07:09pm 14 November 2026
NEWS
സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പൂർണ ഗ്യാരണ്ടി ഉറപ്പാക്കും മുഖ്യമന്ത്രി വി ഡി സതീശൻ. 73 -ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം ഉദ്ഘാടനം നിർവഹിച്ചു
14/11/2026  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പൂർണ ഗ്യാരണ്ടി ഉറപ്പാക്കും മുഖ്യമന്ത്രി വി ഡി സതീശൻ. 73 -ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം ഉദ്ഘാടനം നിർവഹിച്ചു
HIGHLIGHTS

സംസ്ഥാന സഹകരണ യൂണിയന്റെയും സഹകരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരി സംറ ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുന്നു. സഹകരണ വകുപ്പ് മന്ത്രി എം ലിജു, ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ തുടങ്ങിയവർ സമീപം.

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണമായ നിക്ഷേപ ഗ്യാരണ്ടി ഉറപ്പാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പിൻ്റെയും  സംസ്ഥാന സഹകരണ യൂണിയൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 73 -ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരി സംറ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നിലവിലെ അഞ്ചു ലക്ഷം രൂപയുടെ ഗ്യാരണ്ടി ബാങ്ക് ലിക്വിഡേഷൻ നടപടികളിലേക്ക് കടന്നശേഷം മാത്രമാണ് ലഭ്യമാകുന്നത്. ഇത് നിക്ഷേപകർക്ക് മതിയായ സുരക്ഷിതത്വബോധം നൽകുന്നില്ല. ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതിനു സമാനമായ ഉറപ്പ് സഹകരണ മേഖലയിലും ഉണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തെത്തന്നെ ബാധിക്കുന്ന പ്രശ്നമാണ്. പെൻഷൻ തുക, വിരമിക്കൽ ആനുകൂല്യങ്ങൾ, ഭൂമി വിറ്റുകിട്ടുന്ന പണം, വിദേശജോലിയിലൂടെ സമ്പാദിച്ച തുക തുടങ്ങിയവയാണ് പലരും സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നത്. ഈ പണം നഷ്ടപ്പെട്ടാൽ അവരുടെ ജീവിതകാലത്തെ സമ്പാദ്യവും ഭാവി പ്രതീക്ഷകളുമാണ് ഇല്ലാതാകുന്നത്.  ജനങ്ങളുടെ പണം സംരക്ഷിക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ സ്വന്തം നിലയിൽ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും സത്യസന്ധരും ജനവിശ്വാസം നേടിയവരുമായ സഹകാരികളുണ്ട്.  സഹകരണ സ്ഥാപനങ്ങളിലേക്ക് ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ പാർട്ടികൾ സൂക്ഷ്മ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറ മുൻകാല സഹകാരികൾ കെട്ടിപ്പടുത്ത വിശ്വാസ്യതയാണ്. വായ്പ നൽകിയശേഷം തിരിച്ചടവ് ഉറപ്പാക്കാൻ വീടുകൾ കയറിയിറങ്ങുകയും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കുകയും ചെയ്ത സത്യസന്ധരായ സഹകാരികളുടെ പ്രവർത്തനമാണ് ജനങ്ങളിൽ വിശ്വാസമുണ്ടാക്കിയത്. ആ പാരമ്പര്യം തിരിച്ചുകൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു

