
മേപ്പാടി: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ദിഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരന്തത്തിൽപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി അവിടെയുള്ളവരുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
തുടർന്ന് കള്ളാടിയിലെ ദുരന്തമേഖല സന്ദർശിച്ച ശേഷം മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തി ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെയും മുഖ്യമന്ത്രി സന്ദർശിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ തേടുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
സന്ദർശനത്തിന് പിന്നാലെ കല്പറ്റ കളക്ട്രേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും യോഗത്തിൽ വിലയിരുത്തും. യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
നിലവിൽ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴുപേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മറ്റ് അഞ്ചുപേരെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.










