
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്ക് നിർബന്ധിത അവധി. ഡോ. ബിന്ദു സുന്ദറിനോട് അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീന നിർദേശം നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഡയറക്ടർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറിനെ അവധിയിൽ പ്രവേശിപ്പിച്ചത്.
പാലോട് സ്വദേശികളായ നിരഞ്ജനയും ബിനിലും ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിരഞ്ജനയെ ഇന്ന് പുലർച്ചെ പരിശോധനയ്ക്കായി ലേബർ റൂമിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പിന്നാലെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞിന്റെ മരണത്തിൽ ചികിത്സാപിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. വേദനയില്ലാതിരുന്ന നിരഞ്ജനയെ പുലർച്ചെ തന്നെ ലേബർ റൂമിലേക്ക് മാറ്റിയതായും, മണിക്കൂറുകളോളം അവിടെ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തും. ഡോ. ബിന്ദു സുന്ദറിനെതിരെ ലഭിച്ചിരിക്കുന്ന എല്ലാ പരാതികളും പരിശോധിക്കുമെന്നും, ഇതിൽ രണ്ടധികം പരാതികൾ കൂടി ഡിഎംഒയ്ക്ക് ലഭിച്ചതായും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
സംഭവത്തെ തുടർന്ന് ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനെയും തടഞ്ഞുവെച്ച് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയത്.










