
മുളന്തുരുത്തി: പതിറ്റാണ്ടുകളായി തുടരുന്ന ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കത്തിന് പരിഹാരം കാണാൻ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇരു സഭാവിഭാഗങ്ങളും ഭിന്നതകൾ മാറ്റിവച്ച് സാഹോദര്യത്തോടെ ഒന്നിച്ചുനിൽക്കണമെന്നും ഇതിനായുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുളന്തുരുത്തി കുട്ടൻകുളങ്ങര പള്ളിയിൽ സ്നേഹദോസിന്റെ 180-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൂനഹദോസ് വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ ഒരുമിച്ചുനിന്നാൽ വലിയ ശക്തിയായി മാറുമെന്നും അത് കേരളത്തിന്റെ മുഖച്ഛായയിൽ തന്നെ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഭാതർക്കത്തിന് പരിഹാരം കാണണമെന്നതായിരുന്നു സമ്മേളനത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലെ പ്രധാന പ്രമേയവും. പരസ്പര ഐക്യത്തിലൂടെ ക്രിസ്തുവിന്റെ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും കാരുണ്യപ്രവർത്തനങ്ങൾ വിപുലമാക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും വലിയ മാതൃകകൾ സൃഷ്ടിക്കാൻ ഇരുവിഭാഗങ്ങൾക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി മമ്മൂട്ടിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ശത്രുത ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗം ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. ആരും പരസ്പരം കലഹിക്കാതെ അതിർവരമ്പുകളില്ലാതെ ജീവിക്കുന്ന ഒരു നല്ല കാലത്തിനായാണ് പ്രാർഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