സഹകരണ മേഖലയിൽ നിലവിലുള്ള പോരായ്മകൾ ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ പരിഹരിക്കണം. നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ല. ഇതിനായി സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സഹകരണ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം ആ പണം ഉത്പാദനപരമായ പദ്ധതികളിൽ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. നിക്ഷേപങ്ങൾ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന പണമായി മാറാതെ വിപണിയിൽ പുനഃചംക്രമണം നടത്തി കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ സൃഷ്ടിക്കണം. ഇതിനായി സഹകരണ സ്ഥാപനങ്ങൾക്ക് വരുമാനം ഉറപ്പുള്ള പദ്ധതികൾക്ക് ധനസഹായം നൽകാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇതിന്റെ ഭാഗമായി സപ്ലൈകോയെ കൂടുതൽ വരുമാനം നേടുന്ന സ്ഥാപനമാക്കി മാറ്റാനുള്ള നിർദേശം സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. സപ്ലൈകോയുടെ 13 അവശ്യസാധനങ്ങളുടെ സബ്‌സിഡിക്കായി സർക്കാർ പ്രതിവർഷം 1,500 മുതൽ 2,000 കോടി രൂപ വരെ ചെലവഴിക്കുന്നുണ്ട്. കാർഷിക വിളവെടുപ്പ് കാലത്ത് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ സംഭരിച്ച് വലിയ സംഭരണശാലകളിൽ സൂക്ഷിക്കുകയും പിന്നീട് ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്ന സ്വകാര്യ വിതരണക്കാരുടെ രീതിയാണ് നിലവിലുള്ളത്. ഇതിന് പകരമായി സപ്ലൈകോ തന്നെ സംഭരണശാലകൾ ഒരുക്കി വിളവെടുപ്പ് കാലത്ത് സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി സൂക്ഷിക്കണം. ആദ്യഘട്ടത്തിൽ 13 ഇനങ്ങളിൽ അഞ്ചെണ്ണം തിരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖല ബാങ്കിങ് പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല. മഹാരാഷ്ട്രയിലെ പഞ്ചസാര മേഖലയിലടക്കം സഹകരണ പ്രസ്ഥാനം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കേരളത്തിൽ വ്യവസായം, തൊഴിൽ, ആതുരശുശ്രൂഷ, നിർമാണം തുടങ്ങിയ മേഖലകളിലും സഹകരണ സ്ഥാപനങ്ങൾ വളർന്നിട്ടുണ്ട്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി ദീർഘകാല കാഴ്ചപ്പാടോടെ പ്രവർത്തിച്ചാൽ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന വലിയ പ്രസ്ഥാനമായി സഹകരണ മേഖലയെ മാറ്റാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലയിലെ നിക്ഷേപം ഉത്പാദനപരമായ പദ്ധതികളിലേക്ക് എത്തിക്കുന്നതിന് ബാങ്കുകൾക്ക് കൂട്ടായി നിക്ഷേപം നടത്താനുള്ള സംവിധാനവും വേണം. സപ്ലൈകോ സംഭരണശാലകൾ സ്ഥാപിക്കുന്നതുപോലുള്ള പദ്ധതികളിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് പങ്കാളികളാകാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശയടക്കം പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന രീതിയിലായിരിക്കണം പദ്ധതികൾ. ഇതിലൂടെ സഹകരണ ബാങ്കുകൾക്ക് വരുമാനം വർധിപ്പിക്കാനും വിപണിയിൽ കൂടുതൽ ഇടപെടലുകൾ നടത്താനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ കാഴ്ചപ്പാടോടെയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും സഹകരണ മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ പൂർണ പിന്തുണ ഇതിനുണ്ടാകും. സഹകരണ സ്ഥാപനങ്ങളും സഹകാരികളും പുതിയ പദ്ധതികളോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനവും ശിശുദിനവുമായ നവംബർ 14-നാണ് സഹകരണ വാരാഘോഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് അടിത്തറയിടുകയും വലിയ പ്രതീക്ഷകളോടെ അതിനെ വളർത്തുകയും ചെയ്ത നേതാവായിരുന്നു നെഹ്‌റു. അദ്ദേഹത്തിന്റെ സഹകരണ സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് നവംബർ 14 മുതൽ 20 വരെ രാജ്യവ്യാപകമായി സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ചടങ്ങിൽ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ സെമിനാറിൻ്റെ ഉദ്ഘാടനവും ലോഗോ തയ്യാറാക്കിയ പറവൂർ സഹകരണ കോളേജ് വിദ്യാർത്ഥി കെ എസ് അനന്ദുവിനുള്ള സമ്മാനദാനവും നിർവഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, എം പി മാരായ ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, ഫ്രാൻസിസ് ജോർജ്, എം എൽ എ മാരായ മനോജ് മൂത്തേടൻ, അൻവർ സാദത്ത്, ടോണി ചമ്മിണി, ദീപക് ജോയി, ടി ജെ വിനോദ് , മുഹമ്മദ് ഷിയാസ്, സഹകരണ സംഘം രജിസ്ട്രാറും സഹകരണ ഓഡിറ്റ് ഡയറക്ടറുമായ അനു എസ്. നായർ, അഡീഷണൽ രജിസ്ട്രാർ വി ആർ അനിൽ കുമാർ, ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ, കേരള ബാങ്ക് ചെയർമാൻ കെ മോഹനൻ മാസ്റ്റർ, മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ, സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സി കെ ഷാജി മോഹൻ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img