05:52pm 29 July 2026
NEWS
മേക്കെദാട്ടിൽ കർണാടകത്തിന് അണ കെട്ടാമെന്ന് കേന്ദ്രമന്ത്രി ലോകസഭയിൽ നിരാശാജനകമെന്ന്‌ മുഖ്യമന്ത്രി വിജയ്
29/07/2026  04:27 PM IST
വിഷ്ണുമംഗലം കുമാർ
മേക്കെദാട്ടിൽ കർണാടകത്തിന് അണ കെട്ടാമെന്ന്  കേന്ദ്രമന്ത്രി ലോകസഭയിൽ    നിരാശാജനകമെന്ന്‌ മുഖ്യമന്ത്രി വിജയ്

ബംഗളുരു: കാവേരിനദിയുടെ തമിഴ്നാട് അതിർത്തിയായ മേക്കെദാട്ടിൽ അണക്കെട്ട് പണിയുമെന്ന് കർണാടകം പ്രഖ്യാപിച്ചത് 2019 ലാണ്. എന്നാൽ കാവേരിയിലെ നീരൊഴുക്ക് തടസ്സപ്പെടുമെന്നും തമിഴ്നാട്ടിലെ കൃഷിക്കാർക്ക് വെള്ളം കിട്ടാതാകുമെന്നും ചൂണ്ടിക്കാട്ടി എം കെ സ്റ്റാലിൻ ഗവൺമെന്റ് ആ പ്രൊജക്ടിനെ ശക്തമായി എതിർത്തിരുന്നു. ആ നിലപാടാണ് തമിഴ്നാട്ടിൽ ഈ വർഷം അധികാരത്തിൽ വന്ന വിജയ് ഗവണ്മെന്റും തുടരുന്നത്. കാവേരി തർക്കത്തിൽ 2018 ഫെബ്രവരി 16 ന് സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമ ഉത്തരവ് പ്രകാരം ഉപരി നദീതട സംസ്ഥാനമായ കർണാടകയ്ക്ക് കുടിവെള്ളത്തിന്റെ ആവശ്യത്തിനായി ചെറിയ അണ കെട്ടാം. ബംഗളുരുവിലേക്ക് കുടിവെള്ളം എത്തിക്കാനാണ് കർണാടകം മേക്കെദാട്ടിൽ അണക്കെട്ട് നിർമ്മിക്കുന്നത്. മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ കനകപുര മണ്ഡലത്തിലാണ് മേക്കെദാട്ട്. അദ്ദേഹത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണത്. ശിവകുമാറും തമിഴ്നാട് മുഖ്യമന്ത്രി വിജയും മേക്കെദാട്ട് വിഷയം നേരിട്ട് ചർച്ച ചെയ്യുമെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും ഇരുവരും ഇതുവരെ മീറ്റ് ചെയ്തിട്ടില്ല. ലോകസഭയിൽ ഇക്കഴിഞ്ഞ ദിവസം പി എം കെ പ്രതിനിധി അൻപുമണി രാമദാസ് ഈ വിഷയം ചോദ്യമായി ഉന്നയിച്ചിരുന്നു.  മേക്കെദാട്ടിൽ അണക്കെട്ട് നിർമ്മിക്കുന്നതിന് കർണാടകത്തിന് ഇതര കാവേരി നദീതട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന മറുപടിയാണ് കേന്ദ്ര ജലവിഭവ മന്ത്രി രാജ് ഭൂഷൻ ചൗധരി രേഖാമൂലം നൽകിയത്.കേന്ദ്ര നിലപാട് നിരാശാജനകമാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതിയിട്ടുണ്ട്. കർണാടകം സമർപ്പിച്ച ഡി പി ആർ ചില കൂട്ടിച്ചേർക്കലുകൾ വരുത്താനായി തിരിച്ചുകൊടുത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിലപാട് തങ്ങൾക്ക് അനുകൂലമായതിൽ സന്തോഷിക്കുന്ന കർണാടകം തമിഴ്നാടിന്റെ എതിർപ്പ് കാര്യമാക്കാതെ മേക്കെദാട്ട് പ്രൊജക്റ്റുമായി മുന്നോട്ടുപോവുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img