07:48pm 16 May 2026
NEWS
വിരമിക്കും മുമ്പേ ചീഫ് സെക്രട്ടറിക്ക് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്; വിവാദം കത്തുന്നു
16/05/2026  01:17 PM IST
nila
വിരമിക്കും മുമ്പേ ചീഫ് സെക്രട്ടറിക്ക് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്; വിവാദം കത്തുന്നു

 

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ പെൻഷൻ ആനുകൂല്യങ്ങൾ അസാധാരണ വേഗത്തിൽ അനുവദിച്ച സർക്കാർ ഉത്തരവ് വിവാദമാകുന്നു. വിരമിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെയാണ് ജയതിലകിന്റെ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന ജയതിലകിനെതിരെ പുതിയ സർക്കാർ ഭാവിയിൽ നടപടി സ്വീകരിച്ചാലും പെൻഷൻ ആനുകൂല്യങ്ങൾ തടസപ്പെടാതിരിക്കാനാണ് തിടുക്കപ്പെട്ട നീക്കമെന്ന വിമർശനമാണ് ഉയരുന്നത്. 

ജൂൺ 30നാണ് ജയതിലക് സർവീസിൽ നിന്ന് വിരമിക്കുന്നത്. എന്നാൽ വിരമിക്കാൻ രണ്ട് മാസം ബാക്കിയിരിക്കെ, ഏപ്രിൽ 28ന് തന്നെ ധനവകുപ്പ് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത് അസാധാരണമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. ജയതിലകിനെതിരെ വകുപ്പുതല അച്ചടക്ക നടപടികളോ വിജിലൻസ് അന്വേഷണങ്ങളോ കേസുകളോ നിലവിലില്ലെന്നും ജൂലൈ 1 മുതൽ പെൻഷൻ അനുവദിക്കാമെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഇതിനിടെ, സസ്പെൻഡ് ചെയ്യപ്പെട്ട എൻ. പ്രശാന്ത് അടക്കമുള്ള ഉദ്യോഗസ്ഥർ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, പുതിയ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചാലും പെൻഷൻ തടസപ്പെടാതിരിക്കാനുള്ള മുൻകരുതലായാണ് ഈ നീക്കമെന്ന ആരോപണവും ശക്തമാകുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് ഉത്തരവിറക്കിയത് ജയതിലകിന് സംരക്ഷണം ഒരുക്കാനാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img