
തൊടുപുഴ: വിമാനയാത്രാ വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടുക്കിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ വിവാദത്തെക്കുറിച്ച് പ്രതികരണം തേടിയെങ്കിലും മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.
‘ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറിനിൽക്കൂ. ഇവരിൽനിന്ന് പരാതി സ്വീകരിക്കട്ടെ’ എന്നായിരുന്നു മാധ്യമങ്ങളോട് മുഖ്യമന്ത്രിയുടെ പ്രതികരണം. അവലോകന യോഗത്തിന് ശേഷം പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിക്കുന്നതിനിടെയായിരുന്നു സംഭവം.
മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വിമാനം ഉപയോഗിച്ച് യാത്ര ചെയ്തതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. സർക്കാരിനുവേണ്ടി കഴിഞ്ഞ മൂന്ന് വർഷമായി ഹെലികോപ്റ്റർ സേവനം നൽകിയിരുന്ന ചിപ്സൺ ഏവിയേഷനാണ് മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ ബിൽ വഹിക്കേണ്ടത്.
ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ചിപ്സൺ ഏവിയേഷന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രിക്ക് വിമാനസേവനം ലഭിച്ചതെന്നതാണ് പ്രധാന ആരോപണം. ഇതോടെയാണ് യാത്രയുടെ ചെലവും വിമാനത്തിന്റെ ഉടമസ്ഥതയും ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഷ്ട്രീയ വിവാദമായത്.
കർണാടക കോൺഗ്രസ് മന്ത്രി കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് മുഖ്യമന്ത്രി യാത്രയ്ക്കായി ഉപയോഗിച്ചത്. ഒരു പറക്കലിനായി കേളചന്ദ്ര ഏവിയേഷനിൽനിന്ന് ചിപ്സൺ ഏവിയേഷൻ വിമാനം വാടകയ്ക്ക് എടുക്കുകയായിരുന്നു.
ഈ യാത്രയ്ക്കായി കേളചന്ദ്ര ഏവിയേഷൻ ചിപ്സൺ ഏവിയേഷന് 19.88 ലക്ഷം രൂപയുടെ ഇൻവോയ്സ് നൽകിയതായാണ് വിവരം. വിമാനയാത്രയുടെ ചെലവ് ആരാണ് വഹിച്ചത്, ചിപ്സൺ ഏവിയേഷനുമായുള്ള സർക്കാർ കരാറിന്റെ പശ്ചാത്തലത്തിൽ ഈ സൗകര്യം എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ വിവാദത്തിന്റെ കേന്ദ്രം.










