04:42pm 13 May 2026
NEWS
മുഖ്യമന്ത്രി വിജയിന്റെ രാഷ്ട്രീയചാതുര്യം; അണ്ണാ ഡി എം കെ യിലെ പ്രബല വിഭാഗവും ടിവികെയോടൊപ്പം
13/05/2026  10:29 AM IST
വിഷ്ണുമംഗലം കുമാർ
മുഖ്യമന്ത്രി വിജയിന്റെ രാഷ്ട്രീയചാതുര്യം; അണ്ണാ ഡി എം കെ യിലെ പ്രബല വിഭാഗവും ടിവികെയോടൊപ്പം

നപ്രിയ സൂപ്പർസ്റ്റാർ ജോസഫ് വിജയിന്റെ രാഷ്ട്രീയപ്രവേശത്തെ തുടക്കം മുതൽ എതിർത്തതും അത് നടക്കാതിരിക്കാൻ കരുനീക്കിയതും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കെ സ്റ്റാലിനും അദ്ദേഹം നേതൃത്വം കൊടുത്ത ഡി എം കെയുമായിരുന്നു. എന്നാൽ അതൊന്നും മനസ്സിൽ വെക്കാതെ അധികാരവും പ്രതാപവും നഷ്ടപ്പെട്ട സ്റ്റാലിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി സന്ദർശിക്കാൻ പുതിയ മുഖ്യമന്ത്രി വിജയ് കാട്ടിയ രാഷ്ട്രീയചാതുര്യം പ്രശംസനീയമാണ്. അതിന്റെ പിന്നിൽ മറ്റു ചില അടിയൊഴുക്കുകളും ഉണ്ടായിരുന്നു. വിജയിന്റെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് കുറവുണ്ടെന്ന് കണ്ടപ്പോൾ ഡി എം കെ യുമായി ധാരണയുണ്ടാക്കി കൂട്ടുകക്ഷി ഗവണ്മെന്റ് രൂപീകരിക്കാൻ മറ്റൊരു പ്രബലകക്ഷിയായ അണ്ണാ ഡിഎംകെയുടെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി(ഇപിഎസ്‌) കൊണ്ടുപിടിച്ചു ശ്രമിച്ചിരുന്നു. ആറുപതിറ്റാണ്ടായി തമിഴ് നാട്ടിൽ പരസ്പരം പോരാടുന്ന കക്ഷികളാണ് ഡിഎംകെയും അണ്ണാ ഡിഎംകെയും. അധികാരക്കൊതിയാണ് ആ രാഷ്ട്രീയ മലക്കംമറിച്ചലിന് ഇപി എസ്സിനെ പ്രേരിപ്പിച്ചത്. എന്നാൽ ഒട്ടും ആശാസ്യമല്ലാത്ത ആ നീക്കത്തിന് സ്റ്റാലിൻ അനുകൂലമായിരുന്നില്ല. ഈ കാര്യമൊക്കെ കേവല ഭൂരിപക്ഷത്തിന് വേണ്ടി പെടാപ്പാട് പെടുന്നതിനിടയിൽ വിജയ് അറിയുന്നുണ്ടായിരുന്നു. വിജയിന്റെ അടുത്ത സഹായിയും ഇപ്പോൾ മന്ത്രിയുമായ ആദവ് അർജുന അണ്ണാ ഡിഎംകെ എംഎൽഎ ലീമ റോസിന്റെ മരുമകനാണ്. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ പത്നിയാണ് അതി സമ്പന്നയായ ലീമ റോസ്. ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയ്‌ക്ക് ഒരു ജനപ്രിയ നേതാവിന്റെ കുറവുണ്ട്. ഒ.