടറി, വരൻ, വധുവിന്റെ പിതാവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ 13-നാണ് 16 വയസ്സുള്ള പെൺകുട്ടിയെ 28-കാരൻ വിവാഹം കഴിച്ചത്. അഴീക്കാൽ ജുമാമസ്ജിദിലാണ് നിക്കാഹ് നടന്നത്.
ആദ്യം പെൺകുട്ടിയുടെ നാട്ടിൽ വിവാഹം നടത്താനായിരുന്നു പദ്ധതി. എന്നാൽ മഹല്ല് കമ്മിറ്റി ഇതിനെ എതിർത്തു. ഇതോടെയാണ് യുവാവിന്റെ നാട്ടിലേക്ക് നിക്കാഹ് മാറ്റിയത്. ആദ്യം വരനെതിരെ മാത്രമായിരുന്നു കേസ്. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് മറ്റുള്ളവരുടെ പേരിൽകൂടി കേസെടുത്തത്.
മഹല്ല് കമ്മിറ്റി സെക്രട്ടറി സ്ഥലത്തെ വാർഡ് മെമ്പർകൂടിയാണ്. ഇയാൾ പള്ളിയിലെ സിസിടിവി തെളിവുകൾ നശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഖത്തീബിനെ തെറ്റിദ്ധരിപ്പിച്ചാണ് നിക്കാഹ് നടത്തിച്ചതെന്നും വാദങ്ങൾ ഉയർന്നിട്ടുണ്ട്.









