11:41pm 12 November 2026
NEWS

മുഖ്യമന്ത്രി പദവി: രമേശ് ചെന്നിത്തലയെ പിന്തുണച്ച് കൂടുതൽ കോൺ​ഗ്രസ് നേതാക്കൾ രം​ഗത്ത്

25/03/2026  11:16 AM IST
nila
 മുഖ്യമന്ത്രി പദവി: രമേശ് ചെന്നിത്തലയെ പിന്തുണച്ച് കൂടുതൽ കോൺ​ഗ്രസ് നേതാക്കൾ രം​ഗത്ത്

കോട്ടയം: മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺ​ഗ്രസിൽ തർക്കം രൂക്ഷമാകുന്നെന്ന് സൂചന. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം കോൺ​ഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായി തന്നെ ഉയർത്തുന്നത് ഇതിന്റെ ഭാ​ഗമായെന്നാണ് വിവരം. കഴിഞ്ഞ ദിവസം കെ സുധാകരനാണ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനും സമാനമായ പ്രസ്താവനയുമായി രം​ഗത്തെത്തി. 

തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ രമേശ്‌ ചെന്നിത്തല വേദിയിൽ ഇരിക്കെയാണ് പി ജെ കുര്യന്റെ പ്രസ്താവന.യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ‌‌രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും എന്നായിരുന്നു പി ജെ കുര്യന്റെ പ്രസ്താവന.  യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുക എന്നുമായിരുന്നു പിജെ കുര്യന്റെ വാക്കുകൾ. എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ്‌ ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ്‌ ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു. 

അതേസമയം, നിലവിൽ കോൺ​ഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവി സംബന്ധിച്ച ചർച്ചകൾ നടക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതികരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് ഇവർ പറയുന്നനത്. അതിനിടെയാണ് പി ജെ കുര്യന്റെ പരസ്യ പ്രസ്താവന വന്നിരിക്കുന്നത്. 

മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം വി ‍ഡി സതീശനും പറഞ്ഞിരുന്നു. കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ലെന്നും കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ഒരു നേതാവിനെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സതീശൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img