പനീർ ശെൽവത്തെ(ഒപിഎസ്‌) ഒതുക്കിയാണ് ജയലളിതയ്ക്ക് ശേഷം ഇപിഎസ്സ് മുഖ്യമന്ത്രിയായത്. 2021വരെ ജയലളിത നേടിക്കൊടുത്ത ഭൂരിപക്ഷത്തിന്റെ അനുകൂല സാഹചര്യം ഇ പി എസ്സിന് ഉണ്ടായിരുന്നു. എന്നാൽ 2021 ൽ അണ്ണാ ഡി എം കെ യെ തറപറ്റിച്ച് അധികാരം പിടിച്ചത് സ്റ്റാലിന്റെ ഡിഎംകെ യായിരുന്നു. ഇ പി എസ്സ് പുകച്ചുചാടിച്ച ഒപിഎസ്‌ ഡി എം കെയിലേക്ക് പോയിരുന്നു. അവിടെയും അദ്ദേഹം ഒതുക്കപ്പെടുകയായിരുന്നു. ഇത്തവണയാകട്ടെ ഡി എം കെ യെ തകർത്തത് വിജയിന്റെ ടിവി കെയാണ്. അണ്ണാ ഡി എം കെ യ്‌ക്ക് ലഭിച്ചത് 47 സീറ്റുകളാണ്. ആ പാർട്ടി നേതൃത്വം കൊടുത്ത എൻ ഡി എയ്‌ക്ക് ആകെ കിട്ടിയത് 53 സീറ്റുകളാണ്. എൻ ഡി എയിൽ നിന്ന് വിട്ടുപോയിരുന്ന അണ്ണാ ഡിഎംകെ കഴിഞ്ഞ വർഷമാണ് വീണ്ടും തിരിച്ചെത്തിയത്. ഡി എം കെയ്‌ക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും സ്റ്റാലിൻ തന്നെ കുളത്തുരിൽ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇ പി എസ്സിന്റെ രാഷ്ട്രീയ അഭ്യാസം. എന്നാൽ ആ അവിഹിത കൂട്ടു കച്ചവട നീക്കം മിക്ക അണ്ണാ ഡി എം കെ എം എൽ എമാർക്കും ഇഷ്ടപ്പെട്ടില്ല. ലീന റോസ് മാർട്ടിൻ രംഗത്തിറങ്ങുകയും 47 ൽ 31 എം എൽ എമാരെ വിജയ് പക്ഷത്തേക്ക് എത്തിക്കുകയുമാണ് ഉണ്ടായത്. മൂന്നിൽ രണ്ടു ഭാഗം മാറിയതോടെ കൂറുമാറ്റ നിയമ തടസ്സങ്ങൾ അതിജീവിക്കാൻ സി വി ഷണ്മുഖം, എസ്‌ പി വേലുമണി എന്നിവർ നേതൃത്വം കൊടുത്ത ഗ്രൂപ്പിന് കഴിഞ്ഞു എന്നു തന്നെയല്ല, തങ്ങളുടേതാണ് യഥാർത്ഥ അണ്ണാ ഡി എം കെ എന്ന് സ്ഥാപിക്കാനും അവർക്ക് അവസരം കൈവന്നിരിക്കുന്നു. ഈ ഇടപാടിൽ വൻ സാമ്പത്തിക കൈമാറ്റം ഉണ്ടായിട്ടുണ്ട്. അത് നിറവേറ്റിയത് അതി സമ്പന്നയായ ലീമ റോസ് മാർട്ടിനാണെന്ന് കരുതപ്പെടുന്നു. ഇന്നത്തെ വിശ്വാസ വോട്ടെടുപ്പിൽ ഈ വിഭാഗം വിജയിന്റെ ടി വി കെയ്‌ക്ക് അനുകൂലമായി വോട്ടുചെയ്യും. അതോടെ വിജയിന്റെ പിന്തുണ 150 ആയി ഉയരും. ഇ പി എസ്സിന്റെ എഴുപത്തിരണ്ടാം ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ഇരുളിലാക്കുന്ന ഈ സംഭവവികാസങ്ങൾ ഉണ്ടായത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img